കൂറ്റനാട് : തെരഞ്ഞെടുപ്പില്‍ തനിക്കു നേരെ വ്യക്തിപരമായ അധിക്ഷേപം നടന്നതായി തൃത്താലയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി.രാജേഷ്. കുമ്പിടിയില്‍ എഴുത്തുകാരായ കെ.ആര്‍.മീര, ബെന്യാമിന്‍, സുസ്‌മേഷ് ചന്ദ്രോത്ത് തുടങ്ങിയവര്‍ പങ്കെടുത്ത സാംസ്‌കാരിക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എഴുത്തുകാരെ, ബുദ്ധിജീവികളെ, കലാകാരന്മാരെ ആദരിക്കുന്ന നാടാണ് കേരളം. സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ക്കെതിരേ ശത്രുതാപരമായ അന്തരീക്ഷമുണ്ട് ഇന്ന് ഇന്ത്യയില്‍. ചിലരെ വാക്കുകൊണ്ടും ചിലരെ തോക്കു കൊണ്ടും ആക്രമിക്കുന്നു. കേരളത്തില്‍ തോക്കെടുത്തു തുടങ്ങിയിട്ടില്ല. വാക്കു കൊണ്ടുള്ള അക്രമത്തിന് ഇരയായവരാണ് കെ.ആര്‍.മീരയും ബെന്യാമിനുമെല്ലാം’, എം.ബി രാജേഷ് പറഞ്ഞു.
എപ്പോഴാണ് തോക്കെടുക്കുക എന്നറിയില്ല. വാക്കുകള്‍ കൊണ്ട് ഹീനമായ അക്രമമാണ് എ.കെ.ജിയെക്കുറിച്ചു നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഈ അക്രമം തെരഞ്ഞെടുപ്പായപ്പോള്‍ തനിക്കു നേരെയുമുണ്ടായെന്നും രാജേഷ് പറഞ്ഞു.
‘എ.കെ.ജിയെ പോലുള്ളവരെ വേട്ടയാടിയവര്‍ എന്നെ മാത്രം വെറുതെ വിടുമെന്നു കരുതുന്നില്ല.തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കെ.ആര്‍.മീരയെ ഇഷ്ടപ്പെടുന്ന, സാഹിത്യാഭിരുചിയുള്ള ഒരു പെണ്‍കുട്ടിയെ കണ്ടു. അക്കാര്യം മീരയോടു പറഞ്ഞു. അവര്‍ കൈയൊപ്പിട്ട രണ്ടു പുസ്തകം അയച്ചു കൊടുത്തു. അത് അഭിമാനത്തോടെ ഫേസ്ബുക്കിലിട്ട പെണ്‍കുട്ടിക്കെതിരേ സൈബര്‍ ആക്രമണമുണ്ടായി’, രാജേഷ് കൂട്ടിച്ചേര്‍ത്തു.
കെ.ആര്‍.മീരയെ ഇഷ്ടമാണെന്നു പറഞ്ഞതിന്റെ പേരിലാണ് ഭീകരമായ സൈബര്‍ ആക്രമണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് കുടുംബത്തില്‍ തന്നെയുള്ളതാണ് ആ പെണ്‍കുട്ടി. അതിലും അത്ഭുതമില്ല. മുല്ലപ്പള്ളി രാമചന്ദ്രനും ഇതിന് ഇരയായ ആളാണെന്നും രാജേഷ് പറഞ്ഞു.
‘ഇഷ്ടമില്ലാത്തവരെയും യോജിക്കാത്തവരേയും വാക്കു കൊണ്ടും തോക്കു കൊണ്ടും വേട്ടയാടുന്ന അപകടകരമായ സംസ്‌കാരം കേരളത്തിലും വളരുന്നുണ്ട്. അവര്‍ എന്നാണ് വാക്കു മാറ്റി തോക്കെടുക്കുക എന്നറിയില്ല. ആള്‍ക്കൂട്ട അക്രമണം ഉത്തരേന്ത്യയില്‍ തെരുവുകളിലാണെങ്കില്‍ കേരളത്തില്‍ സൈബറിടങ്ങളിലാണത്’, രാജേഷ് പറഞ്ഞു.
ആ അര്‍ത്ഥത്തില്‍ നോക്കിയാല്‍ തൃത്താലയിലെ മത്സരം രണ്ടു സംസ്‌കാരങ്ങള്‍ തമ്മിലുള്ളതാണ്. ഇടതുപക്ഷത്തിന്റെ സംസ്‌കാരവും വലതുപക്ഷത്തിന്റെ അസഹിഷ്ണുതയുടെ സംസ്‌കാരവും തമ്മിലുള്ള പോരാട്ടം- എം.ബി.രാജേഷ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക