സ്‌മോക്കിങ് അലർജിയായ എന്നോട് ആദ്യം ചോദിക്കുന്നത് വലിക്കുമോ എന്നായിരുന്നു; പ്രേമലുവിലെ അനുഭവം പങ്കുവെച്ച് മീനാക്ഷി
Entertainment
സ്‌മോക്കിങ് അലർജിയായ എന്നോട് ആദ്യം ചോദിക്കുന്നത് വലിക്കുമോ എന്നായിരുന്നു; പ്രേമലുവിലെ അനുഭവം പങ്കുവെച്ച് മീനാക്ഷി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th March 2024, 2:51 pm

അവതാരികയായി കരിയര്‍ ആരംഭിച്ച് മലയാള സിനിമയിലേക്കെത്തിയ നടിയാണ് മീനാക്ഷി രവീന്ദ്രന്‍.

മഴവില്‍ മനോരമയിലെ ഉടന്‍ പണമെന്ന പരിപാടിയിലൂടെയാണ് മീനാക്ഷി അവതാരകയായി എത്തിയത്.

ലാല്‍ ജോസ് സംവിധാനം ചെയ്ത തട്ടുംപുറത്ത് അച്യുതന്‍ എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ അഭിനയജീവിതം ആരംഭിച്ചു. മാലിക് എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്റെ മകളായി അഭിനയിച്ചത് ശ്രദ്ധേയമായി. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത പ്രേമലു ആണ് മീനാക്ഷിയുടെ പുതിയ ചിത്രം.

പ്രേമലുവിൽ അഭിനയിക്കാൻ ചെന്നപ്പോൾ തന്നോട് സിഗരറ്റ് വലിക്കാൻ അറിയുമോ എന്നാണ് ചോദിച്ചതെന്ന് മീനാക്ഷി പറയുന്നു. തനിക്കത് പരിചയമില്ലായിരുന്നുവെന്നും സിനിമയിൽ ആദ്യം തന്നെകൊണ്ട് ചെയ്യ്പ്പിച്ചത് അതാണെന്നും താരം പറഞ്ഞു.

‘പ്രേമലുവിൽ അഭിനയിക്കാൻ ചെന്നപ്പോൾ എന്നോട് ചോദിച്ചത് സ്മോക്ക് ചെയ്യാൻ അറിയുമോ എന്നായിരുന്നു. ഞാൻ സ്‌മോക്ക് ചെയ്യുന്ന ഒരാളല്ല. എനിക്ക് അത് അലർജിയാണ്. എന്റെ അടുത്തു സ്‌മോക്കിങ് അറിയുമോയെന്ന് ചോദിച്ചപ്പോൾ ഞാൻ ഇല്ലായെന്ന് പറഞ്ഞു.

എന്നോട് പറഞ്ഞു, കഥാപാത്രത്തിന് വേണ്ടി ചിലപ്പോൾ സ്‌മോക്ക് ചെയ്യേണ്ടി വരുമെന്ന്. സബാഷ് എന്നാണ് ഞാൻ പറഞ്ഞത്. സ്‌മോക്ക് ചെയ്യുന്നതിനേക്കാൾ എനിക്ക് തോന്നിയത് ചെയ്യാത്ത ഒരാൾ അത് ചെയ്യുമ്പോൾ നമ്മുടെ ആറ്റിറ്റ്യൂഡിൽ ആ ഒരു അമേച്വർ ഫീലിങ് ഉണ്ടാവും. അത് വരരുതെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ വന്നിട്ടുണ്ടോയെന്ന് എനിക്കറിയില്ല.

കാരണം സ്‌മോക്ക് ചെയ്യുന്നവർ പിടിക്കുന്നതിനൊക്കെ ഒരു രീതിയുണ്ട്. ഞാനൊക്കെ സിഗരറ്റ് പിടിക്കുമ്പോൾ എന്റെ കൈ വിറയ്ക്കാറുണ്ട്. എങ്ങനെ പിടിക്കണമെന്ന് അവരാണ് പറഞ്ഞു തന്നത്. സത്യത്തിൽ എന്നെകൊണ്ട് ആദ്യം ചെയ്യിപ്പിക്കുന്നത് അതാണ്,’മീനാക്ഷി രവീന്ദ്രൻ പറയുന്നു

 

Content Highlight: Meenakshi Raveendran Talk About Her Role In Premalu Movie