മിന്നല്‍ മുരളിയില്‍ ഭൂരിഭാഗം പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ട ഗാനമായിരുന്നു ഉയിരേ ഒരു ജന്മം നീയേ എന്ന ഗാനം. വില്ലനായ ഷിബുവിന്റേയും ഉഷയുടെയും പ്രണയരംഗങ്ങള്‍ ചിത്രീകരിച്ച ഈ ഗാനം സിനിമയുടെ റിലീസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസ് ആയി പറന്നു നടക്കുകയായിരുന്നു.
ഒരു സിനിമയെ സംഗീതത്തിന് എത്രത്തോളം ഉയര്‍ത്താന്‍ സാധിക്കുമെന്ന് തെളിയിച്ച ഗാനമായിരുന്നു ഉയിരെ. സിനിമയുടെ ഗതി മാറിയതും ഈ ഗാനരംഗത്തിലായിരുന്നു.
എന്നാല്‍ മിന്നല്‍ മുരളിയിലെ ഉയിരെ എന്ന ഗാനം യുട്യൂബില്‍ തിരയുന്നവര്‍ നേരിട്ട ഒരു പ്രധാനവെല്ലുവിളി ഉയിരെ എന്ന പേരിലുള്ള ഒന്നിലധികം ഗാനങ്ങളായിരുന്നു. ഉയിരെ എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ വരുന്നത് ഗൗതമന്റെ രഥത്തിലെ ഉയിരെ കവരും, ബോംബെയിലെ ഉയിരേ ഉയിരേ, കാക്ക കാക്കയിലെ ഉയിരിന്‍ ഉയിരേ എന്നീ ഗാനങ്ങളൊക്കെയായിരുന്നു.
ഈ പ്രശ്‌നം വെച്ച് നിരവധി ട്രോളുകളുമുയര്‍ന്നിരുന്നു. ഇങ്ങനെയൊരു ട്രോളിന് ഗാനത്തിന്റെ രചയിതാവ് തന്നെ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ്.
ഉയിരെയുടെ വരികളെഴുതിയ മനു മഞ്ജിത്താണ് ട്രോളിന് കമന്റ് ചെയ്തത്. ‘ഈ പ്രശ്‌നം അറിയാവുന്നതുകൊണ്ടു തന്നെ ആ വാക്ക് മാറ്റാന്‍ മാക്‌സിമം ശ്രമിച്ചതാണ്. പക്ഷേ അവസാനം അതില്‍ തന്നെ ഉറപ്പിക്കേണ്ടി വന്നു,’ എന്നാണ് അദ്ദേഹം കുറിച്ചത്.
ഗാനത്തിന്റെ വരികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷിബുവിന്റെയും ഉഷയുടെയും വേദനയും പ്രണയവും അത്രയ്ക്കും തീവ്രതയോടെയായിരുന്നു മനു മഞ്ജിത്ത് വരികളായി ആവിഷ്‌കരിച്ചത്.
സിനിമയുടെ റിലീസിന് ശേഷം ഷിബുവിന്റെ പ്രണയം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നപ്പോള്‍ അതിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി അഭിപ്രായങ്ങളും ഉയര്‍ന്നു വന്നിരുന്നു. മനുവിന്റെ ഗാനവും ഈ ചര്‍ച്ചയ്ക്ക് ഒരു പ്രധാനപങ്ക് വഹിച്ചു.
ഇംഗ്ലീഷ് ഉള്‍പ്പടെ ആറ് ഭാഷകളിലായി കഴിഞ്ഞ ഡിസംബര്‍ 24 നാണ് മിന്നല്‍ മുരളി റിലീസ് ചെയ്തത്. നിരവധി ഭാഷകളില്‍ സിനിമ കാണാന്‍ സാധിച്ചത് തന്നെയാണ് ഇന്ത്യ മുഴുവന്‍ മിന്നല്‍ മുരളി ചര്‍ച്ചയാവാന്‍ ഉള്ള കാരണവും.
ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്ത് വരുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി, ടൊവിനോ തോമസ്-ബേസില്‍ കൂട്ട് കെട്ടില്‍ ഒരുങ്ങിയ രണ്ടാമത്തെ ചിത്രവും. നേരത്തെ ഇരുവരും ഗോദയില്‍ ഒന്നിച്ചിരുന്നു.