ലാലേട്ടനോടും മമ്മൂക്കയോടും രണ്ട് രീതിയിലുള്ള ആരാധനയാണ് എനിക്കുണ്ടായിരുന്നത്: മീര ജാസ്മിൻ
Entertainment
ലാലേട്ടനോടും മമ്മൂക്കയോടും രണ്ട് രീതിയിലുള്ള ആരാധനയാണ് എനിക്കുണ്ടായിരുന്നത്: മീര ജാസ്മിൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th August 2024, 10:37 pm

മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് മീര ജാസ്മിൻ. കരിയറിന്റെ തുടക്കത്തിൽ തന്നെ ലോഹിതാദാസ്, കമൽ, സത്യൻ അന്തിക്കാട് തുടങ്ങിയ മികച്ച സംവിധായകരോടൊപ്പം സിനിമകൾ ചെയ്യാൻ മീരക്ക് കഴിഞ്ഞിട്ടുണ്ട്.

അഭിനയത്തിലൂടെ ദേശീയ – സംസ്ഥാന പുരസ്കാരങ്ങളടക്കം കരസ്ഥമാക്കിയ താരം പിന്നീട് തന്റെ സിനിമ കരിയറിൽ ഒരു ഇടവേള എടുത്തിരുന്നു. ശേഷം സത്യൻ അന്തിക്കാടിനെ സംവിധാനത്തിൽ പുറത്തിറങ്ങിയ മകൾ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവന്നത്.

മോഹൻലാലിനൊപ്പം രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ സിനിമകളിലും മമ്മൂട്ടിയോടൊപ്പം ഒരേ കടൽ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷങ്ങൾ മീര ജാസ്മിൻ അവതരിപ്പിച്ചിട്ടുണ്ട്. മോഹൻലാലിനോടും മമ്മൂട്ടിയോടുമുള്ള തന്റെ ആരാധനയെ കുറിച്ച് സംസാരിക്കുകയാണ് മീര ജാസ്മിൻ. ഇരുവരോടും വ്യത്യസ്ത രീതിയിലുള്ള ആരാധനയാണ് തനിക്കുള്ളതെന്ന് മീര പറയുന്നു. സ്കൈലാർക്ക് പിക്ച്ചേർസ് എന്റർടൈൻമെന്റിനോട് സംസാരിക്കുകയായിരുന്നു മീര.

‘മമ്മൂക്കയോട് ഒരു വല്യേട്ടനോടുള്ള ബഹുമാനവും സ്‌നേഹവുമാണ്. ആ ഒരു ഫീലാണ് എനിക്ക് അദ്ദേഹത്തിനോടുള്ളത്. നമ്മളെ ഇങ്ങനെ സംരക്ഷിക്കുന്ന പോലെയായിരുന്നു. അത് വേറൊരു തരം അടുപ്പമായിരുന്നു.

ലാലേട്ടനോട്‌ മറ്റൊരു രീതിയിലാണ്. അദ്ദേഹം എന്നേക്കാൾ ഒരു പത്തോ പതിനഞ്ചോ വയസ്സ് പ്രായ കൂടുതലുള്ള ഒരു ലവറിനെ പോലെയായിരുന്നു. എനിക്ക് അങ്ങനെ ആയിരുന്നു തോന്നിയത്. അന്നത്തെ ഒരു ചെറിയ പ്രായത്തിൽ ഞാൻ അങ്ങനെയൊക്കെ ചിന്തിക്കുമായിരുന്നു.

അവരുടെ രണ്ട് പേരുടെ കൂടെയും ആദ്യമായി അഭിനയിക്കാനുള്ള അവസരം വന്നപ്പോൾ എനിക്കത് വിശ്വസിക്കാൻ കഴിയാത്തതായിരുന്നു. കാരണം ലാലേട്ടനെയും മമ്മൂക്കയേയും രണ്ട് രീതിയിലായിരുന്നു ഞാൻ ആരാധിച്ചത്,’മീര ജാസ്മിൻ പറയുന്നു.

Content Highlight: Meera Jasmin Talk About Mohanlal And Mammootty