ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്ന് പുറത്തുപോയ പ്രിൻസ് ഹാരിയ്ക്കും മേഗനും വിവാദങ്ങൾ പുതിയ കഥയല്ല. ഒന്നിനു പുറകേ ഒന്നായി നിരവധി വിവാദങ്ങളിലാണ് ഇരുവരും ചെന്നുപെട്ടത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വലിയ താത്പര്യം കാണിക്കുന്ന മേഗൻ മർക്കിൾ സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ സമ്മാനമായി നൽകിയ കമ്മലുകൾ ധരിച്ചുവെന്നതാണ് ഇവർക്കെതിരായി ഇപ്പോൾ വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്നത്.
ഒരാഴ്ച മുൻപാണ് മുഹമ്മദ് ബിൻ സൽമാൻ സമ്മാനമായി നൽകിയ കമ്മൽ മേഗൻ ധരിച്ചുവെന്ന റിപ്പോർട്ടുകൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ജമാൽ ഖഷോഗ്ജിയുടെ ചോരക്കറപുരണ്ട കമ്മലാണ് മേഗൻ ധരിക്കുന്നത് എന്നുൾപ്പെടെയുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.
ഇപ്പോൾ പ്രശസ്ത മാധ്യമപ്രവർത്തക ഒപ്ര വിൻഫ്രിയുമായുള്ള മേഗന്റെയും ഹാരിയുടെ അഭിമുഖം സംപ്രേക്ഷണം ചെയ്യാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് സൽമാൻ രാജകുമാരൻ മേഗന് സമ്മാനമായി നൽകിയ കമ്മലുമായി ബന്ധപ്പെട്ട ചർച്ചകളും വിവാദത്തിൽ ഇടംപിടിക്കുന്നത്.
മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗ്ജി കൊല്ലപ്പെട്ട മൂന്നാഴ്ചയ്ക്ക് ശേഷം നടന്ന വിരുന്നിൽ വിവാഹ സമ്മാനമായി മുഹമ്മദ് ബിൻ സൽമാൻ നൽകിയ കമ്മലുകൾ മേഗൻ ധരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം റിപ്പോർട്ട് ഇരുവരും നിഷേധിച്ചു. ഒപ്രാ വിൻഫ്രിയുമായുള്ള അഭിമുഖം വരുന്നതിന്റെ ഭാഗമായാണ് ഇത്തരം വിവാദങ്ങളെന്നാണ് മേഗന്റെയും ഹാരിയുടെയും വക്താവ് പറഞ്ഞത്.
ഹാരിയുടെ മേഗന്റെയും ഒപ്രാ വിൻഫ്രി ഷോയിൽ നിന്നും ശ്രദ്ധ തിരിക്കാൻ രാജകുടുംബത്തിലെ മറ്റെല്ലാ അംഗങ്ങളും ചേർന്ന് മറ്റൊരു പ്രത്യേക പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്.
ഒപ്രാ വിൻഫ്രിയുമായുള്ള അഭിമുഖം സംപ്രേക്ഷണം ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ചാൾസ് രാജകുമാരൻ, കമില, വില്ല്യം, കെയ്റ്റ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
കൊവിഡ് മഹാമാരി നേരിടുന്നതിൽ ബ്രിട്ടൻ കാണിച്ച അസാമാന്യ ധീരതയെക്കുറിച്ച് പരിപാടിയിൽ ചാൾസ് രാജകുമാരൻ സംസാരിക്കും എന്നാണ് റിപ്പോർട്ടുകൾ. രാജകുടുംബത്തിൽ നിന്ന് പുറത്ത് വന്നതിന് ശേഷം പ്രിൻസ് ഹാരിയും മേഗനും ആദ്യമായി സംസാരിക്കുന്നത് ഒപ്ര വിൻഫ്രിയുമായുള്ള അഭിമുഖത്തിലാണ്. സി.ബി.എസിലാണ് പരിപാടി സംപ്രക്ഷേണം ചെയ്യുക. ഇതിനോടകം തന്നെ അഭിമുഖത്തിന്റെ ട്രെയ്ലർ വൈറലായി കഴിഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക