തിരുവനന്തപുരം: ക്വാറികളുടെ പ്രവര്‍ത്തനമാണ് പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമെന്ന് ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി ഇ.പി. ജയരാജന്‍.
നിയസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്വാറി പ്രവര്‍ത്തിക്കാത്ത സ്ഥലത്തും ഉരുള്‍പൊട്ടിയിട്ടുണ്ട്. ഇതേക്കുറിച്ച് വിശദമായ പഠനം നടത്തുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
” ക്വാറികളുടെ പ്രവര്‍ത്തനം മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും മറ്റ് പ്രകൃതിദുരന്തങ്ങള്‍ക്കും കാരണമാകുന്നുണ്ടോ എന്നത് സംബന്ധിച്ച് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ ക്വാറികളുടെ പ്രവര്‍ത്തനം മാത്രമാണ് ഇത്തരം പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമെന്ന് കണ്ടെത്തിയിട്ടില്ല.
കേരളത്തില്‍ ഈ വിഷയത്തില്‍ ശാസ്ത്രീയമായി പഠനം നടത്തുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് സ്റ്റഡി, സെന്റര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ്, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നിവരും പഠനം നടത്തിയിട്ടുണ്ട്.
പാറമട സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലും പാറമട ഇല്ലാത്ത പ്രദേശങ്ങളിലും ഉരുള്‍പൊട്ടലുകള്‍ ഉണ്ടാകുന്നുണ്ട്. കുന്നിന്റെ ചെരിവ്, തുടര്‍ച്ചയായി പെയ്യുന്ന മഴയുടെ അളവ്, മേല്‍മണ്ണില്‍ ഖനം എന്നിവയാണ് ഈ പ്രതിഭാസത്തിന് ആക്കം കൂട്ടുന്നത് എന്നായിരുന്നു ഇ.പി ജയരാജന്റെ പ്രസ്താവന.
പുഴകള്‍ വഴിമാറി ഒഴുകുന്നതിന്റെ കാരണം സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തി നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്നും അതേസമയം അനധികൃത ക്വാറികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി സഭയില്‍ പറഞ്ഞു.