Daily News
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പ്രയാര്‍ പുറത്ത്; കാലാവധി രണ്ടുവര്‍ഷമാക്കി കുറച്ച് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Nov 10, 05:35 am
Friday, 10th November 2017, 11:05 am

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടുവര്‍ഷമാക്കി കുറച്ചു. ഇതോടെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പുറത്തായി.

ദേവസ്വം ബോര്‍ഡുകളുടെ കാലാവധി രണ്ട് വര്‍ഷമാക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭയാണ് അംഗികാരം നല്‍കിയത്. മൂന്നില്‍ നിന്നും രണ്ട് വര്‍ഷമായാണ് കാലാവധി കുറച്ചത്. ഇതോടെ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പുറത്തായി.

ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ സിറ്റിംഗ് ഫീസും ശമ്പളവും സര്‍ക്കാര്‍ തീരുമാനിക്കാനും പ്രത്യേകമന്ത്രിസഭായോഗം തീരുമാനിച്ചു.


Dont Miss ഈ ചോദ്യം എന്നോട് എങ്ങനെ ചോദിക്കാന്‍ തോന്നി; ഉമ്മന്‍ചാണ്ടിക്കെതിരായ തെളിവ് സരിതയോട് ആവശ്യപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് ചെന്നിത്തലയുടെ മറുപടി


കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിച്ചത്. ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോഴും പ്രയാര്‍ തന്നെ തുടരുകയായിരുന്നു. എന്നാല്‍ പലവിഷയത്തിലും സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായിട്ടായിരുന്നു പ്രയാര്‍ നിലപാടെടുത്തത്. ശബരിമല സ്ത്രീപ്രവേശനത്തിന് സര്‍ക്കാര്‍ അനുകൂല തീരുമാനം കൈക്കൊണ്ടപ്പോള്‍ ഇതിനെ എതിര്‍ത്തുകൊണ്ട് പ്രയാര്‍ രംഗത്തെത്തിയിരുന്നു.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ സന്നിധാനത്ത് പ്രവേശിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് ചൂണ്ടിക്കാട്ടി പിണറായി വിജയന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കുടുംബത്തില്‍ പിറന്ന, ദൈവവിശ്വാസമുള്ള സ്ത്രീകള്‍ ഇത്തരത്തില്‍ സന്നിധാനത്ത് എത്തണമെന്ന നിലപാട് സ്വീകരിക്കില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു.