കഴിഞ്ഞ രണ്ട് ദിവസമായി മലയാളത്തിന്റെ സ്വന്തം നടന്‍ മമ്മൂട്ടിക്കെതിരെ വലതുപക്ഷ പേജുകളിലും ഗ്രൂപ്പുകളിലും നടക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ പ്രതികരിച്ച് കേരളക്കര. മമ്മൂട്ടി അഭിനയിച്ച പുഴു എന്ന ചിത്രത്തിന്റെ സംവിധായിക റത്തീനയുടെ ഭര്‍ത്താവ് കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.
റത്തീനയുടെ ആദ്യ സിനിമയായിരുന്നു പുഴു. എന്നാല്‍ അവര്‍ മമ്മൂട്ടിയോട് പറഞ്ഞ കഥ വേറെ ആയിരുന്നുവെന്നും, മമ്മൂട്ടിയുടെ നിര്‍ബന്ധം കാരണമാണ് പുഴു എന്ന സിനിമ ചെയ്തതെന്നുമണ് റത്തീനയുടെ ഭര്‍ത്താവ് പറഞ്ഞത്. ഇതാണ് വലതുപക്ഷ പേജുകള്‍ ഏറ്റെടുത്തത്. സവര്‍ണരെ മനഃപൂര്‍വം കരിവാരി തേക്കുന്ന സിനിമ മമ്മൂട്ടി ചെയ്തത് അയാളുടെ ഉള്ളിലെ വര്‍ഗീയത കൊണ്ടാണെന്നും മമ്മൂട്ടി സിനിമയെ വര്‍ഗീയവത്കരിക്കുന്നുവെന്നുമാണ് വലതുപക്ഷ, ഹിന്ദുത്വ പേജുകള്‍ ആരോപിക്കുന്നത്.
മട്ടാഞ്ചേരി മാഫിയയുടെ തലവന്‍ മമ്മൂട്ടിയാണെന്നും, ഇസ്‌ലാമിസ്റ്റ് അജണ്ട സിനിമയിലൂടെ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്ന വര്‍ഗീയവാദിയാണ് മമ്മൂട്ടിയെന്നും തീവ്ര വലതുപക്ഷ പേജുകളായ ഔട്ട് സ്‌പോക്കണ്‍ പോലുള്ള ട്രോള്‍ പേജുകള്‍ പ്രചരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ഉള്ളിലുള്ള മുഹമ്മദ് കുട്ടിയെന്ന ഇസ്‌ലാമികവാദി ആട്ടിന്‍ തോലണിഞ്ഞ ചെന്നായയാണെന്ന മട്ടില്‍ ഹിന്ദുത്വ പേജുകളിലും ഗ്രൂപ്പുകളിലും പോസ്റ്റുകള്‍ വരുന്നുണ്ട്.
ഇതിനെതിരെ മന്ത്രിമാരായ വി. ശിവന്‍കുട്ടിയും കെ. രാജനും പ്രതികരിച്ചു. ആ പരിപ്പ് ഈ കലത്തില്‍ വേവില്ലെന്നാണ് വി. ശിവന്‍കുട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചത്. മമ്മൂട്ടിയോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രതികരണം. ‘ഇത് ഇവിടെ കിടക്കട്ടെ’ എന്ന പറഞ്ഞുകൊണ്ട് എം.പിയായ എ.എം ആരിഫ് മമ്മൂട്ടിയുടെ ഫോട്ടോ പങ്കുവെച്ചു.
‘മമ്മൂട്ടിയെ മുഹമ്മദ് കുട്ടിയെന്നും, കമലിനെ കമാലുദ്ദീനെന്നും, വിജയ്‌യെ ജോസഫ് വിജയ് എന്നും വിളിക്കുന്ന സംഘി രാഷ്ട്രീയം ഇവിടെ വിലപോവില്ല. ഇത് കേരളമാണ്’ എന്നാണ് കെ. രാജന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചത്.
വലതുപക്ഷ പേജുകളുടെ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ മമ്മൂട്ടി ഫാന്‍സും ശക്തമായി പ്രതികരിക്കുന്നുണ്ട്. 50 വര്‍ഷത്തോളമായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന മമ്മൂട്ടി ഇത്തരം വര്‍ഗീയ പ്രചരണങ്ങളില്‍ വീഴില്ലെന്ന് പറഞ്ഞുകൊണ്ട് പല ഫാന്‍സ് പേജുകളും താരത്തിന് സപ്പോര്‍ട്ടുമായി വരുന്നുണ്ട്.
ഇതിന് മുമ്പ് ഭീഷ്മപര്‍വം എന്ന സിനിമ ഇറങ്ങിയ സമയത്തും വലതുപക്ഷ ചായ്‌വുള്ള കാസ എന്ന സംഘടന മമ്മൂട്ടിക്കെതിരെ രംഗത്തു വന്നിരുന്നു. ക്രിസ്ത്യാനികളെ മനഃപൂര്‍വം ആക്ഷേപിക്കുന്ന സിനിമയില്‍ മമ്മൂട്ടി അഭിനയിച്ചെന്നായിരുന്നു കാസയുടെ ആരോപണം.
Content Highlight: Ministers and MPs are came to support Mammootty after the cyber attack of Right wing pages