തിരുവനന്തപുരം: സംസ്ഥാനത്തുനിന്നും അതിഥി തൊഴിലാളികളെ നിര്‍ബന്ധിച്ച് മടക്കി അയക്കരുതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കേരളത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളെ നിര്‍ബന്ധിച്ച് മടക്കി അയയ്ക്കേണ്ടതില്ല. ഇക്കാര്യം പൊലീസും ജില്ലാ അധികൃതരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
തിരിച്ചു പോകാന്‍ താത്പര്യമില്ലാത്ത തൊഴിലാളികളേയും നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിക്കുന്നതായി പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം.
മടങ്ങണമെന്ന് നിര്‍ബന്ധമുള്ള അതിഥി തൊഴിലാളികളെ മാത്രം മടക്കി അയച്ചാല്‍ മതിയാകും. കേരളത്തില്‍ തുടരുന്ന അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായം സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.