കുവൈറ്റ് ദുരന്തം, ഗൾഫ് കോർപറേഷൻ കൗൺസിലിൻ്റെ കുടിയേറ്റ തൊഴിലാളികളോടുള്ള അവഗണന; റിപ്പോർട്ട്
India
കുവൈറ്റ് ദുരന്തം, ഗൾഫ് കോർപറേഷൻ കൗൺസിലിൻ്റെ കുടിയേറ്റ തൊഴിലാളികളോടുള്ള അവഗണന; റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th June 2024, 11:28 am

ന്യൂദൽഹി: 50 തൊഴിലാളികളുടെ മരണത്തിനിടയാക്കിയ കുവൈത്തിലെ മംഗഫിൽ നടന്ന തീ പിടിത്തം ഗൾഫ് കോർപറേഷൻ കൗൺസിലിൻ്റെ കുടിയേറ്റ തൊഴിലാളികളോടുള്ള അവഗണനയാണ് വ്യക്തമാക്കുന്നതെന്ന് ദി വയർ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

ജൂൺ 12 ന് കുവൈത്തിലുണ്ടായ ലേബർ ക്യാമ്പ് അപകടം 50 ഓളം കുടിയേറ്റ തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെടാനും നിരവധി പേർക്ക് പരിക്കേൽക്കാനും കാരണമായി. കുവൈത്ത് ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്ത അപകടമാണിത്.

ദുരന്തത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തൊഴിലാളികൾ ജോലി ചെയ്യുന്ന കമ്പനി ഉടമയായ കെ.ജി. എബ്രഹാം മുന്നോട്ടെത്തിയിരുന്നു. ഇതിനെതിരെ വിമർശനങ്ങളുമായി നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.

കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഗൾഫ് കോർപറേഷൻ കൗൺസിലും, നിയമങ്ങളൊന്നും പാലിക്കാതെ നിർമിക്കപ്പെട്ട കെട്ടിടങ്ങൾക്ക് പെർമിറ്റ് നൽകിയ ഉദ്യോഗസ്ഥരും ഈ അപകടത്തിന് കാരണക്കാരാണെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

അധികാരികളുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് പരക്കെ വിമർശനം ഉയർന്നിട്ടുണ്ട്. നിയമ ലംഘകർക്കെതിരെ സർക്കാർ കർശന നടപടികളടുക്കണമെന്നാവശ്യപ്പെട്ട് നിരവധിപേർ മുന്നോട്ടെത്തി.

ജി.സി.സിയുടെ നിർമാണ മേഖലയിൽ കുറഞ്ഞ വേതനത്തിന് ജോലിചെയ്യേണ്ടി വരുന്ന കുടിയേറ്റ തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് വർഷങ്ങളായി വിവിധ മനുഷ്യാവകാശ സംഘടനകൾ സംസാരിക്കുന്നുണ്ട്.

കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ മാനിക്കുകയും നിർബന്ധിത തൊഴിൽ ദുരുപയോഗങ്ങൾ തടയുന്നതിനുമായി മുൻകൈ എടുക്കണമെന്നാവശ്യപ്പെട്ട് ജി.സി.സിയുടെ അധികാര പരിധിയിലുള്ള രാജ്യങ്ങൾക്ക് ഹ്യൂമൻ റൈറ്സ് വാച്ച് ചില നിർദേശങ്ങൾ നൽകിയിരുന്നു.

കുടിയേറ്റ തൊഴിലാളികൾക്ക് മികച്ച താമസസൗകര്യവും സുരക്ഷിതമായ തൊഴിലിടവും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തണമെന്നാണ് നിർദേശത്തിൽ പറയുന്നത്.

ഇതിനെത്തുടർന്ന് ചില മാറ്റങ്ങൾ ഉണ്ടായെങ്കിലും പല രാജ്യങ്ങളിലെയും തൊഴിലാളികളുടെ സ്ഥിതി ഇപ്പോഴും മോശമാണ്. അപകടകരമായ തൊഴിൽ സാഹചര്യങ്ങൾ, വൃത്തിഹീനമായ താമസ സൗകര്യം തുടങ്ങിയ പ്രശ്നങ്ങൾ തൊഴിലാളികൾ നേരിടുന്നുണ്ട്.

ബഹ്‌റൈൻ ഒഴികെയുള്ള രാജ്യങ്ങൾ കുടിയേറ്റ തൊഴിലാളികൾക്ക് യൂണിയനുകൾ ഉണ്ടാക്കാൻ അനുമതി നൽകുന്നില്ല. പ്രതികരിക്കുന്ന തൊഴിലാളികളുടെ പാസ്പോർട്ട് കണ്ടുകെട്ടുകയും, അവരെ പിരിച്ച് വിടുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. തൊഴിലാളികൾക്കായുള്ള നിയമങ്ങൾ ലംഘിക്കുന്ന ഉടമകൾക്കെതിരെ അത്യപൂർവമായാണ് കേസ് വരുന്നത്.

പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്ത് വിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം കുവൈറ്റിലെ ജനസംഘ്യ 1.546 ദശലക്ഷം കുവൈത്തി പൗരന്മാരും 3.3 ദശലക്ഷം പ്രവാസികയുമടക്കം 4.859 ദശലക്ഷമായി മാറിയിരിക്കുന്നു. കുവൈത്തിലെ മൊത്തം ജനസംഖ്യയിൽ 21% ഇന്ത്യക്കാരും ഇന്ത്യൻ പ്രവാസികളിൽ 50 ശതമാനം ആളുകൾ കേരളത്തിൽ നിന്നുള്ളവരുമാണ്.

ബിൽഡിങ് ഗാർഡിന്റെ മുറിയിലുണ്ടായ വൈദ്യുതി ഷോർട് സർക്യൂട്ടാണ് മംഗഫിലുണ്ടായ തീപിടിത്തത്തിന് കാരണമെന്നാണ് റിപ്പോർട്ട്. ഏഴ് നിലകളുള്ള കെട്ടിടത്തിൽ തീ പിടിത്തമുണ്ടായപ്പോൾ ഭൂരിഭാഗം പേരും ഉറങ്ങുകയായിരുന്നത് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു. 196 തൊഴിലാളികളാണ് കെട്ടിടത്തിൽ താമസിക്കുന്നത്. അതിൽ 175 പേരും ഇന്ത്യക്കാരായിരുന്നു. അപകടം നടക്കുമ്പോൾ 17 പേർ പുറത്തായിരുന്നെന്നും സുരക്ഷാവൃന്ദങ്ങൾ അറിയിച്ചിരുന്നു.

 

 

Content Highlight : Migrant Exploitation in GCC: Reminders from the Kuwait Tragedy