എം.ഇ.എസിലേതും കര്‍ണാടകയിലേതും രണ്ട് വിഷയങ്ങള്‍; ഹിജാബ് ധരിക്കാന്‍ അനുവദിക്കണം എന്ന അവകാശത്തിനൊപ്പമെന്ന് ഫസല്‍ ഗഫൂര്‍
Kerala News
എം.ഇ.എസിലേതും കര്‍ണാടകയിലേതും രണ്ട് വിഷയങ്ങള്‍; ഹിജാബ് ധരിക്കാന്‍ അനുവദിക്കണം എന്ന അവകാശത്തിനൊപ്പമെന്ന് ഫസല്‍ ഗഫൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th February 2022, 9:09 pm

കോഴിക്കോട്: കര്‍ണാടകയില്‍ ഹിജാബ് വിഷയം വിവാദമകുന്നതിനിടെ മുഖം മറയ്‌ക്കെരുതെന്ന എം.ഇ.എസിന്റെ മുന്‍ സര്‍ക്കുലറിന് മറുപടിയുമായി പ്രസിഡന്റ് ഫസല്‍ ഗഫൂര്‍.

ഹിജാബ് ധരിക്കുന്നതിന് എതിരല്ലെന്നും ഹിജാബ് ധരിക്കാന്‍ അനുവദിക്കാം എന്ന അവകാശത്തിനൊപ്പമാണെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. മാതൃഭൂമിയുടെ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കര്‍ണാടകയില്‍ നടക്കുന്നതും എം.ഇ.സിന്റെ സര്‍ക്കുലറും തമ്മില്‍ വ്യത്യാസമുണ്ട്. എം.ഇ.എസ് കോളേജില്‍ മുഖം മറയ്ക്കുന്ന നിഖാബ് ധരിക്കുന്നതിനെതിരെയായിരുന്നു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നത്. എന്നാല്‍ കര്‍ണാടകയില്‍ കോളേജുകള്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് ഹിജാബിനാണ്.

തല മാത്രം മൂടി ശിരോവസ്ത്രം ധരിക്കുന്നതിനെയാണ് ‘ഹിജാബ്’ എന്ന് പറയുന്നത്. കണ്ണ് മാത്രം പുറത്ത് കാണിച്ച്, തലക്കൊപ്പം മുഖം കൂടി മറക്കുന്നതിനെ ‘നിഖാബ്’ എന്നും, കണ്ണും കൂടി മൂടുന്ന രീതിയിലുള്ള വസ്ത്രധാരണത്തെ ‘ബുര്‍ഖ’ എന്നുമാണ് പറയുന്നത്.

മുഖം മറയ്ക്കല്‍ ഇസ്‌ലാമിന്റെ ഭാഗമല്ല എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. തലമറയ്ക്കുന്നതാണ് ഹിജാബ്.
അത് ധരിക്കുന്നതിന് ഞങ്ങള്‍ എതിരല്ല. അത് ധരിക്കാന്‍ അനുവധിക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം.

അത് ഭരണഘടന നല്‍കുന്ന അവകാശമാണ്. ഞങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരുന്ന ഭൂരിപക്ഷം വിദ്യാര്‍ഥിനികളും ഹിജാബ് ധരിച്ചാണ് വരുന്നത്,’ ഫസല്‍ ഗഫൂര്‍ പറഞ്ഞു.

ഇന്ത്യയുടെ പ്രമുഖ വനിത നേതാക്കളായ പ്രതിഭ പാട്ടീലും ഇന്ദിരാ ഗാന്ധിയും അടക്കുള്ള നേതാക്കള്‍ തലമറച്ചാണ് പൊതുമണ്ഡലത്തില്‍ വന്നിരുന്നത്. ഇത് രാജ്യത്തിന്റെ കള്‍ച്ചറിന്റെ ഭാഗമായി രൂപപ്പെട്ട അവകാശമാണെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

കര്‍ണാടകയില്‍ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എം.ഇ.എസ് കലാലയങ്ങളില്‍ പെണ്‍കുട്ടികള്‍ മുഖം മറക്കുന്ന നിഖാബ് ധരിക്കുന്നതിനെതിരെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് ചൂണ്ടിക്കാട്ടിയുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഫസല്‍ ഗഫൂറിന്റെ പ്രതികരണം.