ഇതിന് പിന്നില്‍ വിശ്വാസമല്ല, ഇഷ്ടമില്ലാത്തതിനെ അവസാനിപ്പിക്കുമെന്ന ഫാസിസ്റ്റ് മനസ്; ഒരു സ്ത്രീയോട് ഇങ്ങനെ ചെയ്തുകളയാം എന്ന് തോന്നിയവനോട് ഒരു ദാക്ഷീണ്യവുമില്ല; ബിന്ദു അമ്മിണിക്ക് നേരെയുള്ള അക്രമത്തില്‍ ആര്‍. ബിന്ദു
ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി കോഴിക്കോട് ബീച്ചില്‍ വെച്ച് ആക്രമിക്കപ്പെട്ടതില്‍ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു.
ബിന്ദു അമ്മിണിക്ക് നേരെ നടന്ന തരത്തിലുള്ള ക്രിമിനലിസം കേരളത്തില്‍ വളരാന്‍ അനുവദിക്കില്ലെന്നും വിശ്വാസമല്ല മറിച്ച് മറ്റൊരാളെ ആക്രമിക്കാനുള്ള ഫാസിസ്റ്റ് മനോഭാവമാണ് ഇതിന് പിന്നിലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
ഒരു സ്ത്രീയോട് ഇങ്ങനെ ചെയ്യാം എന്ന് തോന്നിയ അക്രമകാരിയോട് സര്‍ക്കാര്‍ ഒരു അലിവും കാണിക്കില്ലെന്നും അക്രമിക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബിന്ദു അമ്മിണിക്ക് പിന്തുണയുമായി നേരത്തെ എം.എല്‍.എ കെ.കെ. രമയും രംഗത്തെത്തിയിരുന്നു. ബിന്ദു അമ്മിണി നിരന്തരമായി ആക്രമിക്കപ്പെടുകയാണെന്നും ബുധനാഴ്ച വൈകുന്നേരം അവര്‍ നേരിട്ട ആക്രമണം കണ്ടു നില്‍ക്കാനാവില്ലെന്നുമാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ കെ.കെ. രമ പറഞ്ഞത്.
ബിന്ദു അമ്മിണിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാര്‍ തന്നെയാണ് ഉത്തരവാദിയെന്നും രമ പറഞ്ഞിരുന്നു.
അതേസമയം ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ബേപ്പൂര്‍ സ്വദേശിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെള്ളയില്‍ മോഹന്‍ദാസാണ് അറസ്റ്റിലായത്.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും ഇയാള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബിന്ദു അമ്മിണിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരിക്കും പൊലീസ് കൂടുതല്‍ നടപടികളിലേക്ക് കടക്കുക.
ഐ.പി.സി 323, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തതെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.
ബുധനാഴ്ച വൈകീട്ടായിരുന്നു ബിന്ദു അമ്മിണിക്ക് നേരെ ആക്രമമുണ്ടായത്. കോഴിക്കോട് ബീച്ചില്‍ വച്ച് വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു എന്നും മദ്യലഹരിയില്‍ പ്രതി അക്രമിക്കുകയായിരുന്നു എന്നുമാണ് വെള്ളയില്‍ പൊലീസ് പറഞ്ഞിരുന്നത്.
സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ബിന്ദു അമ്മിണി തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
തനിക്കെതിരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് ബിന്ദു അമ്മിണി ആരോപിക്കുന്നുണ്ട്.
മദ്യപിച്ചയാള്‍ വെറുതെ നടത്തിയ ആക്രമണമല്ല. പിന്നില്‍ രാഷ്ട്രീയകാരണങ്ങളുണ്ട്. തന്നെ എവിടെക്കണ്ടാലും ആക്രമിക്കുകയെന്നത് സംഘപരിവാര്‍ സംഘടനകളുടെ ആഹ്വാനമാണെന്നും ബിന്ദു അമ്മിണി പറഞ്ഞിരുന്നു. പൊലീസില്‍ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും ഇവര്‍ പറയുന്നു.
മന്ത്രി ആര്‍. ബിന്ദുവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
ബിന്ദു അമ്മിണിക്ക് നേരെ നടുറോഡില്‍ കയ്യേറ്റം നടത്തിയ തരം ക്രിമിനലിസത്തെ കേരളത്തില്‍ വളരാന്‍ അനുവദിക്കാനാവില്ല. വിശ്വാസമോ അഭിപ്രായവ്യത്യാസമോ ഒന്നുമല്ല അക്രമത്തിന് പിന്നില്‍.
പരപീഡാ വ്യഗ്രതയും ഇഷ്ടമില്ലാത്തതിനെ അവസാനിപ്പിക്കുമെന്ന ഫാസിസ്റ്റ് മനസ്സുമാണ്.
അസഹിഷ്ണുതയുടെ തീയെരിയിച്ച് ഇത്തരം ക്രിമിനല്‍ മനസ്സുകാര്‍ക്ക് പൊതുറോഡില്‍ സമ്മാന്യത നല്‍കിയവര്‍ക്കും ഈ അക്രമത്തില്‍ നേരിട്ട് ഉത്തരവാദിത്തമുണ്ട്.
ഒരു സ്ത്രീയോട് ഇങ്ങനെ ചെയ്തുകളയാം എന്നു തോന്നിയവനോട് ഒരു ദാക്ഷീണ്യവും സര്‍ക്കാര്‍ കാട്ടില്ല, ശക്തമായ നടപടിയുണ്ടാവും.