കൊച്ചി: കാരായി സഹോദരന്മാരുടെ അവസ്ഥ ഒരു മനുഷ്യാവകാശ പ്രശ്‌നമായി ഉയര്‍ന്നു വരേണ്ടതുണ്ടെന്ന് എഴുത്തുകാരന്‍ എം.കെ സാനു. ചെയ്യാത്ത കുറ്റത്തിനു ദീര്‍ഘകാലം ജയില്‍വാസം അനുഭവിച്ച ശേഷം എറണാകുളം ജില്ല വിട്ട് പുറത്തുപോകരുതെന്ന ജാമ്യവ്യവസ്ഥയുടെ മറവില്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതിനിഷേധമാണ് അനുഭവിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
‘മറ്റൊരു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഫസല്‍ വധക്കേസിലെ യഥാര്‍ഥ പ്രതികള്‍ കുറ്റസ്സമ്മതം നടത്തിയിട്ടും അതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ സി.ബി.ഐ തയ്യാറാകാതിരിക്കുന്നതു മനുഷ്യത്വമില്ലായ്മയും നീതിരഹിതവുമാണ്.
ഏഴര വര്‍ഷമായി എറണാകുളം ജില്ല വിട്ട് പുറത്തുപോരാന്‍ അനുവദിക്കാതിരിക്കുന്നത് ഒരു വലിയ മനുഷ്യാവകാശ പ്രശ്‌നം തന്നെയാണ്. ഇതു നാടുകടത്തല്‍ എന്ന പ്രാകൃത രീതിയുടെ ആവര്‍ത്തനമാണ്.
തങ്ങളാണു കുറ്റം ചെയ്തതെന്നും തങ്ങളോടൊപ്പം ഉണ്ടായിരുന്നവരെക്കുറിച്ചും ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ചും ഉള്ള സുപ്രധാന വിവരങ്ങള്‍ അവര്‍ തന്നെ നല്‍കിക്കഴിഞ്ഞു.
മാത്രമല്ല, പ്രതിചേര്‍ക്കപ്പെട്ടവര്‍ പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പിങ് ഉള്‍പ്പെടെയുള്ള സര്‍വ ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറാണെന്നും സി.ബി.ഐയെ അറിയിച്ചു.
അതിനു തയ്യാറാകാത്തതും സത്യം കണ്ടെത്താന്‍ തുടരന്വേഷണം നടത്താന്‍ തയ്യാറാകാത്തതും ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യതയാണു ചോദ്യം ചെയ്യപ്പെടുന്നത്.’- അദ്ദേഹം പറഞ്ഞു.
‘യഥാര്‍ഥ പ്രതികള്‍ കുറ്റസ്സമതം നടത്തിയതിന്റെ വീഡിയോ സംസ്ഥാന പൊലീസ് മേധാവി തന്നെ സി.ബി.ഐയ്ക്കു കൈമാറിക്കഴിഞ്ഞിട്ട് രണ്ടു വര്‍ഷത്തിലധികമായി.
ഗുരുവായൂരിനടുത്ത് തൊഴിയൂരില്‍ ഒരു കൊലപാതകം നടന്ന് 25 വര്‍ഷത്തിനു ശേഷം യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യുന്ന സംഭവം അടുത്തകാലത്തു കേരളത്തിലുണ്ടായി.
ഇതിനിടയില്‍ പൊലീസ് അറസ്റ്റ് ചെയ്ത നിരപരാധികള്‍ നിരവധി വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തു. ചിലര്‍ രോഗബാധിതരായി മരണമടഞ്ഞു. കേരളം ഞെട്ടലോടെ മനസ്സിലാക്കിയ വസ്തുതകളാണിത്. ഇവരുടെ നഷ്ടങ്ങള്‍ക്കും വേദനകള്‍ക്കും ആരാണുത്തരം പറയുക?
ഇത്തരം സാഹചര്യങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസിനും നീതിന്യായ സംവിധാനങ്ങള്‍ക്കും കടമയുണ്ടെന്ന കാര്യം നിസ്തര്‍ക്കമാണ്. നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നു എന്നതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് നീതിനിര്‍വഹണം വൈകരുതെന്നതും.
വൈകുന്നതു നീതിനിഷേധത്തിനു തുല്യമാണ്. കാരായി രാജന്റെയും ചന്ദ്രശേഖരന്റെയും കാര്യത്തില്‍ ഇതുവരെ നീതിനിഷേധമാണുണ്ടായത്. ഇനിയും അതു തുടരാന്‍ അനുവദിക്കാതെ നീതിന്യായ സംവിധാനങ്ങളും പൊതുസമൂഹവും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.