Entertainment
ആ സത്യൻ അന്തിക്കാട് ചിത്രമൊക്കെ എന്നെ തേടി വന്നതായിരുന്നു: മേതിൽ ദേവിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 14, 04:31 am
Saturday, 14th September 2024, 10:01 am

കേരള സംഗീത നാടക അക്കാദമി പുരസ്‌കാരമടക്കം നേടിയ മോഹിനിയാട്ട കലാകാരിയാണ് മേതിൽ ദേവിക. മേതിൽ ദേവിക ആദ്യമായി നായികയാവുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ബിജു മേനോൻ നായകനാവുന്ന കഥ ഇന്നുവരെ സംവിധാനം ചെയ്യുന്നത് വിഷ്ണു മോഹനാണ്.

മലയാളത്തിൽ നിന്ന് തനിക്ക് മുമ്പ് വന്ന അവസരങ്ങളെ കുറിച്ചും സിനിമയിലേക്ക് എത്തിയതിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് മേതിൽ ദേവിക. കാബൂളി വാല, കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്നീ ചിത്രങ്ങൾ തന്നെ തേടി വന്നിരുന്നുവെന്നും എന്നാൽ അന്ന് നൃത്തത്തിനാണ് താൻ പ്രാധാന്യം കൊടുത്തിരുന്നതെന്നും മേതിൽ ദേവിക പറയുന്നു.

 

മുമ്പ് ഒരു ഇംഗ്ലീഷ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഒരുപാട് ആലോചിച്ചിട്ടാണ് ഒരു സിനിമയോട് നോ പറയുന്നതെന്നും പുതിയ ചിത്രം ‘കഥ ഇന്നുവരെ’ ഒരുപാട് ആസ്വദിച്ച് ചെയ്ത സിനിമയാണെന്നും മേതിൽ ദേവിക പറഞ്ഞു. വനിതാ മാഗസിനോട് സംസാരിക്കുകയായിരുന്നു അവർ.

‘നേരത്തെയും പല അവസരങ്ങളും വന്നിരുന്നു കാബൂളി വാല, കൊച്ചു കൊച്ചു സന്തോഷങ്ങൾ തുടങ്ങിയ സിനിമകൾ അക്കൂട്ടത്തിലുണ്ട്. നടിയാകണോ നർത്തകിയാകണോ എന്നു ഞാൻ സ്വയം ചോദിച്ചിരുന്നു. നൃത്തം മാത്രം മതി എന്നാണ് അക്കാലം എനിക്കു തന്ന ഉത്തരം. മുൻപ് ഹ്യൂമൻസ് ഓഫ് സംവൺ എന്ന ഒരു ഇംഗ്ലീഷ് സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്.

അതിൻ്റെ കഥ പറയുമ്പോൾ സംവിധായകൻ സുമേഷ് ഒരു നോ ആണ് പ്രതീക്ഷിച്ചത്. പക്ഷേ, ഞാൻ യെസ്‌ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഒരു അമ്പരപ്പായിരുന്നു. ഒരു ദിവസത്തെ ഷൂട്ടേ ഉള്ളു. മൂന്നാർ വരെ ഒന്നു പോയി വരാം. എങ്ങനെയാകും എന്നെ ബിഗ് സ്ക്രീനിൽ കാണാൻ എന്ന കൗതുകവുമുണ്ടായിരുന്നു.

അങ്ങനെയാണ് ആ സിനിമയിൽ അഭിനയിച്ചത്. പല കഥകളും ശ്രദ്ധാപൂർവം കേട്ടിട്ട് തന്നെയാണ് വേണ്ടെന്നു വച്ചിട്ടുള്ളത്. അല്ലാതെ ഒറ്റയടിക്ക് നോ പറഞ്ഞിട്ടില്ല. സംവിധായകൻ വിഷ്‌ണു മോഹൻ വളരെ വിശദമായി സംസാരിച്ചാണ് ‘കഥ ഇന്നു വരെ’യിൽ അഭിനയിക്കാൻ എന്നെ സമ്മതിപ്പിച്ചത്. ബിജു മേനോനാണ് അതിൽ എൻ്റെ നായകൻ. സിനിമ എനിക്കു പറ്റുമോ എന്ന സംശയം ഉണ്ടായിരുന്നു. നന്നായി ആസ്വദിച്ചാണ് അഭിനയിച്ചത്,’മേതിൽ ദേവിക പറയുന്നു.

 

Content Highlight: Methil Devika Talk About Offer’s From Malayalam Cinema