Muthoot Finance
വിജ്ഞാപനം പ്രാബല്യത്തില്‍ വന്നാല്‍ മിനിമം വേതനം നല്‍കും; ജീവനക്കാരുമായി ധാരണയിലെത്തിയെന്ന് മുത്തൂറ്റ് മാനേജ്‌മെന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 12, 02:29 am
Saturday, 12th October 2019, 7:59 am

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ മിനിമം വേതനം സംബന്ധിച്ച വിജ്ഞാപനം നിയമപരമായി പ്രാബല്യത്തില്‍ വന്നാല്‍ ഇത് നടപ്പാക്കുമെന്ന് മുത്തൂറ്റ് മാനേജ്‌മെന്റ്. സി.ഐ.ടി.യു പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു തീരുമാനം.

സംസ്ഥാന സര്‍ക്കാര്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെ (എന്‍.ബി.എഫ്.സി) ജീവനക്കാര്‍ക്കായി മിനിമം വേതന വിജ്ഞാപനം 2016 ല്‍ പുറപ്പെടുവിച്ചിരുന്നു. എന്‍.ബി.എഫ്.സികളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാല്‍ എന്‍.ബി.എഫ്.സി അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിക്കുകയും വിജ്ഞാപനത്തിനു സ്റ്റേ ലഭിക്കുകയും ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം നടപ്പാക്കുവാനാണ് കോടതി നിര്‍ദേശിച്ചത്. വിജ്ഞാപനം നിയമപരമായി പ്രാബല്യത്തില്‍ വരുന്നതനുസരിച്ച് മറ്റ് എന്‍.ബി.എഫ്.സികള്‍ക്കൊപ്പം മുത്തൂറ്റ് ഫിനാന്‍സും നടപ്പാക്കുമെന്ന നിലപാട് ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു.

ഇടക്കാലാശ്വാസമായി എല്ലാ ജീവനക്കാര്‍ക്കും ഒക്ടോബര്‍ ഒന്നു മുതല്‍ 500 രൂപ നല്‍കും. ഇങ്ങനെ നല്‍കുന്ന തുക പുതുക്കിയ മിനിമം വേതനമോ മറ്റു വേതന വര്‍ധനവോ നടപ്പാക്കാമ്പോള്‍ അതില്‍ ഉള്‍ക്കൊള്ളിക്കും.

പണിമുടക്കു കാലത്തു പിരിച്ചുവിട്ട ജീവനക്കാരെ അവര്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതനുസരിച്ചു ജോലിയില്‍ പ്രവേശിക്കാനും തുടര്‍ന്ന്, അന്വേഷണം നടത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും സസ്പെന്‍ഡ് ചെയ്യപ്പെട്ടവരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച ശേഷം ശിക്ഷാ നടപടികള്‍ പൂര്‍ത്തീകരിക്കാനുമാണ് ധാരണ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ