Sports News
ആ ഇന്ത്യന്‍ താരത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ ഞാന്‍ ഏറെ ആസ്വദിക്കുന്നു: മിച്ചല്‍ സ്റ്റാര്‍ക്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 14, 07:51 am
Saturday, 14th September 2024, 1:21 pm

ക്രിക്കറ്റിലെ ക്ലാസിക് പോരാട്ടങ്ങളിലൊന്നായ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കായുള്ള കാത്തിരിപ്പിലാണ് ആരാധകരൊന്നാകെ. ഇത്തവണ ഓസ്‌ട്രേലിയയാണ് പരമ്പരക്ക് വേദിയാകുന്നത്. കാലങ്ങള്‍ക്ക് ശേഷം അഞ്ച് മത്സരങ്ങളുടെ പരമ്പരയായാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ആരാധകര്‍ക്ക് മുമ്പിലെത്തുന്നത്.

പരമ്പരയില്‍ വിരാട് കോഹ്‌ലിക്കെതിരെ പന്തെറിയാന്‍ കാത്തിരിക്കുകയാണ് ഓസീസ് സൂപ്പര്‍ താരം മിച്ചല്‍ സ്റ്റാര്‍ക്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ വിരാടിനൊപ്പം ഡ്രസ്സിങ് റൂം പങ്കിട്ട സ്റ്റാര്‍ക് അദ്ദേഹത്തിനെതിരെ പന്തെറിയുന്നത് ഏറെ ആസ്വദിച്ചിരുന്നു എന്ന് പറയുകയാണ്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റാര്‍ക് വിരാടിനെ കുറിച്ച് സംസാരിച്ചത്.

‘ഞാന്‍ വിരാടുമായുള്ള പോരാട്ടം എല്ലായ്‌പ്പോഴും ആസ്വദിച്ചിരുന്നു. കാരണം ഞങ്ങള്‍ പരസ്പരം നിരവധി തവണ ഏറ്റുമുട്ടിയിട്ടുണ്ട്. നിരവധി തവണ ഞങ്ങള്‍ ഗ്രൗണ്ടില്‍ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്, ഒന്നോ രണ്ടോ തവണ അദ്ദേഹത്തെ പുറത്താക്കിയിട്ടുമുണ്ട്.

എനിക്കെതിരെ വിരാട് കുറച്ച് റണ്‍സ് നേടുകയും ചെയ്തിട്ടുണ്ട്. ഇതുകൊണ്ടെല്ലാം തന്നെ പരസ്പരം നേര്‍ക്കുനേര്‍ വരുന്നത് ഞങ്ങള്‍ രണ്ട് പേരും ഏറെ ആസ്വദിക്കുന്നു,’ സ്റ്റാര്‍ക് പറഞ്ഞു.

നവംബര്‍ 22ന് ആരംഭിക്കുന്ന ബി.ജി.ടിയില്‍ വിരാട്-സ്റ്റാര്‍ക് പോരാട്ടം ആരാധകര്‍ക്ക് മുമ്പില്‍ വീണ്ടുമെത്തും. ഓസ്‌ട്രേലിയന്‍ മണ്ണിലെ ഹാട്രിക് പരമ്പര വിജയം മോഹിച്ചാണ് വിരാടും കൂട്ടരും ഇത്തവണ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് കോപ്പുകൂട്ടുന്നത്.

2020-21ലാണ് ഇതിന് മുമ്പ് ഇന്ത്യ ഓസ്ട്രേലിയയില്‍ പര്യടനം നടത്തിയത് . അന്ന് നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. തൊട്ടുമുമ്പ് നടന്ന 2018-19ലും ഇന്ത്യ ഇതേ മാര്‍ജിനില്‍ തന്നെ വിജയിച്ച് കിരീടം തിരികെയെത്തിച്ചിരുന്നു.

2016-17 മുതല്‍ ഇതുവരെ ഇന്ത്യ തന്നെയാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ അധിപന്‍മാര്‍. ഇന്ത്യ ഓസ്ട്രേലിയയില്‍ പര്യടനം നടത്തുമ്പോഴും ഓസ്ട്രേലിയ ഇന്ത്യയില്‍ പര്യടനത്തിനെത്തുമ്പോഴും തോല്‍വി എപ്പോഴും ഓസ്ട്രേലിയക്ക് തന്നെയായിരുന്നു.

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം 2024

ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.

രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്ലെയ്ഡ് ഓവല്‍.

മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്ബെയ്ന്‍.

ബോക്സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.

അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്.

 

 

Content Highlight: Mitchell Starc about Virat Kohli