Movie Day
നീണ്ട ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങി മീര ജാസ്മിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jan 19, 09:29 am
Wednesday, 19th January 2022, 2:59 pm

മലയാളികളുടെ പ്രിയ നായികയാണ് മീര ജാസ്മിന്‍. സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം ‘പാഠം ഒന്ന് ഒരു വിലാപം’ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

ഇപ്പോള്‍, നീണ്ട ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ എത്തുകയാണ്. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൊരുങ്ങുന്ന മകള്‍ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

ഒരു ദശാബ്ദത്തിനു ശേഷമുള്ള തന്റെ തിരിച്ചു വരവില്‍ സമൂഹ മാധ്യമങ്ങളിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് മീര ജാസ്മിന്‍.

സത്യന്‍ അന്തിക്കാടിന്റെ മകളിലെ ഒരു ലൊക്കേഷന്‍ സ്റ്റില്‍ ആണ് ആദ്യ പോസ്റ്റായി ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ വിശേഷങ്ങളും ഓര്‍മകളും പങ്കുവെച്ച് എല്ലാവരോടും ഒന്ന് കൂടെ അടുക്കാനും പുതിയ തുടക്കങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കാനുമുള്ള ആഗ്രഹത്തെ കുറിച്ച് എഴുതിയാണ് മീര ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സിനിമക്കകത്തും പുറത്തുമുള്ള നിരവധി പ്രമുഖ വ്യക്തിത്വങ്ങളാണ് മീരക്ക് സ്വാഗതവും ആശംസകളുമായി എത്തിയത്.

ജയറാമാണ് ചിത്രത്തിലെ നായകന്‍. ഇവര്‍ക്കൊപ്പം സിദ്ദിഖ്, ഇന്നസെന്റ്, കെ.പി.എ.സി ലളിത, ശ്രീനിവാസന്‍, ദേവിക തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

പത്ത് കല്‍പനകള്‍ എന്ന ചിത്രമാണ് മീരയുടേതായി ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. മഴനീര്‍ത്തുള്ളികള്‍, ഇതിനുമപ്പുറം എന്നീ ചിത്രങ്ങളും മീര പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: meerra jasmin started instagram account