പ്ലാസ്റ്റിക് നിരോധനം; സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വഴി പാല്‍ക്കവറുകള്‍ ശേഖരിക്കുന്ന പദ്ധതിയുമായി മില്‍മ
Environment
പ്ലാസ്റ്റിക് നിരോധനം; സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വഴി പാല്‍ക്കവറുകള്‍ ശേഖരിക്കുന്ന പദ്ധതിയുമായി മില്‍മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th December 2019, 1:20 pm

2020 ജനുവരി മുതല്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ പ്ലാസ്റ്റിക് കവറുകളുടെ സംസ്‌കരണത്തിന് സ്‌കൂളുകളുമായി മില്‍മ കൈകോര്‍ക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വഴി പാല്‍ക്കവറുകള്‍ ശേഖരിക്കാന്‍ ക്ലീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് പദ്ധതി ആലോചിക്കുകയാണ് മില്‍മ.

വീടുകളില്‍ വൃത്തിയാക്കിയ പാല്‍ക്കവര്‍ കുട്ടികള്‍ സ്‌കൂളിലെത്തിക്കും. അവിടെനിന്ന് കുടുംബശ്രീ വഴി ക്ലീന്‍കേരള മിഷന് കൈമാറും. പദ്ധതി സംബന്ധിച്ച് മില്‍മ ഉടന്‍ വിദ്യാഭ്യാസവകുപ്പുമായി ചര്‍ച്ച നടത്തുമെന്ന് ചെയര്‍മാന്‍ പി.എ. ബാലന്‍ മാസ്റ്റര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘വീടുകളില്‍ പാല്‍ വരുന്ന കവറുകള്‍ കുട്ടികള്‍ വഴി ശേഖരിക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. അത് സ്‌കൂളില്‍ ശേഖരിച്ചുവെക്കുക. ക്ലീന്‍ കേരള മിഷന്റെ ആളുകള്‍ ആഴ്ചയിലൊരിക്കല്‍ സ്‌കൂളിലെത്തി കവറുകള്‍ കൊണ്ടുപോകും. അതിന് വേണ്ടി സ്‌കൂള്‍ പി.ടി.എയ്‌ക്കോ സ്‌കൂളിനോ ചെറിയ തുക കൊടുക്കുകയും ചെയ്യും.’

പി.എ. ബാലന്‍ മാസ്റ്റര്‍

വിദ്യാഭ്യാസ മന്ത്രിയുമായി ഉടന്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും അനുമതി ലഭ്യമായാല്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് ശേഖരിക്കുക എന്നതിലുപരിയായി കുട്ടികള്‍ വഴി പ്ലാസ്റ്റിക് നിരോധനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും സന്ദേശം നല്‍കുക എന്നതും പദ്ധതിയുടെ ഉദ്ദേശ്യമാണെന്ന് മില്‍മ ചെയര്‍മാന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ദിവസം 13.5 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ സംസ്ഥാനത്ത് വില്‍ക്കുന്നത്. ഇതില്‍ പത്തുലക്ഷം ലിറ്ററും അരലിറ്ററിന്റെ പായ്ക്കറ്റുകളിലായാണ് വിപണിയിലെത്തുന്നത്. അതായത് ദിവസേന 20 ലക്ഷത്തിലധികം പാല്‍ പായ്ക്കറ്റുകള്‍ വിപണിയിലെത്തും. തൈര്, സംഭാരം എന്നിവയും പായ്ക്കറ്റിലാണെത്തുന്നത്.

പ്ലാസ്റ്റിക് നിരോധനം പൂര്‍ണ്ണമാകുന്നതോടെ പാല്‍ വിതരണത്തിന് മില്‍മയ്ക്ക് ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ടിവരും. ടെട്രാ പായ്ക്കില്‍ പാല്‍ നല്‍കുന്നത് ചെലവ് കൂട്ടുമെന്നാണ് വിലയിരുത്തല്‍. ഇത് ഉപഭോക്താവില്‍നിന്ന് ഈടാക്കാനും കഴിയില്ല.

ഈ സാഹചര്യത്തില്‍ പാല്‍ വെന്റിങ് മെഷിനുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ടെന്ന് മില്‍മ ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍ ടോക്കണ്‍ സമ്പ്രദായത്തില്‍ പാത്രവുമായി വന്ന് പാല്‍ വാങ്ങുന്ന രീതി കേരളത്തില്‍ എത്രത്തോളം പ്രായോഗികമാവുമെന്നതിലാണ് സംശയമെന്ന് പി.എ ബാലന്‍ മാസ്റ്റര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘വെന്‍ഡിംഗ് മെഷീന്‍ ദല്‍ഹിയിലൊക്കെ നടപ്പാക്കിയിട്ടുണ്ട്. നഗരപ്രദേശങ്ങളില്‍ പ്രായോഗികമാണെങ്കിലും നാട്ടിന്‍പുറങ്ങളില്‍ അത് വിജയിക്കുമോ എന്ന് കണ്ടറിയണം.’

സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിലാവുമ്പോഴും പ്ലാസ്റ്റിക് പായ്ക്കറ്റ് ഒഴിവാക്കാന്‍ രണ്ടുവര്‍ഷത്തെ സാവകാശം സര്‍ക്കാര്‍ മില്‍മയ്ക്ക് അനുവദിച്ചിട്ടുണ്ട്. പുറത്തിറക്കുന്ന പാല്‍ പായ്ക്കറ്റുകള്‍ തിരിച്ചെടുത്ത് ടാറിങ്ങിനും മറ്റും നല്‍കാനാണ് പദ്ധതി. ഇതിനായി ക്ലീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. കര്‍മസേന പോലുള്ള സംവിധാനങ്ങള്‍ വഴിയും കവറുകള്‍ ശേഖരിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്ലാസ്റ്റിക് സംസ്‌കരണം നേരിടാന്‍ മാസം രണ്ടുകോടി രൂപയാണ് മില്‍മയ്ക്ക് ചെലവ്. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനത്തോടെ പ്രതിദിനം മില്‍മ തിരിച്ചുപിടിക്കേണ്ടത് 31 ലക്ഷം പ്ലാസ്റ്റിക് കവറുകളാണ്.

പ്ലാസ്റ്റിക് നിരോധനം എങ്ങനെയൊക്കെ:

ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മാണവും വില്‍പ്പനയും സൂക്ഷിക്കലും അടുത്തവര്‍ഷം ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്തു നിരോധിക്കാന്‍ നവംബര്‍ 21 ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. ഉപയോഗിച്ച ശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ പാരിസ്ഥിതിക- ആരോഗ്യപ്രശ്‌നമായി വളര്‍ന്ന സാഹചര്യത്തിലാണ് നിരോധനം.

നിയമം ലംഘിക്കുന്ന പ്ലാസ്റ്റിക് നിര്‍മാതാക്കള്‍, മൊത്തവിതരണക്കാര്‍, ചെറുകിടവില്‍പ്പനക്കാര്‍ എന്നിവര്‍ക്ക് 10,000 രൂപ പിഴ ചുമത്തും. രണ്ടാമതും നിയമം ലംഘിക്കുകയാണെങ്കില്‍ 25,000 രൂപയാണ് പിഴ. തുടര്‍ന്നും നിയമം ലംഘിച്ചാല്‍ 50,000 രൂപ പിഴയീടാക്കി സ്ഥാപനത്തിന്റെ പ്രവര്‍ത്താനുമതി റദ്ദാക്കും.

തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും ഇതിന് അധികാരം നല്‍കി. വില്‍പ്പന നടത്തുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഉപഭോക്താക്കളില്‍നിന്ന് തിരിച്ചുവാങ്ങി പണം നല്‍കാന്‍ ബവ്‌റിജസ് കോര്‍പ്പറേഷന്‍, കേരഫെഡ്, മില്‍മ, കേരള വാട്ടര്‍ അതോറിറ്റി എന്നീ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണെന്നു സര്‍ക്കാര്‍ അറിയിച്ചു.

നിരോധിച്ച പ്ലാസ്റ്റിക്കുകള്‍:

പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ)

ടേബിളില്‍ വിരിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്

കൂളിങ് ഫിലിം

പ്ലേറ്റുകള്‍, കപ്പുകള്‍

തെര്‍മോക്കോള്‍, സ്‌റ്റൈറോഫോം എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാര വസ്തുക്കള്‍

ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, സ്‌ട്രോകള്‍, ഡിഷുകള്‍, സ്റ്റിറര്‍

പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പര്‍ കപ്പുകള്‍, പ്ലേറ്റുകള്‍, ബൗള്‍

നോണ്‍ വൂവണ്‍ ബാഗുകള്‍, പ്ലാസ്റ്റിക് ഫ്‌ളാഗുകള്‍, പ്ലാസ്റ്റിക് ബണ്ടിങ്

പ്ലാസ്റ്റിക് വാട്ടര്‍ പൗച്ചസ്, പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകള്‍

കുടിക്കാനുള്ള പെറ്റ് ബോട്ടിലുകള്‍ (300 മില്ലിക്ക് താഴെ)

പ്ലാസ്റ്റിക് ഗാര്‍ബേജ് ബാഗ്, പി.വി.സി ഫ്‌ളക്‌സ് മെറ്റീരിയല്‍സ്, പ്ലാസ്റ്റിക് പാക്കറ്റ്

നിരോധനം ലംഘിച്ചാല്‍…

നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമം 1986 പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. കലക്ടര്‍മാര്‍ക്കും സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍ക്കും മലിനീകരണ നിയന്ത്ര ബോര്‍ഡ് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കും പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും നടപടിയെടുക്കാന്‍ അധികാരമുണ്ട്.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഖരമാലിന്യ മാനേജ്‌മെന്റ് ചട്ട പ്രകാരം വ്യവസായ പാര്‍ക്കുകളിലെ അഞ്ച് ശതമാനം ഭൂമി മാലിന്യ സംസ്‌കരണത്തിനും പുനഃചംക്രമണത്തിനുമായി മാറ്റിവയ്ക്കണം.

പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം പരിസ്ഥിതി സൗഹൃദ ബാഗുകള്‍ ഉല്‍പാദിപ്പിക്കുന്ന യൂണിറ്റുകളെ വ്യവസായ വകുപ്പ് പ്രോത്സാഹിപ്പിക്കും. കയറ്റുമതിക്കായി നിര്‍മിച്ചിട്ടുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍, ആരോഗ്യപരിപാലന രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍, കമ്പോസ്റ്റബിള്‍ പ്ലാസ്റ്റിക്കില്‍ നിന്നു നിര്‍മ്മിച്ച വസ്തുക്കള്‍ (ഐ.എസ് അല്ലെങ്കില്‍ ഐ.എസ്.ഒ 17088: 2008 ലേബല്‍ പതിച്ചത്) എന്നിവ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സാങ്കേതിക സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഫ്‌ളക്‌സ് ബോര്‍ഡുകളുടെ ഉപയോഗം സംസ്ഥാനത്ത് നേരത്തെ തന്നെ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും നിരോധനം മൂലം പ്ലാസ്റ്റിക് ഉപയോഗത്തില്‍ ഏകദേശം 70 ശതമാനം കുറവുണ്ടായി എന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍.

WATCH THIS VIDEO: