അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വരച്ചുവെച്ച സമവാക്യങ്ങളില്‍ നിന്ന് ലോകം പതിയെ നീങ്ങി തുടങ്ങുകയാണ്. ഇസ്രഈലുമായി വളരെ അടുപ്പമുള്ള ട്രംപ് വൈറ്റ് ഹൗസില്‍ നിന്നിറങ്ങുമ്പോള്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ജോ ബൈഡന്റെ നയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ലോകമെങ്ങും മുറുകുകയാണ്.
ഈ പശ്ചാത്തലത്തില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പുതിയ തീരുമാനവുമായി മുന്നോട്ട് വന്നു. ഇസ്രഈല്‍ രഹസ്യാന്വേഷണ സംഘടനയായ മൊസാദിന് ഇനി പുതിയ തലവന്‍ വരുമെന്നായിരുന്നു നെതന്യാഹുവിന്റെ പ്രഖ്യാപനം.
മൊസാദിന്റെ പുതിയ തലവന്റെ പേര് അദ്ദേഹം പുറത്തുവിട്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ഹിബ്രു ഇനീഷ്യലായ ഡാലെറ്റ് എന്ന പേരിലാണ് മൊസാദിന്റെ പുതിയ തലവനെ ഇസ്രഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളാകട്ടെ അദ്ദേഹത്തെ ഡി എന്ന പേരില്‍ വിളിക്കുന്നു.
ഡിയുടെ മുഴുവന്‍ പേര് ഉടന്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇസ്രഈല്‍ ചാരസംഘടനയായ മൊസാദിന്റെ നിലവിലെ ഡെപ്യൂട്ടി തലവന്‍ കൂടിയാണ് അദ്ദേഹം.
മൊസാദിന്റെ ഇപ്പോഴത്തെ തലവന്‍ യോസി കോഹനുപകരമാണ് ഡി ചുമതലയേല്‍ക്കുക. 2021 ജൂണിലാണ് അഞ്ചര വര്‍ഷത്തിന് ശേഷം കോഹന്‍ സ്ഥാനമൊഴിയുന്നത്.
എന്തുകൊണ്ട് മൊസാദിന്റ പുതിയ തലവന്‍ നിര്‍ണായകമാകുന്നു
ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായതിന് പിന്നാലെ ഇറാന്‍-അമേരിക്ക ബന്ധം പഴയ നിലയില്‍ ആകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇറാനുമായുള്ള ജെ.പി.സി.ഒ.എ ആണവകരാറില്‍ തിരികെയെത്താന്‍ താത്പര്യമുണ്ടെന്ന് ബൈഡനും ഒരു ഒപ്പിട്ടാല്‍ മതി അമരേിക്കയക്ക് കരാറില്‍ മടങ്ങിയെത്താമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കിയിരിക്കുകയാണ്.
ഈ പശ്ചാത്തലത്തില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന്റെ കടുത്ത നിരീക്ഷകരായ ഇസ്രഈലിന്റ സമ്മര്‍ദ്ദവും കൂടി. അതുകൊണ്ട് പുതിയ മൊസാദ് തലവന് ഭാരിച്ച ഉത്തരവാദിത്തങ്ങളായിരിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
ബരാക് ഒബാമയുടെ കാലത്ത് രൂപം കൊണ്ട ജെ.പി.സി.ഒ.എ കരാറിന്റെ കടുത്ത വിമര്‍ശകരായിരുന്നു ഇസ്രഈല്‍. ഒബാമയുടെ കാലത്തെ വൈസ് പ്രസിഡന്റ് കൂടിയായ ബൈഡന്‍ ഇറാന്‍-അമേരിക്ക തര്‍ക്കം വഷളായിരിക്കെ അധികാരത്തിലെത്തുന്നത് ഗൗരവതരമായി തന്നെയാണ് ഇസ്രഈല്‍ കാണുന്നത്.
പുതിയ മൊസാദ് തലവന് ശക്തരായ മൂന്ന് എതിരാളികള്‍ ഉണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവര്‍ക്കും മൊസാദിന്റെ തലവനാകാന്‍ തുല്യ യോഗ്യതയുണ്ടെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
56 കാരനായ ഡി സയ്‌റെത്തിലാണ് മിലിറ്ററി സേവനം അനുഷ്ഠിച്ചത്. 30 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം മൊസാദില്‍ ചേരുന്നത്. ഇതിനിടയില്‍ രണ്ട് വര്‍ഷം മാത്രമാണ് അദ്ദേഹം മൊസാദില്‍ നിന്ന് ഇടവേളയെടുക്കുന്നത്.
2020ല്‍ തന്നെ മൊസാദിന്റെ ഇപ്പോഴത്തെ തലവന്‍ കോഹന്‍ സ്ഥാനമൊഴിയേണ്ടതായിരുന്നു. എന്നാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അഭ്യര്‍ത്ഥനമാനിച്ച് ആറ് മാസത്തേക്ക് കൂടി അദ്ദേഹം മൊസാദിന്റെ തലവനായി തുടരുകയാണ്.
ഇറാന്‍ ആണവശാസ്ത്രജ്ഞന്‍ മൊഹ്‌സീന്‍ ഫ്രക്രീസാദെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഓപ്പറേഷന്‍സ് പൂര്‍ത്തീകരിക്കാനാണ് കൊഹാന്‍ ആറുമാസക്കാലം കൂടി തുടരാമെന്ന് തീരുമാനിച്ചതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
മൊസാദിന്റെ കരുത്തനായ തലവനെന്ന വിശേഷണം ലഭിച്ചയാളാണ് കോഹാന്‍. അതേസമം ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള അതിരുകടന്ന അടുപ്പവും പൊതുമധ്യത്തില്‍ കൂടുതല്‍ പ്രത്യക്ഷപ്പെട്ടതും അദ്ദേഹത്തെ വിവാദത്തിലാഴ്ത്തിയിരുന്നു.സാധാരണ മൊസാദിന്റെ തലവന്‍മാര്‍ മുഖ്യധാരയില്‍ മുഖം കാണിക്കുന്നവരല്ല.
കൂടുതല്‍ അറബ് രാഷ്ട്രങ്ങളുമായി നോര്‍മലൈസേഷന്‍ സാധ്യമാക്കുന്നതുള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ തന്നെയായിരിക്കും മൊസാദിന്റെ പുതിയ തലവനും ഉണ്ടായിരിക്കുക എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.