ലോകകപ്പ് ഫുട്ബോൾ കിരീടം ശിരസ്സിലേറ്റിയിരിക്കുകയാണ് സാക്ഷാൽ മിശിഹാ. ഖത്തറിന്റെ മണ്ണിൽ അരങ്ങേറിയ ഫുട്ബോൾ മഹാമേളയുടെ കലാശക്കൊട്ടിൽ ഖത്തറിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ലുസൈലിൽ വെച്ച് ഫ്രാൻസിനെ തകർത്ത് വിട്ട് മെസി ഒടുവിൽ ഫുട്ബോളിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായ ലോകകപ്പും സ്വന്തമാക്കി.
എന്നാലിപ്പോൾ ലോകകപ്പ് കിരീടം നേടിയതിന് തൊട്ടു പിന്നാലെ മറ്റൊരു മികച്ച ഫുട്ബോളറും ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന വ്യക്തിയുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് തകർത്തിരിക്കുകയാണ് മെസി.
ലോകകപ്പിൽ മെസി കപ്പ് ഉയർത്തുന്ന ഫോട്ടോക്ക് ഏകദേശം അൻപത് മില്യനിൽ കൂടുതൽ ലൈക് ആണ് ഇൻസ്റ്റാഗ്രാമിൽ നിന്നും ലഭിച്ചത്. ഒരു കായിക താരത്തിന്റെ ഏതെങ്കിലുമൊരു ഫോട്ടോക്ക് ഇത്രയേറെ ലൈക്കുകൾ ഇതിന് മുമ്പ് ലഭിച്ചിട്ടില്ല.
View this post on Instagram
ഇതിന് മുമ്പ് മെസിയും റൊണാൾഡൊയും ചേർന്ന് ചെസ് ബോർഡിൽ നോക്കിയിരിക്കുന്ന തരത്തിലുള്ള ലോകകപ്പ് സമയത്ത് പുറത്ത് വന്ന ഫോട്ടോക്കാണ് ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിച്ചിരുന്നത്. 42 മില്യൺ ലൈക്സ് ആണ് റൊണാൾഡോ പോസ്റ്റ് ചെയ്ത ചിത്രത്തിന് ലഭിച്ചിരുന്നത്. മെസി പങ്കുവെച്ച അതേ ചിത്രത്തിന് 35 മില്യൺ ലൈക്സ് ആണ് ലഭിച്ചിരുന്നത്.
റൊണാൾഡോയെ 519 മില്യൺ ആളുകൾ ഇൻസ്റ്റാഗ്രാമിലൂടെ പിന്തുടരുമ്പോൾ 401 മില്യൺ ഫോളോവേഴ്സാണ് മെസിക്ക് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. ലോകകപ്പിൽ റൊണാൾഡോയുടെ പോർച്ചുഗൽ ക്വാർട്ടർ ഫൈനലിൽ മൊറൊക്കോയോട് തോറ്റ് പുറത്തായിരുന്നു.
ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ നിശ്ചിതസമയത്തും, അധികസമയത്തും സ്കോർ 3-3 എന്ന നിലയിലായിരുന്നു.
ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിനാണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്.
ഇതോടെ 1978,1986 എന്നീ വർഷങ്ങൾക്ക് ശേഷം മൂന്നാം ലോകകിരീടം സ്വന്തമാക്കാൻ മെസിക്കും കൂട്ടർക്കുമായിരിക്കുകയാണ്.
View this post on Instagram
ലോകകപ്പ് വിജയിക്കാൻ സാധിച്ചതോടെ നീണ്ട 20 വർഷങ്ങൾക്ക് ശേഷം ലോകകിരീടം ലാറ്റിനമേരിക്കയിലേക്ക് എത്തിയിരിക്കുകയാണ്. അവസാനമായി ബ്രസീലാണ് 2002ൽ ലാറ്റിനമേരിക്കയിൽ കിരീടമെത്തിച്ചത്.
Content Highlights:Messi overtakes Ronaldo’s record