[] ന്യൂദല്‍ഹി: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജപക്ഷെ പങ്കെടുക്കുന്നതിനെതിരെ ജന്തര്‍ മന്ദറില്‍ പ്രതിഷേധ പ്രകടനം നടത്തിയ എം.ഡി.എം.കെ നേതാവ് വൈകോയും പാര്‍ട്ടി പ്രവര്‍ത്തകരും അറസ്റ്റിലായി. നിരോധനാജ്ഞ ലംഘിച്ചതിനാണ് വൈകോയെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തത്.
സത്യപ്രതിജ്ഞയുടെ പശ്ചാത്തലത്തില്‍ ദല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കെയാണ് വൈകോ പ്രതിഷേധ പ്രകടനം നടത്തിയത്. നിരോധനാജ്ഞ ലംഘിച്ച് ബാരിക്കേഡുകള്‍ മറികടന്ന് പ്രതിഷേധവുമായി മുന്നോട്ട് പോയതിനാണ് വൈകോയെയും പ്രവര്‍ത്തകരെയും പാര്‍ലമെന്റ് സ്‌റ്റേറ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ശ്രീലങ്കയിലെ തമിഴ് ജനതയെ കൂട്ടക്കുരുതി നടത്തിയ രജപക്ഷെ ചടങ്ങില്‍ പങ്കെടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വൈകോ പറഞ്ഞു. യു.പി.എ സര്‍ക്കാര്‍ തമിഴ് ജനതയുടെ വികാരം കണക്കിലെടുത്തിട്ടില്ല. നരേന്ദ്ര മോദി തമിഴ് ജനതയുടെ വികാരം മനസിലാക്കുമെന്നാണ് പ്രതീക്ഷ- വൈകോ പറഞ്ഞു.
എന്‍.ഡി.എ സഖ്യകക്ഷി കൂടിയായ എം.ഡി.എം.കെ എന്‍.ഡി.എ കൂട്ടുകെട്ട് തുടരുമെന്നും വൈകോ അറിയിച്ചു. ഇന്ന് രാവിലെ 10.30 ഓടെയാണ് വൈകോയുടെ നേതൃത്വത്തിലുള്ള എം.ഡി.എം.കെ പ്രവര്‍ത്തകര്‍ ജന്ദര്‍ മന്തറില്‍ പ്രതിഷേധവുമായെത്തിയത്. മോദിയുടെ സത്യപ്രതിജ്ഞയില്‍ രജപക്ഷെ പങ്കെടുക്കുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേരത്തെ തന്നെ വൈകോ അറിയിച്ചിരുന്നു.