Film News
അന്ധാദുനിന് ശേഷം മെറി ക്രിസ്മസുമായി ശ്രീറാം രാഘവന്‍; വിജയ് സേതുപതിയും കത്രീനയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 24, 08:16 am
Saturday, 24th December 2022, 1:46 pm

വിജയ് സേതുപതിയും കത്രീന കൈഫും ആദ്യമായി ഒന്നിക്കുന്ന മെറി ക്രിസ്മസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. രക്തമെന്ന് തോന്നിക്കുന്ന ദ്രാവകമുള്ള രണ്ട് ഗ്ലാസുകള്‍ കൂട്ടിമുട്ടിച്ച് പൊട്ടിപ്പോകുന്ന ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാനാവുന്നത്. അന്ധാദുന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ശ്രീറാം രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മെറി ക്രിസ്മസ്.

തമിഴിലും ഹിന്ദിയുമായി ഒരുമിച്ചെത്തുന്ന ചിത്രത്തിന്റെ റിലീസ് 2023ലാണ്. വിജയ് സേതുപപതിയും കത്രീനയും പോസ്റ്റര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്. ടിപ്‌സ് ഫിലിംസ് ലിമിറ്റഡും മാച്ച് ബോക്‌സ് പ്രൈവറ്റ് ലിമിറ്റഡും അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് രമേശ് തൗരണിയും സഞ്ജയ് റൗട്രയും ചേര്‍ന്നാണ്.

കഴിഞ്ഞ വര്‍ഷം ക്രിസ്മസിനായിരുന്നു ചിത്രം അനൗണ്‍സ് ചെയ്തത്. ശ്രീറാം രാഘവനൊപ്പമുള്ള ക്രിസ്മസ് പുതിയൊരു തുടക്കണാണെന്നാണ് കത്രീന അന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

‘ശ്രീറാം സാറിനൊപ്പം വര്‍ക്ക് ചെയ്യണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. ത്രില്ലര്‍ നരേഷനില്‍ അദ്ദേഹം ഒരു മാസ്റ്ററാണ്. അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുക എന്ന് പറഞ്ഞാല്‍ അതൊരു ബഹുമതിയാണ്. വിജയ് സേതുപതിക്കൊപ്പം അഭിനയിക്കുന്നതിലും വളരെ എക്‌സൈറ്റഡാണ്,’ കത്രീന കൂട്ടിച്ചേര്‍ത്തു.

ഫോണ്‍ ഭൂതാണ് ഒടുവില്‍ കത്രീനയുടേതായി റിലീസ് ചെയ്ത ചിത്രം. സിദ്ധാന്ത് ചതുര്‍വേദി നായകനായ ചിത്രം നവംബര്‍ നാലിന് ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്.

View this post on Instagram

A post shared by Katrina Kaif (@katrinakaif)

വിക്രമാണ് ഒടുവില്‍ റിലീസ് ചെയ്ത വിജയ് സേതുപതിയുടെ ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ കമല്‍ ഹാസനാണ് നായകനായത്.

Content Highlight: merry christmas movie first look poster