ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകനെതിരെ ആക്രമണവുമായി കേന്ദ്രമന്ത്രി അജയ് മിശ്ര. ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയില്‍ ജയിലില്‍ കഴിയുന്ന മകന്‍ ആശിഷ് മിശ്രയെക്കുറിച്ചുള്ള ചോദ്യമാണ് കേന്ദ്രമന്ത്രിയെ പ്രകോപിതനാക്കിയത്.
‘ഇത്തരം മൂഢത്വം നിറഞ്ഞ ചോദ്യങ്ങള്‍ ചോദിക്കരുത്. നിങ്ങള്‍ക്ക് ഭ്രാന്താണോ?,’ അജയ് മിശ്ര ചോദിച്ചു. ഇതിന് ശേഷം മാധ്യമപ്രവര്‍ത്തകനോട് മൈക്ക് ഓഫ് ചെയ്യാന്‍ പറഞ്ഞ് മന്ത്രി ആക്രമിക്കാന്‍ തുനിയുകയായിരുന്നു.
അതേസമയം ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ആശിഷ് മിശ്രക്കെതിരെ ആയുധം ഉപയോഗിച്ചുളള വധശ്രമത്തിന് കൂടി കേസെടുത്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് കോടതി നിര്‍ദേശ പ്രകാരമാണ് നടപടി.
കര്‍ഷകരുടെ മേല്‍ വാഹനം ഇടിച്ചു കയറ്റിയത് മനഃപൂര്‍വ്വമായിരുന്നുവെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ആശിഷ് മിശ്രക്കെതിരെ പുതിയ വകുപ്പുകള്‍ ചുമത്തിയത്.
സ്ഥലത്ത് വെടിവെപ്പ് നടന്നുവെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഐ.പി.സി 307, 326, 334 എന്നീ വകുപ്പുകള്‍ കൂടി ചേര്‍ത്തത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചനയടക്കമുള്ള വകുപ്പുകള്‍ നേരത്തെ ചേര്‍ത്തിരുന്നു.
അമിത വേഗത്തില്‍ വാഹനമോടിക്കല്‍, അശ്രദ്ധ കാരണം മരണം സംഭവിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ എടുത്ത് മാറ്റിയാണ് എഫ്.ഐ.ആര്‍ പുതുക്കിയത്. മറ്റ് 12 പ്രതികള്‍ക്കെതിരെയും പുതിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
അതേസമയം സംഭവം ആസൂത്രതമായിരുന്നുവെന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര ജയിലിലെത്തി ആശിഷ് മിശ്രയെ കണ്ടത് വിവാദമായി. കേന്ദ്രമന്ത്രിയെ എത്രയും വേഗം പുറത്താക്കണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.