കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനം പരിശോധിക്കണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കലോത്സവ സ്വാഗതഗാനം തയ്യാറാക്കിയവരുടെ താല്‍പര്യം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കലോത്സവ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തിലെ സംഘപരിവാര്‍ ബന്ധം അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു.
കലോത്സവത്തിനിടെ ബോധപൂര്‍വം കലാപന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചോയെന്ന് പരിശോധിക്കുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.
കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച സംഗീത ശില്‍പ്പത്തില്‍ മുസ്‌ലിം വിരുദ്ധതയുണ്ടെന്ന് ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.
സാഹോദര്യവും മതമൈത്രിയും ദേശസ്‌നഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തില്‍ തീവ്രവാദിയായി മുസ്‌ലിം വേഷധാരിയെ ചിത്രീകരിച്ചതിനെതിരെ മുസ്‌ലിം ലീഗ് നേതാക്കളടക്കം രംഗത്തുവന്നിരുന്നു.
കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ അരങ്ങേറിയ സ്വാഗത ഗാനത്തിലെ ദൃശ്യാവിഷ്‌കാരത്തിനെതിരെയാണ് വിമര്‍ശനം വന്നത്.
കവി പി.കെ. ഗോപിയുടെ വരികള്‍ക്ക് കെ. സുരേന്ദ്രന്‍ സംഗീതസംവിധാനമൊരുക്കിയതാണ് ഇത്തവണത്തെ സ്വാഗതഗാനം. ഇതിന് മാതാ പേരാമ്പ്ര ഒരുക്കിയ ദൃശ്യത്തിന് എതിരെയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നത്.
ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ ഇന്ത്യന്‍ സുരക്ഷാ സേന പിടികൂടുന്ന തീവ്രവാദിയെ അറബി ശിരോവസ്ത്രമായ കഫിയ്യ ധരിച്ചയാളുടെ വേഷത്തില്‍ അവതരിപ്പിച്ചതിനെതിരെയായിരുന്നു വിമര്‍ശനം.
എന്നാല്‍, അങ്ങനെയൊന്നും ചിന്തിച്ച് ചെയ്തതല്ലെന്നും ക്യാപ്റ്റന്‍ വിക്രം കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതിന്റെ ദൃശ്യാവിഷ്‌കാരമാണ് ഉദ്ദേശിച്ചതെന്നുമാണ് ദൃശ്യ സംവിധാനം ഒരുക്കിയ മാതാ പേരാമ്പ്രയുടെ ഡയറക്ടര്‍ കനകദാസ് പ്രതികരിച്ചത്.