ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിന് പിന്നാലെ ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് മിതാലി രാജ്
Cricket
ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിന് പിന്നാലെ ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് മിതാലി രാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th July 2021, 10:05 pm

ലണ്ടന്‍: ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യയുടെ മിതാലി രാജ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് താരത്തെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിച്ചത്. പരമ്പര ആരംഭിക്കുമ്പോള്‍ എട്ടാം സ്ഥാനത്തായിരുന്നു മിതാലി. ഇത് എട്ടാം തവണയാണ് മിതാലി രാജ് ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്.

നേരത്തെ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വനിതാ താരം എന്ന റെക്കോഡ് മിതാലി തന്റെ പേരില്‍ കുറിച്ചിരുന്നു. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ചാര്‍ലോട്ട് എഡ്വേര്‍ഡ്‌സിനെ മറികടന്നായിരുന്നു മിതാലിയുടെ നേട്ടം.

മൂന്നു ഫോര്‍മാറ്റിലുമായി 10,337 റണ്‍സാണ് 38 കാരിയായ മിതാലിയുടെ പേരിലുള്ളത്. 10,273 റണ്‍സാണ് ചാര്‍ലേട്ടിന്റെ പേരിലുള്ളത്. മിതാലിയും ചാര്‍ലോട്ടും മാത്രമാണ് രാജ്യാന്തര ക്രിക്കറ്റില്‍ 10,000റണ്‍സ് പിന്നിട്ട വനിതാ ക്രിക്കറ്റ് താരങ്ങള്‍.

നേരത്തെ ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളിലും അര്‍ധ സെഞ്ച്വറി നേടിയിരുന്നു മിതാല് രാജ്. 72, 59, 75 എന്നീ സ്‌കോറുകളാണ് മിതാലി പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ നിന്നായി നേടിയത്. അവസാന മത്സരത്തില്‍ ടീമിന്റെ വിജയം ഉറപ്പാക്കാനും മിതാലിയ്ക്ക് സാധിച്ചിരുന്നു.

Image

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 22 വര്‍ഷം പൂര്‍ത്തിയാക്കിയ മിതാലിക്ക് ഒരു ജയം കൂടി നേടാനായാല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ ക്യാപ്റ്റനാകാന്‍ സാധിക്കും. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ 22 വര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യ താരമാണ് മിതാലി.

അതേസമയം, അടുത്ത വര്‍ഷം മാര്‍ച്ച് നാല് മുതല്‍ ഏപ്രില്‍ മൂന്ന് വരെ ന്യൂസിലന്‍ഡില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പോടെ മിതാലി വിരമിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. 2019ല്‍ ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് മിതാലി വിരമിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും

CONTENT HIGHLIGHTS: Mithali Raj returns to No. 1 among ODI batters, for the eighth time in her career