ഭരതനിലൂടെ ഉയര്‍ന്നു വന്ന ആളാണ് ഓസ്‌കര്‍ നേടിയ ആ സംഗീത സംവിധായകന്‍: എം.ഡി. രാജേന്ദ്രന്‍
Entertainment news
ഭരതനിലൂടെ ഉയര്‍ന്നു വന്ന ആളാണ് ഓസ്‌കര്‍ നേടിയ ആ സംഗീത സംവിധായകന്‍: എം.ഡി. രാജേന്ദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd December 2024, 3:18 pm

ഭരതന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് 1996ല്‍ പുറത്തിറങ്ങിയ റൊമാന്റിക് സിനിമയായിരുന്നു ദേവരാഗം. അരവിന്ദ് സ്വാമി, ശ്രീദേവി, നെടുമുടി വേണു, കെ.പി.എ.സി ലളിത തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന അഭിനേതാക്കള്‍. ഓസ്‌കര്‍ അവാര്‍ഡ് നേടിയ സംഗീത സംവിധായകന്‍ എം.എം. കീരവാണി സംഗീത സംവിധാനം നിര്‍വഹിച്ച അപൂര്‍വം മലയാള സിനിമകളില്‍ ഒന്നുകൂടിയാണ് ദേവരാഗം.

ദേവരാഗത്തിലെ പാട്ടുകളുണ്ടായതിനെ കുറിച്ചും അക്കാലത്ത് സിനിമയുടെ സംവിധായകന്‍ കൂടിയായ ഭരതന്‍ പാട്ടുകളില്‍ നടത്തിയ ഇടപെടലുകളെ കുറിച്ചും സംസാരിക്കുകയാണ് ഗാനരചയിതാവായ എം.ഡി. രാജേന്ദ്രന്‍. എം.ഡി. രാജേന്ദ്രനായിരുന്നു ദേവരാഗത്തിലെ എഴ് പാട്ടുകളും എഴുതിയിട്ടുള്ളത്. അമൃത ടി.വിയുടെ ഓര്‍മയില്‍ എന്നും എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ എ.വി.എം.ജിയില്‍ വെച്ചാണ് അതിന്റെ (ദേവരാഗം) വര്‍ക്ക് നടക്കുന്നത്. സാധാരണയായി ജോണ്‍സനാണ് അദ്ദേഹത്തിന്റെ മ്യൂസിക് ഡയറക്ടര്‍. ജോണ്‍സനല്ല ഇത്തവണ എന്നറിഞ്ഞപ്പോള്‍ തന്നെ എനിക്ക് വിഷമമായി. ദേവരാജന്‍ മാഷാണോ എന്ന് വിചാരിച്ചു. പക്ഷെ, അദ്ദേഹത്തിന്റെ മറുപടി, അവനൊന്നുമല്ല നീയിങ്ങ് പോര് എന്നായിരുന്നു. വരുന്ന ആള് അത്ര പ്രാധാന്യമില്ലാത്ത ആളാണ് എന്ന അര്‍ത്ഥത്തിലാണ് ഇത് പറയുന്നത്.

ചെന്നപ്പോള്‍ കറക്ടാണ്. ഒരു ചെറുപ്പക്കാരന്‍ അവിടെ ഇരിക്കുന്നു. ഒരു സന്യാസിയെ പോലെ. ഭരതേട്ടനും അവിടെ ഇരിക്കുന്നുണ്ട്. ഇതാണ് ആളെന്ന് ഭരതന്‍ പറഞ്ഞു. അപ്പോള്‍ പുള്ളിയെന്നെ തൊഴുതു. തെലുങ്കന്‍ എന്ന് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ എങ്ങനെ ഡീല്‍ ചെയ്യുമെന്ന് ആലോചിച്ച് വിഷമിച്ചിരിക്കുകയായിരുന്നു.

ആദ്യരോമ ഹര്‍ഷവും, അംഗുലീയ പുഷ്പവും എന്ന വരി അവിടെ വെച്ച് എങ്ങനെയോ കിട്ടി. ഭരതന് അത് ഭയങ്കര ഇഷ്ടമായി. ഈ തെലുങ്കനും അതിഷ്ടമായി. അദ്ദേഹത്തിന് മലയാളം അറിയാമെന്നത് എനിക്ക് അറിയില്ലായിരുന്നു,’ എം.ഡി. രാജേന്ദ്രന്‍ പറഞ്ഞു.

അതേസമയം എം.ഡി. രാജേന്ദ്രന്‍ തെലുങ്കന്‍ എന്ന് പറയുന്ന ആള്‍ ഓസ്‌കര്‍ അവാര്‍ഡ് ലഭിച്ച ബാഹുബലിയുടെയൊക്കെ സംഗീത സംവിധായകന്‍ എം.എം. കീരവാണിയാണെന്ന് പരിപാടിയുടെ അവതാരകനായ രമേഷ് പിഷാരടി കൂട്ടിച്ചേര്‍ത്തു. കീരവാണി എന്ന ആള്‍ ഭരതനിലൂടെ ഉയര്‍ന്നു വന്നു എന്ന് പറയാനാണ് തെലുങ്കന്‍, തെലുങ്കന്‍ എന്ന് താന്‍ പറഞ്ഞതെന്ന് എം.ഡി. രാജേന്ദ്രനും പറഞ്ഞു.

content highlights: MD Rajendran  speaks about  MM Keeravani and Bharatan.