മെസി ഈ വർഷത്തെ ബാലണ്‍ ഡി ഓര്‍ നേടിയാല്‍ അത് അഴിമതിയാവും: തുറന്ന് പറഞ്ഞ് വെസ്റ്റ് ഹാം താരം
2023 ലെ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് ആര് സ്വന്തമാക്കുമെന്ന ചര്‍ച്ചകളും വിശകലനങ്ങളുമാണ് ഫുട്‌ബോള്‍ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ ബാലണ്‍ ഡി ഓര്‍ അവാര്‍ഡിനെകുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇംഗ്ലീഷ് ക്ലബ്ബ് വെസ്റ്റ് ഹാമിന്റെ താരമായ മൈക്കല്‍ അന്റോണിയോ.
ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് എര്‍ലിങ് ഹാലണ്ടിനെ മറികടന്ന് ലയണല്‍ മെസി സ്വന്തമാക്കിയാല്‍ അത് അഴിമതി ആവുമെന്നും ഹാലാന്‍ണ്ടാണ് ബാലണ്‍ ഡി ഓര്‍ നേടാന്‍ അര്‍ഹന്‍ എന്നുമാണ് അന്റോണിയോ പറഞ്ഞത്.
‘കഴിഞ്ഞ സീസണിലെ ഹാലണ്ടിന്റെ പ്രകടനം കാണാതിരുന്നുകൂടാ. നിങ്ങള്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ എടുത്തുമാറ്റികൊണ്ട് കളിക്കളത്തിലെ കണക്കുകള്‍ താരതമ്യം ചെയ്താല്‍ ഹാലന്‍ണ്ടിന് അവാര്‍ഡ് ലഭിക്കണം. മെസി തന്റെ ആദ്യ ലോകകപ്പ് നേടിയത് വലിയ കാര്യമാണ്. പക്ഷേ ക്ലബ്ബ് ഫുട്‌ബോള്‍ നോക്കുമ്പോള്‍ മെസി അമേരിക്കയില്‍ കളിക്കുന്നു. എന്നാല്‍ ഹാലണ്ട് പ്രീമിയര്‍ ലീഗിലാണ് ഉള്ളത്. ഇവ രണ്ടും തമ്മില്‍ വലിയ വ്യത്യസമുണ്ട്,’ അദ്ദേഹം കൂട്ടിചേര്‍ത്തു.
കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊയി 53 മത്സരങ്ങളില്‍ നിന്നും 52 ഗോളുകളും ഒന്‍പത് അസിസ്റ്റുകളുമാണ് എര്‍ലിങ് ഹാലണ്ട് നേടിയത്. മാഞ്ചസ്റ്റര്‍ സിറ്റിക്കായി ട്രബിള്‍ കിരീടനേട്ടത്തിലും ഈ നോര്‍വീജിയന്‍ സൂപ്പര്‍ താരം പങ്കാളിയായി.
ലയണല്‍ മെസി കഴിഞ്ഞ ലോകകപ്പ് അര്‍ജന്റീനക്ക് നേടികൊടുത്തിരുന്നു. ആ ലോകകപ്പില്‍ ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി ഗോള്‍ഡന്‍ ബൗളും മെസി നേടിയിരുന്നു.
അതേസമയം ഫ്രഞ്ച് ലീഗില്‍ പാരീസിനൊപ്പം ലീഗ് വണ്‍ കിരീടം നേടുകയും ഫ്രഞ്ച് ക്ലബ്ബിനൊപ്പം 20 ഗോളുകളും 21 അസിസ്റ്റുകളും മെസി സ്വന്തമാക്കിയിട്ടുണ്ട്.
ഒക്ടോബര്‍ 30നാണ് പുതിയ ബാലണ്‍ ഡി ഓര്‍ ജേതാവിനെ പ്രഖ്യാപിക്കുക.
Content Highlight: Michail Antonio want Erling haland win the ballon d’or award.