മെസിക്ക് കരയേണ്ടി വരും; ലോകകപ്പ് ഫൈനൽ മത്സരഫലം പ്രവചിച്ച് പിയേഴ്സ് മോർഗൻ
2022 FIFA World Cup
മെസിക്ക് കരയേണ്ടി വരും; ലോകകപ്പ് ഫൈനൽ മത്സരഫലം പ്രവചിച്ച് പിയേഴ്സ് മോർഗൻ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th December 2022, 6:12 pm

ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ ആവേശകരമായ ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി.

ലുസൈൽ സ്റ്റേഡിയത്തിൽ കലാശപ്പോരാട്ടത്തിൽ അർജന്റീന നേരിടുന്നത് നിലവിലെ ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെയാണ്.

കോപ്പ- ലോകകപ്പ് ജേതാക്കൾ തമ്മിലുള്ള പോരാട്ടം ഫുട്ബോൾ ആരാധകർക്ക് ഒരു വിരുന്ന് തന്നെയായി മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എന്നാലിപ്പോൾ അർജന്റീന-ഫ്രാൻസ് ഫൈനൽ മത്സരത്തിന്റെ റിസൾട്ട്‌ പ്രഖ്യാപിപിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത ബ്രിട്ടീഷ് മാധ്യമ പ്രവർത്തകൻ പിയേഴ്സ് മോർഗൻ.

ട്വിറ്ററിലൂടെയാണ് മോർഗൻ തന്റെ ലോകകപ്പ് പ്രവചനം നടത്തിയത്.
“അർജന്റീനയെ തോൽപ്പിച്ച് 3-1ന് ഫ്രാൻസ് വിജയിക്കും. എംബാപ്പെ രണ്ട് ഗോളുകൾ നേടും. ഗ്രീസ്മാനായിരിക്കും മാൻ ഓഫ് ദി മാച്ച്. കൂടാതെ ഇന്ന് മെസി കരയും,’ അദ്ദേഹം ട്വീറ്റ് ചെയ്തു.

മുമ്പ് റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുള്ള പുറത്താകലിന് കാരണമായ ഇന്റർവ്യൂ നടത്തിയത് പിയേഴ്സ് മോർഗനായിരുന്നു. പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിലാണ് മാൻയുണൈറ്റഡ് തന്നെ ചതിച്ചു എന്ന് റൊണാൾഡോ വെളിപ്പെടുത്തിയിരുന്നത്.

അതേതുടർന്നുണ്ടായ പ്രശ്ങ്ങളുടെ പേരിൽ പിന്നീട് റൊണാൾഡോയും മാൻയുണൈറ്റഡും തമ്മിൽ പിരിഞ്ഞിരുന്നു.
അതേസമയം ലോകകപ്പ് സ്വന്തമാക്കാനുള്ള അവസാന അവസരമായിരിക്കും മെസിക്ക് ഖത്തറിൽ ലഭിക്കുന്നത്. ഇനിയൊരു ലോകകപ്പ് മത്സരത്തിൽ കൂടി മെസി ഉണ്ടാകില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.

മെസിക്കൊപ്പം ജൂലിയൻ അൽവാരസ്, ഡീ പോൾ, മക്കാലിസ്റ്റർ, ലിസാൻഡ്രോ മാർട്ടീനസ് മുതലായ താരങ്ങളുടെ മികവിലാണ് അർജന്റീന മുന്നേറുന്നത്.

അതേസമയം എംബാപ്പെ, ഗ്രീസ്മാൻ, ജിറൂഡ് അടക്കമുള്ള ഫ്രഞ്ച് നിരയും പ്രകടന മികവിലും, പോരാട്ടവീര്യത്തിലും ഒട്ടും പിന്നോട്ടല്ല.
അഞ്ച് ഗോളുകൾ വീതം കരസ്ഥമാക്കി ലോകകപ്പ് ഗോൾഡൻ ബൂട്ട് വിജയികൾക്കുള്ള മത്സരത്തിൽ മുൻപന്തിയിലാണ് മെസിയും, എംബാപ്പെയും. നാല് ഗോളുകളുമായി ഒലിവർ ജിറൂഡും പിന്നാലെയുണ്ട്.

അതേസമയം ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഫൈനൽ മത്സരത്തിൽ വിജയിക്കാനായാൽ ഇറ്റലിക്കും ബ്രസീലിനും ശേഷം തുടർച്ചയായ രണ്ട് ലോകകിരീടം സ്വന്തമാക്കുന്ന ടീം എന്ന ബഹുമതി ഫ്രാൻസിന് സ്വന്തമാക്കാം. മത്സരത്തിൽ അർജന്റീന വിജയിച്ചാൽ ഇരുപത് വർഷങ്ങൾക്ക് ശേഷം ലാറ്റിനമേരിക്കയിലേക്ക് ലോകകപ്പ് കിരീടം എത്തും.

2006ല്‍ ഫ്രാന്‍സ് ഫൈനലില്‍ ഇറ്റലിയോട് തോറ്റിരുന്നു. അര്‍ജന്റീന 2014ൽ ജർമനിയോടും ഫൈനൽ പോരാട്ടത്തിൽ കീഴടങ്ങി.

Content Highlights:Messi will have to cry Piers Morgan predicts the World Cup final match result