മൈക്രോസോഫ്റ്റില്‍ ഫലസ്തീന്‍ അനുകൂല പ്രാര്‍ത്ഥന നടത്തിയ രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടു
World News
മൈക്രോസോഫ്റ്റില്‍ ഫലസ്തീന്‍ അനുകൂല പ്രാര്‍ത്ഥന നടത്തിയ രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th October 2024, 2:39 pm

വാഷിങ്ടണ്‍: വാഷിങ്ടണിലെ മൈക്രോസോഫ്റ്റ് റെഡ്‌മോണ്ട് ക്യാമ്പസില്‍ ഗസയില്‍ കൊല്ലപ്പെട്ട ഫലസ്തീനികള്‍ക്കായി പ്രാര്‍ത്ഥന നടത്തിയ രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടു. അനുമതിയില്ലാതെ ഓഫീസ് കോമ്പൗണ്ടില്‍ പ്രാര്‍ത്ഥന നടത്തിയെന്ന കുറ്റം ആരോപിച്ചാണ് പിരിച്ചുവിട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു പ്രാര്‍ത്ഥന സംഘടിപ്പിച്ചത്.

പ്രാര്‍ത്ഥന സംഘടിപ്പിച്ച് മണിക്കൂറുകള്‍ക്ക് ശേഷം വൈകുന്നേരം ഫോണ്‍ കോളിലൂടെയാണ് ഇരുവരെയും പിരിച്ചുവിട്ടതായി കമ്പനി അറിയിച്ചതെന്ന് ജീവനക്കാര്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസിനോട് പറഞ്ഞു.

മൈക്രോസോഫ്റ്റ് കമ്പ്യൂട്ടിങ് സോഫ്റ്റ്‌വെയര്‍ ഇസ്രഈല്‍ ഗവണ്‍മെന്റിന് വില്‍ക്കുന്നതില്‍ നിരന്തരം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ‘നോ അസൂര്‍ ഫോര്‍ അപ്പാര്‍ത്തീഡ്’ എന്ന കൂട്ടായ്മയിലെ അംഗങ്ങളാരായിരുന്നു ഇവര്‍. എന്നാല്‍ തങ്ങള്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥന മൈക്രോസോഫ്റ്റ് അനുമതി നല്‍കിയിട്ടുള്ള മറ്റു ക്യാമ്പയിനുകള്‍ക്ക് തുല്യമാണെന്നും അവര്‍ അവകാശപ്പെട്ടു.

‘മൈക്രോസോഫ്റ്റ് കമ്മ്യൂണിറ്റിയിലെ പല ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങളെയും ഫ്രണ്ട്‌സിനെയും ഈ യുദ്ധത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ വിഷയം അഡ്രസ്സ് ചെയ്യുന്നതില്‍ കമ്പനി പരാജയപ്പെടുകയായിരുന്നു. കമ്പനി ജീവനക്കാര്‍ക്ക് ഒരുമിച്ചിരുന്ന് അവരുടെ വിഷമം പങ്ക് വെക്കുന്നതിനും ഓര്‍മ്മകള്‍ പങ്കുവെക്കുന്നതിനുമുള്ള ഇടം നല്‍കുന്നതില്‍ മൈക്രോസോഫ്റ്റ് ശരിക്കും പരാജയപ്പെട്ടു,’ മൈക്രോസോഫ്റ്റ് ഡാറ്റ സയന്റിസ്റ്റ് ആയ അബ്ദോ മുഹമ്മദ് പറഞ്ഞു. ഇദ്ദേഹം പുറത്താക്കപ്പെട്ട ജീവനക്കാരില്‍ ഒരാളാണ്.

എന്നാല്‍ തങ്ങളുടെ ആഭ്യന്തര കാര്യങ്ങള്‍ക്ക് വിപരീതമായി ചില വ്യക്തികള്‍ പ്രവര്‍ത്തിച്ചതിനാല്‍ അവരെ പിരിച്ചുവിട്ടതായി വെള്ളിയാഴ്ച കമ്പനി അറിയിച്ചിരുന്നു. അതിന്റെ കാരണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം ഇന്നലെ പ്രാര്‍ത്ഥന സംഘടിപ്പിച്ചത് ഫലസ്തീനില്‍ കൊല്ലപ്പെട്ടവര്‍ക്ക് മാത്രമല്ല മറിച്ച് മൈക്രോസോഫ്റ്റ് ഇസ്രഈലിന് സോഫ്റ്റ്‌വെയര്‍ നല്‍കുന്നതിനുള്ള പ്രതിഷേധവുമാണെന്നും ജീവനക്കാര്‍ പറഞ്ഞു.

എന്നാല്‍ അബ്ദോ മുഹമ്മദിനെ പുറത്താക്കിയ വിവരം കമ്പനി അറിയിക്കുന്നതിനു മുന്നേതന്നെ സമൂഹ്യ മാധ്യമങ്ങളുടെ പ്രചരിച്ചതില്‍ ഗൂഢാലോചനയുണ്ടെന്നും ഇദ്ദേഹം ആരോപിച്ചു. ഈ വാര്‍ത്ത പ്രചരിപ്പിച്ച ഗ്രൂപ്പ് തന്നെ ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഫലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ച അബ്ദോവിനെ പിരിച്ച് വിടണമെന്ന് സി.ഇ.ഒ സത്യ നദല്ലെയോട് ആവശ്യപ്പെട്ടിരുന്നു.

ആഗോള ടെക് കമ്പനിയായ ഗൂഗിളും ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇസ്രഈലിന് ടെക്‌നോളജി നല്‍കുന്നതില്‍ നിന്ന് ഗൂഗിളിനെ വിലക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്ത 50 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

Content Highlight: Microsoft terminates two employees who conducted Palestine support player