സ്ഥിതിവിവരക്കണക്ക് മന്ത്രാലയ റിപ്പോര്‍ട്ട്; ആരോഗ്യരംഗത്ത് പണം ചെലവഴിക്കുന്നതില്‍ കേരളം മുന്നില്‍
Kerala News
സ്ഥിതിവിവരക്കണക്ക് മന്ത്രാലയ റിപ്പോര്‍ട്ട്; ആരോഗ്യരംഗത്ത് പണം ചെലവഴിക്കുന്നതില്‍ കേരളം മുന്നില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th November 2024, 9:15 am

തിരുവനന്തപുരം: ചികിത്സയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന സംസ്ഥാനം കേരളമാണെന്ന് റിപ്പോര്‍ട്ട്. സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിന്റെ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

സാമ്പത്തികമായി മുന്നിലുള്ളവരും അല്ലാത്തവരുമെല്ലാം സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ സാമ്പിള്‍ സര്‍വേയുടെ 2022-23ലെ വാര്‍ഷിക മോഡുലാര്‍ സര്‍വേ പ്രകാരമാണ് റിപ്പോര്‍ട്ട്.

സര്‍ക്കാരിന്റെ ആരോഗ്യ സംവിധാനങ്ങളില്‍ ഉള്‍പ്പെടെയും അല്ലാതെ സ്വകാര്യ സംവിധാനങ്ങളില്‍ സ്വന്തം പണം മുടക്കി ചികിത്സ നേടുന്നവരുടെ കണക്കിലും കേരളം തന്നെയാണ് മുന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ലാതെ ഔട്ട് ഓഫ് പോക്കറ്റ് ചെലവുകളിലും കേരളം തന്നെയാണ് മുന്നില്‍.

അതേസമയം സംസ്ഥാനത്ത് ചികിത്സ തേടുന്നവരില്‍ കൂടുതലും പ്രമേഹം, രക്തസമ്മര്‍ദം പോലുള്ള ജീവിത ശൈലി രോഗങ്ങള്‍ക്കാണെന്നും സ്ഥിരം ചികിത്സയ്ക്ക് തേടുന്നവരുടെ എണ്ണവും കൂടുതലാണെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

കിടത്തിചികിത്സയ്ക്ക് വേണ്ടിയും കേരളത്തിലെ ജനങ്ങള്‍ പണം ചെലവഴിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കിടത്തി ചികിത്സയ്ക്ക് വേണ്ടി ഗ്രാമീണ മേഖലയിലെ കുടുംബങ്ങള്‍ ഒരു വര്‍ഷത്തില്‍ 10929 രൂപ ചെലവഴിക്കുമ്പോള്‍ ദേശീയ ശരാശരി 4496 ആണ്. അതേസമയം നഗരമേഖലയില്‍ 13140തും ദേശീയ ശരാശരി 6877 രൂപയുമാണ്. അതേസമയം കിടത്തി ചികിത്സയ്ക്ക് ഗ്രാമീണ മേഖലയില്‍ വ്യക്തിഗത ശരാശരി 2991 രൂപയും ദേശീയ ശരാശരി 1035 മാണ്. നഗരമേഖലയില്‍ 3734 ഉള്ള വ്യക്തിഗത ശരാശരി ദേശീയ ശരാശരിയില്‍ 1879 ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കിടത്തിചികിത്സയല്ലാത്ത വിഭാഗത്തില്‍ ഒരുമാസം ഗ്രാമീണമേഖലയിലെ കുടുംബത്തിന് 1193 രൂപയാണ് ചെലവാകുന്നതെന്നും ഇത് നഗരമേഖലയിലേക്കെത്തുമ്പോള്‍ 1190മാണ്. ഇത് വ്യക്തികളുടെ കണക്കിലേക്കെത്തുമ്പോള്‍ 326 ഉം 338 മാണ്.

Content Highlight: Ministry of Statistics Report; Kerala is ahead in health