ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു
national news
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th October 2020, 10:03 pm

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായി മെഹബൂബ മുഹ്തി തടങ്കലില്‍ നിന്ന് മോചിതയായി. ഒരു വര്‍ഷത്തിലേറെയാണ് മുഫ്തി തടങ്കലില്‍ കഴിഞ്ഞത്.

ജമ്മുകശ്മീര്‍ സര്‍ക്കാര്‍ വക്താവ് രോഹിത് കന്‍സാല്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മെഹബൂബ മുഫ്തിയെ ഉടന്‍ മോചിതയാക്കും- എന്നായിരുന്നു ട്വീറ്റ്.

‘മിസ് മുഫ്തിയുടെ തടങ്കല്‍ ഒടുവില്‍ അവസാനിക്കുന്നു. ഈ ദുഷ്‌കരമായ സമയങ്ങളില്‍ എന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു. എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു- എന്നായിരുന്നു വാര്‍ത്ത സ്ഥിരീകരിച്ച് മെഹബൂബയുടെ ഔദ്യോഗിക ട്വീറ്റ്.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവിയെടുത്തുമാറ്റിയതുമായി ബന്ധപ്പെട്ടാണ് മുഫ്തിയടക്കമുള്ള നേതാക്കളെ തടങ്കലിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. ഇക്കഴിഞ്ഞ ജൂലൈയില്‍ മുഫ്തിയുടെ തടങ്കല്‍ മൂന്ന് മാസം കൂടി നീട്ടിയിരുന്നു.

കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ 2019 ആഗസ്റ്റ് 5 മുതല്‍ മെഹബൂബ മുഫ്തി തടവിലാണ്. ആദ്യം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലും പിന്നീട് സ്വന്തം വീട്ടിലുമായി തടവിലാക്കുകയായിരുന്നു.

പബ്ലിക് സേഫ്റ്റി ആക്റ്റ് പ്രകാരമാണ് പിന്നീട് തടങ്കല്‍ കാലാവധി നീട്ടിയെതെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്.

ജമ്മുകശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള എന്നിവരെയാണ് തടങ്കലിലാക്കിയത്.

മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെയും മകന്‍ ഒമര്‍ അബ്ദുള്ളയുടെയും തടങ്കല്‍ കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ചിരുന്നു.


Content Highlights:  Mehabooba mufti released from detention