മിമിക്രിയില്‍ നിന്നും സിനിമയിലേക്ക് വന്ന നടനാണ് ടിനി ടോം. 1998ല്‍ റിലീസ് ചെയ്ത പഞ്ചപാണ്ഡവരാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. എന്നാല്‍ മമ്മൂട്ടി നായകനായ പട്ടാളത്തിലൂടെയാണ് ടിനി ശ്രദ്ധിക്കപ്പെട്ടത്. മമ്മൂട്ടി നായകനായ രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന് കരിയര്‍ ബ്രേക്ക് ലഭിക്കുന്നത്.
മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലും ടിനി ടോം ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ലോഹത്തില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ടിനി ടോം. പെട്ടന്നൊരു ദിവസം സംവിധായകന്‍ രഞ്ജിത്ത് തന്നെ വിളിച്ച് ലോഹത്തില്‍ അഭിനയിക്കുന്ന കാര്യം പറയുകയായിരുന്നുവെന്നും അവിടെ ചെന്നപ്പോഴാണ് തന്നോട് കഥാപാത്രത്തെ കുറിച്ച് പറഞ്ഞതെന്നും ടിനി ടോം പറയുന്നു.
താന്‍ ചെന്നപ്പോള്‍ ഒരു ലക്ഷത്തോളം ആളുകള്‍ അവിടെ ഉണ്ടായിരുന്നുവെന്നും വെടിക്കെട്ടിന്റെ ഇടയില്‍ പെട്ട പട്ടിയുടെ അവസ്ഥയായിരുന്നു തനിക്കെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ഒഫിഷ്യലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടിനി ടോം.
‘ലോഹം എന്ന സിനിമ ലാലേട്ടനെ നായകനാക്കി രഞ്ജിത്ത് സാര്‍ സംവിധാനം ചെയ്ത ചിത്രമാണ്. ഒരു ദിവസം പെട്ടെന്ന് രഞ്ജിത്തേട്ടന്‍ വിളിച്ചിട്ട് എന്നോട് വരാന്‍ പറഞ്ഞു. ഞാന്‍ ഓടി എയര്‍ പോര്‍ട്ടില്‍ ചെന്നപ്പോള്‍ ഒരു ലക്ഷം ആളുകള്‍ ഉണ്ട്.
അവിടെയും ഇവിടെയുമെല്ലാം ആളുകള്‍. ഞാന്‍ ഈ വെടിക്കെട്ടിന്റെ ഇടയില്‍ പട്ടിയെല്ലാം പെടില്ലേ, ആ ഒരു അവസ്ഥയിലായിരുന്നു. രഞ്ജിത്തേട്ടന്‍ എന്നെ അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞു, നീയൊരു കള്ളുകുടിയനാണ്. നീ ഇടക്കിടക്ക് ലാലേട്ടനെ വിളിച്ചിട്ട് ശല്യപ്പെടുത്താറുണ്ടായിരുന്നു. അങ്ങനെ നിങ്ങള്‍ ആദ്യമായിട്ട് കാണുന്നത് ഇവിടെ വെച്ചാണ്. ഒറ്റ ടേക്കേ ഉള്ളുവെന്ന് പറഞ്ഞു.
അത് കേട്ടതും എന്റെ കണ്ണെല്ലാം തളളി. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്നും പറഞ്ഞ് ഞാന്‍ അങ്ങ് തുടങ്ങി. ഒറ്റ ടേക്കില്‍ തന്നെ അത് ഒക്കെയായി,’ ടിനി ടോം പറയുന്നു.
Content Highlight: Tini Tom Talks About Loham Movie