തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം മാറ്റാന്‍ തീരുമാനിച്ചതിന് പിന്നാലെ സ്‌കോളര്‍ഷിപ്പ് തുക ഉയര്‍ത്തി ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്. 17.31 കോടി രൂപയില്‍ നിന്ന് 23.51 കോടിയായാണ് ഉയര്‍ത്തിയതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് എട്ട് സ്‌കോളര്‍ഷിപ്പുകളാണ് നല്‍കുന്നത്. സി.എച്ച്. മുഹമ്മദ്‌കോയ സ്‌കോളര്‍ഷിപ്പാണ് ഇതില്‍ പ്രധാനം.
80:20 അനുപാതത്തിലായിരുന്നപ്പോള്‍ ആറരക്കോടിയോളം രൂപ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്കും ഒന്നര കോടിയോളം രൂപ ക്രൈസ്തവ വിഭാഗത്തിനുമായിരുന്നു നല്‍കിയിരുന്നത്.
പുതുക്കിയ കണക്കനുസരിച്ച് സി.എച്ച് സ്‌കോളര്‍ഷിപ്പ് എട്ട് കോടിയില്‍ നിന്ന് പത്തു കോടിയായി ഉയരും. ഇതിനാല്‍ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന ആറരക്കോടി രൂപയില്‍ നഷ്ടം സംഭവിക്കില്ല. അതേസമയം ക്രൈസ്തവ വിഭാഗത്തിനുള്ള വിഹിതം ഒന്നരക്കോടിയില്‍ നിന്ന് നാലരക്കോടിയായി ഉയരും.
സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെ കേരളത്തിലെ മുസ്‌ലിം വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ 2007ല്‍ അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ മുസ്‌ലിം വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിച്ചത്.
2011 ഫെബ്രുവരിയില്‍ ഇടതുസര്‍ക്കാര്‍ ഈ സ്‌കോളര്‍ഷിപ്പില്‍ 20 ശതമാനം ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് കൂടി നല്‍കണമെന്ന് തീരുമാനിക്കുകയായിരുന്നു. പിന്നീട് വന്ന യു.ഡി.എഫ്. സര്‍ക്കാരും ഈ അനുപാതം തുടരുകയായിരുന്നു.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് നല്‍കി വരുന്നത് ജനസംഖ്യാനുപാതികമായല്ലെന്നാണ് 2021 മെയ് 28ന് ഹൈക്കോടതി വിധിച്ചത്. ഇതിന് പിന്നാലെയാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് നല്‍കി വരുന്ന അനുപാതത്തില്‍ മാറ്റം കൊണ്ടു വരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്.
2011ലെ സെന്‍സസ് അനുസരിച്ചാവും ന്യൂനപക്ഷ ആനുകൂല്യത്തിലെ അനുപാതം പുനക്രമീകരിക്കുക. സ്‌കോളര്‍ഷിപ്പ് തുകയിലോ നല്‍കി വരുന്ന എണ്ണത്തിലോ കുറവുണ്ടാകില്ലെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അധികം തുക അനുവദിച്ചിരിക്കുന്നത്.