'എനിക്ക് എത്രയും പെട്ടെന്ന് അവിടെ എത്തണം'; നിത്യാനന്ദയുടെ പുതിയ രാജ്യത്തേക്ക് പോകണമെന്ന് മീര മിഥുന്‍
tamil cinema
'എനിക്ക് എത്രയും പെട്ടെന്ന് അവിടെ എത്തണം'; നിത്യാനന്ദയുടെ പുതിയ രാജ്യത്തേക്ക് പോകണമെന്ന് മീര മിഥുന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 26th August 2020, 6:34 pm

ചെന്നൈ: വിവാദ പരാമര്‍ശങ്ങളിലുടെയും ആരോപണങ്ങളിലൂടെയും കുപ്രസിദ്ധയാണ് നടി മീര മിഥുന്‍. ഇപ്പോഴിതാ മറ്റൊരു വിവാദ നായകന്‍ നിത്യാനന്ദയുടെ പുതിയ രാജ്യത്തിലേക്ക് പോകണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് മീര.

ട്വിറ്ററിലൂടെയായിരുന്നു മീരയുടെ ആഗ്രഹപ്രകടനം. എല്ലാവരും അദ്ദേഹത്തെ കളിയാക്കുകയും കുറ്റം പറയുകയും ചെയ്യുകയാണ് മാധ്യമങ്ങള്‍ വരെ അദ്ദേഹത്തിന് എതിരായിട്ടാണ് സംസാരിക്കുന്നത്, എന്നാല്‍ അദ്ദേഹത്തിന്റെ ശക്തി ഓരോ ദിവസം കഴിയുംതോറും കൂടി വരികയാണ്, എനിക്ക് എത്രയും പെട്ടെന്ന് അദ്ദേഹത്തെ കാണണം എന്നാണ് മീര ട്വിറ്റ് ചെയ്തിരിക്കുന്നത്.

ഇതിനു മുന്‍പും മീര നിത്യാന്ദയെ പ്രകീര്‍ത്തിച്ച് മീര രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ ദിവസം നിത്യാനന്ദ തന്റെ രാജ്യത്തിന്റെ പുതിയ കറന്‍സി പുറത്തുവിട്ടിരുന്നു ഇതിന് പിന്നാലെയാണ് മീരയുടെ ട്വീറ്റ് പുറത്തുവന്നത്.

മീരയോട് എത്രയും പെട്ടന്ന് ഇന്ത്യയില്‍ നിന്ന് കയറി പോകാന്‍ ആണ് വിമര്‍ശകര്‍ പറയുന്നത്. നേരത്തെ മീര വിജയ്, സൂര്യ, തൃഷ തുടങ്ങിയവര്‍ക്കെതിരെ രംഗത്ത് എത്തിയിരുന്നു. ഇവര്‍ തന്റെ സ്റ്റൈല്‍ കോപ്പി അടിക്കുന്നെന്നും സൂര്യയ്ക്ക് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്നുമായിരുന്നു മീരയുടെ ആരോപണം.

അതേസമയം നിത്യനന്ദയുടെ പുതിയ കറന്‍സിയെ കുറിച്ചും നിത്യാനന്ദയുടെ റിസര്‍വ് ബാങ്കിനെ കുറിച്ചും വ്യാപക ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. സ്വന്തമായി പ്രഖ്യാപിച്ച രാജ്യത്തിന്റെ പുതിയ കറന്‍സിയും റിസര്‍വ്വ് ബാങ്കും പ്രഖ്യാപിച്ച് വിവാദ ആള്‍ദൈവം നിത്യാനന്ദ. റിസര്‍വ് ബാങ്ക് ഓഫ് കൈലാസ എന്നുപേരിട്ടിരിക്കുന്ന റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ കറന്‍സിക്ക് കൈലേഷ്യന്‍ ഡോളര്‍’ എന്നാണ് പേരിട്ടിരിക്കുന്നത്.

നിത്യാനന്ദയുടെ മുഖം ഉള്‍പ്പെടുത്തിയുള്ളതാണ് കറന്‍സി. സ്വര്‍ണത്തില്‍ നിര്‍മിച്ച നാണയങ്ങളാണ് കൈലാസിയന്‍ ഡോളര്‍. തമിഴില്‍ ഇതിനെ ഒരു പൊര്‍കാസ് എന്നും സംസ്‌കൃതത്തില്‍ സ്വര്‍ണമുദ്ര എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

11.66 ഗ്രാം സ്വര്‍ണത്തിലാണ് ഒരു കൈലാസിയന്‍ ഡോളര്‍ നിര്‍മിച്ചിരിക്കുന്നതെന്നാണ് നിത്യാനന്ദ പറയുന്നത്. 1/4, 1/2, 3/4, രണ്ട്, മൂന്ന്, നാല്, അഞ്ച്, 10 ഡോളറിന്റെ നാണയങ്ങളും പുറത്തിറക്കിയിട്ടുണ്ട്. 116.6 ഗ്രാം സ്വര്‍ണത്തിലാണ് പത്ത് കൈലാസിയന്‍ ഡോളര്‍ നിര്‍മിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടുകാരനായ നിത്യാനന്ദയുടെ യഥാര്‍ത്ഥ പേര് രാജശേഖരന്‍ എന്നാണ്. 2000ത്തില്‍ ബെംഗളൂരുവിനടുത്തായി ഒരു ആശ്രമം തുടങ്ങുകയായിരുന്നു നിത്യാനന്ദ.

നിലവില്‍ ഇന്റര്‍പോള്‍ നിത്യാനന്ദയ്‌ക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കാണാതാവുകയോ തിരിച്ചറിയപ്പെടാത്ത കുറ്റവാളികളെ കണ്ടു പിടിക്കാനോ ആയി പുറപ്പെടുവിക്കുന്ന നോട്ടീസായ ബ്ലൂ കോര്‍ണര്‍ നോട്ടീസാണ് പുറപ്പെടുവിച്ചത്.

ഗുജറാത്ത് പൊലീസിന്റെ നിര്‍ദേശ പ്രകാരമാണ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. അഹമ്മദാബാദിലെ ആശ്രമത്തില്‍ പെണ്‍കുട്ടികളെ ബന്ധികളാക്കി ലൈംഗികമായി അതിക്രമിച്ച കേസിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

നവംബര്‍ 22ന് സ്ഥലം വ്യക്തമാക്കാതെ ഇറക്കിയ ഒരു വീഡിയോയില്‍ താന്‍ പരമശിവനാണെന്നാണ് നിത്യാനന്ദ പറഞ്ഞത്. നിത്യാനന്ദയുടെ അനുയായികളോട് പറയുന്ന മതപ്രസംഗത്തിലാണ് താന്‍ സ്വയം പരമശിവനാണെന്ന് പ്രഖ്യാപിച്ചത്.

ഡിസംബറില്‍ നിത്യാനന്ദയുടെ പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ ഇയാള്‍ രാജ്യം വിട്ട ഇയാള്‍ ഇക്വഡോറില്‍ കൈലാസം എന്ന പേരില്‍ സ്വന്തം രാജ്യം ഉണ്ടാക്കിയതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് ഇക്വഡോര്‍ എംബസി നിരസിച്ചിരുന്നു.

നിലവില്‍ കരീബിയന്‍ ദ്വീപ് സമൂഹത്തില്‍ ട്രിനിഡാഡ് ആന്റ് ടുബാക്കോയ്ക്ക് സമീപമാണ് നിത്യാനന്ദ പ്രഖ്യാപിച്ച രാജ്യമെന്നാണ് പറയപ്പെടുന്നത്. രാജ്യത്തിന്റെ പതാകയും പാസ്‌പോര്‍ട്ടും നിത്യാനന്ദ തന്നെ നേരത്തെ പുറത്തിറക്കിയിരുന്നു.

രാജ്യത്തിന്റെ പുതിയൊരു വെബ്‌സൈറ്റും നിത്യാനന്ദ പുറത്തിറക്കിയിരുന്നു. ഭൂമിയിലെ ഏറ്റവും വലിയ ഹിന്ദുരാഷ്ട്രമാണ് തന്റെ രാജ്യമെന്നും നിത്യാനന്ദ വെബ്‌സൈറ്റുകളില്‍ പറയുന്നത്, പുതിയ രാജ്യത്ത് യോഗയും, മെഡിറ്റേഷനും, ഗുരുകുല വിദ്യാഭ്യാസവും ഉണ്ടാവുമെന്ന് വെബ്‌സൈറ്റില്‍ പറയുന്നുണ്ട്. കൂടാതെ വിദ്യാഭ്യാസവും, ചികിത്സയും, ഭക്ഷണവും രാജ്യത്ത് സൗജന്യമായി ലഭിക്കുമെന്നും നിത്യാനന്ദ വെബ്‌സൈറ്റിലൂടെ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Meera Mithun wants to go to Nithyananda’s new country Would love to visit kailasa soon