Kerala News
ഇവിടുന്ന് മൃതദേഹങ്ങള്‍ മലപ്പുറം വരെ ഒഴുകിയെത്തി, മഴ പെയ്താല്‍ ഇനിയും സ്ഥിതി വഷളാകും: മേപ്പാടി പള്ളി വികാരി ഫാദര്‍ സണ്ണി എബ്രഹം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jul 30, 11:24 am
Tuesday, 30th July 2024, 4:54 pm

വയനാട്: കേരളം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടലാണ് വയനാട് ചൂരല്‍മലയില്‍ ഉണ്ടായിരിക്കുന്നത്. മുണ്ടക്കൈ ഗ്രാമത്തെ ഉരുള്‍പൊട്ടല്‍ പൂര്‍ണമായും തുടച്ചുനീക്കി. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം ചൂരല്‍മലയിലെത്തിച്ചേര്‍ന്നു. ഉരുള്‍പൊട്ടലിന്റെ തീവ്രതയെപ്പറ്റി സംസാരിക്കുകയാണ് മേപ്പാടി പള്ളി വികാരി ഫാദര്‍ സണ്ണി എബ്രഹാം.

ഇതുവരെ കാണാത്ത തരത്തിലുള്ള ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്നും മലപ്പുറം വരെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയെത്തിയതായി താന്‍ അറിഞ്ഞെന്നും മഴ ഇനിയും തുടരുകയാണെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് ഫാദര്‍ പറഞ്ഞു. ഉച്ചയോടെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായെന്ന് താന്‍ കേട്ടുവെന്നും ഫാദര്‍ പറഞ്ഞു.

ദുരന്തമുഖത്ത് സൈന്യവും ബാക്കി രക്ഷാപ്രവര്‍ത്തകരും എത്തിച്ചേര്‍ന്നുവെന്നും അവിടേക്ക് ഇനി ആരും വളണ്ടിയര്‍മാരായി എത്തേണ്ടതില്ലെന്നും ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ ഇനി എത്തിക്കുകയാണ് വേണ്ടതെന്നും ഫാദര്‍ പറഞ്ഞു.

‘ഇപ്പോഴുണ്ടായിരിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാണ്. ഇവിടെയുണ്ടായ ഉരുള്‍പൊട്ടലിലെ മൃതദേഹങ്ങള്‍ മലപ്പുറം വരെയെത്തിയെന്നാണ് ഞാന്‍ കേള്‍ക്കുന്നത്. ഇനിയും മഴ പെയ്യുകയാണെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകും. ഉച്ചയോടെ വീണ്ടും ഉരുള്‍പൊട്ടിയെന്ന് ഇവിടെയുള്ളവര്‍ പറയുന്നുണ്ടായിരുന്നു. എന്താണ് സ്ഥിതിയെന്ന് അറിയില്ല.

ദുരന്തം നടന്ന സ്ഥലത്ത് സൈന്യം എത്തിയിട്ടുണ്ട്. ബാക്കി രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് അവര്‍ക്ക് സാധ്യമായിട്ടുള്ളതെല്ലാം ചെയ്യുന്നുണ്ട്. അവിടേക്ക് ഇനി വളണ്ടിയര്‍മാരുടെ ആവശ്യമില്ല. സമീപത്തെ ക്യാമ്പില്‍ ആവശ്യമായിട്ടുള്ള സാധനങ്ങള്‍ എത്തിക്കാന്‍ പറ്റുന്ന രീതിയില്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്,’ ഫാദര്‍ പറഞ്ഞു.

Content Highlight: Meppadi church vicar about the landslide in Wayanad