കലോത്സവത്തിന് മാത്രമല്ല; മാതാ പേരാമ്പ്രക്കുള്ള വിലക്കില്‍ കൂടുതല്‍ വ്യക്തത വരുത്തി മന്ത്രി
Kerala News
കലോത്സവത്തിന് മാത്രമല്ല; മാതാ പേരാമ്പ്രക്കുള്ള വിലക്കില്‍ കൂടുതല്‍ വ്യക്തത വരുത്തി മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd March 2023, 10:48 am

തിരുവനന്തപുരം: 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാനത്തിന് വിവാദ ദൃശ്യാവിഷ്‌കാരം ഒരുക്കിയ മാതാ പേരാമ്പ്രക്കെതിരെയുള്ള നടപടിയെ കുറിച്ച് വിശദീകരിച്ച് വിദ്യാഭ്യാസ വകുപ്പ്. മാതാ പേരാമ്പ്രയെ വിദ്യാഭ്യാസ വകുപ്പിന്റെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

നിയമസഭയില്‍ മുസ്‌ലിം ലീഗ് എം.എല്‍.എ യു.എ ലത്തീഫിന്റെ ചോദ്യത്തിന് മറുപടി നല്‍കുമ്പോഴാണ് സര്‍ക്കാര്‍ തീരുമാനം മന്ത്രി വ്യക്തമാക്കിയത്. ഭാവിയില്‍ ഇത്തരം ആക്ഷേപങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

ദൃശ്യാവിഷ്‌കാരം മുസ്‌ലിം വിദ്വേഷവും സ്റ്റീരിയോടൈപ്പുകളും പടര്‍ത്തുന്നതാണെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം. മുസ്‌ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചുകൊണ്ടായിരുന്നു ഈ ദൃശ്യാവിഷ്‌കാരം. ഇന്ത്യന്‍ സുരക്ഷാ സേന പിടികൂടുന്ന തീവ്രവാദിയെ അറബി ശിരോവസ്ത്രമായ കഫിയ്യ ധരിച്ചയാളായിട്ടായിരുന്നു കാണിച്ചിരുന്നത്.

സി.പി.ഐ.എമ്മില്‍ നിന്നടക്കം വിമര്‍ശനം ഉയര്‍ന്നതിന് തൊട്ടുപിന്നാലെ മാതാ പേരാമ്പ്രക്ക് കലോത്സവങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

ദൃശ്യാവിഷ്‌കാരം ഇടതുനിലപാടിനും കേരളത്തിന്റെ പൊതുബോധത്തിനും വിരുദ്ധമാണെന്നായിരുന്നു. സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ഔദ്യോഗിക പ്രസ്താവനയിറക്കിയത്. വിഷയം ഏറെ ഗൗരവമേറിയതാണെന്നും തീവ്രവാദവും ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ലെന്നും നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള ഈ പ്രസ്താവനയില്‍ സി.പി.ഐ.എം പറഞ്ഞിരുന്നു. ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും സംഭവത്തില്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.

മുസ്‌ലിം ലീഗ് നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ പി.കെ. അബ്ദുറബ്ബായിരുന്നു സ്വാഗതഗാനത്തിലെ പ്രശ്‌നം ചൂണ്ടിക്കാണിച്ചുകൊണ്ട് ആദ്യം രംഗത്തുവന്നിരുന്നത്. സമൂഹമാധ്യമങ്ങളിലും വിമര്‍ശനം ശക്തമായിരുന്നു.

ദൃശ്യാവിഷ്‌കാരം സംവിധാനം ചെയ്തത് സംഘപരിവാര്‍ സംഘടനയായ സേവാ ഭാരതിയുടെ പ്രവര്‍ത്തകനാണെന്ന തെളിവുകളും ഇതിനിടെ പുറത്തുവന്നിരുന്നു.

Content Highlight: Minister V Sivankutty about the ban against Matha Perambra over the School Kalotsavam Welcome Song Controversy