മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ചിത്രമാണ് 1998ലിറങ്ങിയ മീനത്തില്‍ താലികെട്ട്. ചിത്രത്തിലെ നായികയായി എത്തിയ തേജലി ഗാണേക്കര്‍ വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമാ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ്.
തിലകന്‍ വളരെ സീനിയറായ ആര്‍ട്ടിസ്റ്റായതിനാല്‍ അദ്ദേഹത്തോട് ബഹുമാനം നിറഞ്ഞ പേടിയുണ്ടായിരുന്നെന്നും അതുകൊണ്ട് തന്നെ കോമ്പിനേഷന്‍ സീനുകള്‍ കൂടുതല്‍ കരുതലോടെയാണ് ചെയ്തിരുന്നതെന്നും പറയുകയാണ് തേജലി.
‘സത്യം പറഞ്ഞാല്‍ എനിക്ക് തിലകനെ കുറച്ച് പേടിയായിരുന്നു. അദ്ദേഹം അങ്ങനെ പേടിപ്പിക്കുന്ന ആളൊന്നുമായിട്ടല്ല, പക്ഷെ അത്രയും സീനിയറായ ആര്‍ട്ടിസ്റ്റാണ് എന്നതുകൊണ്ടു എനിക്ക് തോന്നിയ ബഹുമാനം നിറഞ്ഞ പേടിയായിരുന്നു അത്.
ദിലീപിന്റെ കഥാപാത്രത്തെ മുകള്‍ നിലയില്‍ നിന്നും അടിച്ചടിച്ച് താഴേക്ക് കൊണ്ടുവരുന്ന ഒരു സീനുണ്ടായിരുന്നു. ആ സീനില്‍ നമ്മള്‍ എല്ലാവരുമുണ്ട്. ആ സീനിനോട് റെസ്‌പോണ്‍ഡ് ചെയ്യുന്ന ഭാവങ്ങളിലാണ് നമ്മള്‍ നില്‍ക്കേണ്ടത്.
‘ഇത്രയും വളര്‍ന്ന ഒരു മകനെ ഇങ്ങനെ അടിക്കുമോ’ എന്ന ഷോക്കിലാണ് എന്റെയും അമ്മയുടെയും സഹോദരിയുടെയും കഥാപാത്രങ്ങള്‍.
അതൊരു ലോങ്ങ് സീനായിരുന്നു. അതുകൊണ്ട് തന്നെ എന്റെ ഭാഗത്ത് നിന്നും ഒരു തെറ്റ് പോലും വരരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും ഞാന്‍ ചോദിച്ചു മനസ്സിലാക്കിയിരുന്നു.
എന്താണ് തിലകന്റെ കഥാപാത്രം പറയുന്നത്, എന്തിനാണ് എന്റെയും മറ്റുള്ളവരുടെയും കഥാപാത്രം അതിനോട് ഇത്തരത്തില്‍ പ്രതികരിക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ലാല്‍ ജോസിനോട് ചോദിച്ചിരുന്നു.
തിലകന്‍ വരുന്ന സീനുകളിലെല്ലാം കൃത്യമായി ഹോം വര്‍ക്ക് ചെയ്തിട്ടായിരുന്നു ഞാന്‍ പോവാറുള്ളത്. അദ്ദേഹത്തിന് എന്നെ കുറിച്ച് ഒരു മോശം അഭിപ്രായമുണ്ടാകരുത് എന്നുണ്ടായിരുന്നു,’ തേജലി പറഞ്ഞു.
ലാല്‍ ജോസ് കഥയും എ.കെ. സാജനും എ.കെ. സന്തോഷും ഒരുമിച്ച് തിരക്കഥയും എഴുതിയ ചിത്രമായിരുന്ന മീനത്തില്‍ താലികെട്ട്. രാജന്‍ ശങ്കരാടിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്.
തിലകന്‍, ദിലീപ്, സീനത്ത്, ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, തേജലി ഗാണേക്കര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.