മെസിയെ പിന്തള്ളാൻ എംബാപ്പെയും ഹാലണ്ടും; മികച്ച താരത്തെ കണ്ടെത്താൻ ഫിഫ പട്ടിക പുറത്തിറക്കി
football news
മെസിയെ പിന്തള്ളാൻ എംബാപ്പെയും ഹാലണ്ടും; മികച്ച താരത്തെ കണ്ടെത്താൻ ഫിഫ പട്ടിക പുറത്തിറക്കി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 13th January 2023, 8:04 am

2022ലെ ഏറ്റവും മികച്ച ഫുട്ബോൾ താരം ആരെന്ന് അറിയാൻ ഇനി കുറച്ച് നാളുകൾ മാത്രം കാത്തിരുന്നാൽ മതി. ഫിഫയുടെ 2022ലെ മികച്ച പുരുഷ താരത്തെ കണ്ടെത്താനുള്ള അന്തിമ പട്ടിക ഫിഫ പുറത്ത് വിട്ടു.

ജൂലിയൻ അൽവാരസ്, ജൂഡ് ബെല്ലിങ്ഹാം, കരിം ബെൻസെമ, കെവിൻ ഡി ബ്രൂയ്ൻ, ഏർലിങ് ഹാലണ്ട്, അഷ്‌റഫ്‌ ഹക്കീമി, റോബർട്ട്‌ ലെവൻഡോസ്കി, സാദിയോ മാനെ, കിലിയൻ എംബാപ്പെ, ലയണൽ മെസി, ലൂക്കാ മോഡ്രിച്ച്, നെയ്മർ, മൊഹമ്മദ്‌ സലാ മുതലായ 14 താരങ്ങളുടെ പേര് അടങ്ങിയ അന്തിമ പട്ടികയാണ് ഫിഫ പുറത്ത് വിട്ടത്.

കരീം ബെൻസെമയും ലയണൽ മെസിയും തമ്മിലാണ് മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരത്തിനായി മികച്ച മത്സരം കാഴ്ച വെക്കുന്നത്.
കഴിഞ്ഞ വർഷം ബാലൻ ഡി ഓർ, ലാ ലിഗ ടൈറ്റിൽ, ചാമ്പ്യൻസ് ലീഗ് എന്നീ നേട്ടങ്ങൾ സ്വന്തമാക്കാൻ ബെൻസെമക്ക് സാധിച്ചപ്പോൾ ലോകകപ്പ്, ലീഗ് വൺ ടൈറ്റിൽ, ഗോൾഡൻ ബോൾ എന്നീ പുരസ്കാരങ്ങളാണ് മെസി സ്വന്തമാക്കിയത്.

ജനുവരി 13 മുതൽ ഫെബ്രുവരി 27 വരെ നടക്കുന്ന വോട്ടെടുപ്പിലൂടെയാണ് പുരസ്കാര ജേതാവി നെ ഫിഫ കണ്ടെത്തുന്നത്. 25 ശതമാനം വോട്ട് തിരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവർത്തകർക്ക്, 25 ശതമാനം വോട്ട് ലോകകപ്പിൽ പങ്കെടുത്ത ടീമുകളുടെ ക്യാപ്റ്റൻമാർക്ക്, 25 ശതമാനം വോട്ട് ലോകകപ്പിൽ പങ്കെടുത്ത ടീമുകളുടെ പരിശീലകർക്ക്, 25 ശതമാനം വോട്ട് തിരഞ്ഞെടുക്കപ്പെട്ട ആരാധകർക്ക് എന്നിങ്ങനെയാണ് വോട്ട് ചെയ്യാനുള്ള അർഹത.

മികച്ച പുരുഷ താരത്തെ കൂടാതെ മറ്റ് 11 കാറ്റഗറിക്ക് കൂടി ഫിഫ പുരസ്കാരം നൽകുന്നുണ്ട്.

മികച്ച വനിതാ താരം, മികച്ച പ്ലെയർ, മികച്ച വനിതാ കോച്ച്, മികച്ച പുരുഷ കോച്ച്, മികച്ച പുരുഷ ഗോൾ കീപ്പർ, മികച്ച വനിതാ ഗോൾ കീപ്പർ, ഫിഫ ഫിപ്രോ വനിതാ ലോക ഇലവൻ, ഫിഫ ഫിപ്രോ പുരുഷ ലോക ഇലവൻ, ഫിഫ ഫെയർ പ്ലെ അവാർഡ്, മികച്ച ഗോളിനുള്ള ഫിഫ പുസ്കസ് അവാർഡ്, ഫിഫ ഫാൻസ്‌ ചോയ്സ് അവാർഡ് എന്നീ പുരസ്കാരങ്ങളാണ് ഫിഫ പ്രഖ്യാപിക്കുന്നത്.

2021ൽ റോബർട്ട്‌ ലെവൻഡോസ്കിക്കാണ് ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം ലഭിച്ചത്. റൊണാൾഡോ ഇല്ലെന്നതാണ് 2022ലെ അന്തിമ പട്ടികയിൽ ആരാധകരെ നിരാശപ്പെടുത്തുന്ന ഘടകം.

അതേസമയം ബാലൺ ഡി ഓർ, സൂപ്പർ ബാലൺ ഡി ഓർ പുരസ്കാരങ്ങളും ഉടൻ പ്രഖ്യാപിക്കപ്പെടും ബാലൺ ഡി ഓറിനായി മെസിയും എംബാപ്പെയും തമ്മിലാണ് കടുത്ത മത്സരത്തിന് സാധ്യത.

 

Content Highlights:Mbappe and Haaland to overtake Messi; FIFA released the list to find the best player