national news
ആൾക്കൂട്ട ആക്രമണത്തിൽ നിന്ന് പിതാവിനെ രക്ഷിക്കാൻ ശ്രമം; പരിക്കേറ്റ പെൺകുട്ടി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 19, 02:07 am
Wednesday, 19th February 2025, 7:37 am

ഹൈദരാബാദ്: ആൾക്കൂട്ട ആക്രമണത്തിൽ നിന്നും പിതാവിനെ രക്ഷിക്കാൻ ശ്രമിച്ച 15കാരി കൊല്ലപ്പെട്ടു. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ സഹീറാബാദില്‍ ഫെബ്രുവരി 11ന് നടന്ന ആക്രമണത്തിന് ഇരയായ മുഹമ്മദ് ഇസ്മായിലിന്റെ മകള്‍ ആലിയ ബീഗമാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

ഫെബ്രുവരി 11 ന് നടന്ന ആക്രമണത്തെക്കുറിച്ച് പുറംലോകം അറിഞ്ഞിരുന്നില്ല. സംഭവം നടന്ന ദിവസങ്ങൾക്ക് ശേഷം മജ്‌ലിസ് ബച്ചാവോ തെഹ്‌രീക് (എം.ബി.ടി) നേതാവ് അംജദ് ഉള്ളാ ഖാനും ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) നിയമസഭാംഗം കൗസർ മൊഹിയുദ്ദീനും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും കുട്ടിയുടെ കുടുംബവുമായി സംസാരിച്ചതിന് പിന്നാലെയാണ് വിഷയം പുറത്തുവന്നത്.

പ്രദേശത്തെ ഒരു പാടത്ത് കുട്ടിയുടെ പിതാവ് മുഹമ്മദ് ഇസ്മായില്‍ മൂത്രമൊഴിച്ചെന്ന് ആരോപിച്ച് പ്രദേശവാസികളായ വീര റെഡ്ഡിയും വിജയ് റെഡ്ഡിയും സംഘവും ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഏകദേശം 40 പേര്‍ അടങ്ങിയ സംഘമാണ് മുഹമ്മദ് ഇസ്മായിലിനെ ആക്രമിച്ചത്. തന്റെ പിതാവിനെ ആക്രമിക്കുന്നത് കണ്ട ആലിയ ഓടിയെത്തി പിതാവിനെ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ പെൺകുട്ടിയെയും അക്രമികൾ ക്രൂരമായി ആക്രമിച്ചു. കല്ലുകൊണ്ടുള്ള ആക്രമണത്തിൽ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.

മൂന്ന് ദിവസം ഗുരുതര പരിക്കുകളുമായി പെൺകുട്ടി ആശുപത്രിയിൽ കഴിഞ്ഞു. പിന്നീട് ഫെബ്രുവരി 15 ന് മരണത്തിന് കീഴടങ്ങി. ദാരുണമായ ഈ സംഭവം ഗ്രാമത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടു.

ആലിയയ്ക്കും അവളുടെ പിതാവിനും നേരെ മാത്രമല്ല, മുഴുവൻ മുസ്‌ലിം സമൂഹത്തിന് നേരെയുമാണ് ഈ ക്രൂരമായ ആക്രമണം നടന്നതെന്ന് കുടുംബത്തെ സന്ദർശിച്ച എം.എൽ.എ കൗസർ മൊഹിയുദ്ദീൻ ആരോപിച്ചു.

കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും ഇന്ദിരാമ്മ ഭവന പദ്ധതി പ്രകാരം ഒരു വീടും നൽകണമെന്ന് മജ്‌ലിസ് ബച്ചാവോ തെഹ്‌രീക്ക് നേതാവ് അംജദുള്ള ഖാൻ പറഞ്ഞു. ‘സംഭവത്തിൽ ഹൈക്കോടതി ജഡ്ജിയുടെ ജുഡീഷ്യൽ അന്വേഷണം ആവശ്യമാണ്. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണം, കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും ഇന്ദിരാമ്മ ഭവന പദ്ധതി പ്രകാരം ഒരു വീടും നൽകണം,’ അദ്ദേഹം പറഞ്ഞു.

ആലിയയുടെ വീട്ടിലേക്ക് പോവുന്നതില്‍ നിന്ന് മജ്‌ലിസ് ബച്ചാവോ തഹ്‌രീക് (എം.ബി.ടി) വക്താവ് അംജദുല്ലാ ഖാന്‍ ഖാലിദിനെ പൊലീസ് തടഞ്ഞതായും റിപ്പോർട്ട് ഉണ്ട്.

മുഹമ്മദ് ഇസ്മായിലിന്റെ കുടുംബത്തിന് നിയമസഹായം നല്‍കുമെന്ന് ഓള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍ അറിയിച്ചു. തുടര്‍ന്ന് സംഘടനയുടെ നിര്‍ദേശപ്രകാരം അഭിഭാഷകരായ അഫ്‌സര്‍ ജഹാന്‍, സുജാത്, ഇമാദ് അലി, മുഹമ്മദ് സുബൈര്‍ എന്നിവര്‍ എസ്.പിയെ കണ്ട് പരാതി നല്‍കി.

നിയമപരമായ അവകാശങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ഒരുതരം നഷ്ടപരിഹാരവും സ്വീകരിക്കരുതെന്നും ഭീഷണികള്‍ക്ക് മുന്നില്‍ ഭയപ്പെടരുതെന്നും മുഹമ്മദ് ഇസ്മായിലിന്റെ കുടുംബത്തോട് പറഞ്ഞതായി അഡ്വ. അഫ്‌സര്‍ ജഹാന്‍ പറഞ്ഞു. ഈ സംഭവം പ്രദേശത്തെ സാമുദായിക സൗഹാർദത്തെ തകര്‍ത്തതായി പ്രദേശവാസികള്‍ പറയുന്നു. തെലങ്കാനയുടെ വിവിധഭാഗങ്ങളില്‍ ഹിന്ദുത്വരുടെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.

 

Content Highlight: Minor who tried to save father succumbs to injuries days after attack