തിരുവനന്തപുരം: ഇന്ത്യന്‍ കായികരംഗത്തെ ഏറ്റവും തിളക്കമുള്ള സ്ത്രീമുഖങ്ങളിലൊന്നാണ് മിതാലി രാജെന്ന് സ്പീകര്‍ എം.ബി. രാജേഷ്. ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ ഏറെ അഭിമാനിക്കാവുന്ന ഒരു കരിയര്‍ ആയിരുന്നു മിതാലി രാജിന്റേതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എം.ബി. രാജേഷിന്റെ പ്രതികരണം.
’16 വയസ് മുതല്‍ നീണ്ട 23 വര്‍ഷം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ നെടുംതൂണായി നിന്ന മിതാലി പാഡഴിച്ച വാര്‍ത്ത ഇന്ന് മാധ്യമങ്ങളിലെല്ലാമുണ്ട്. 333 മത്സരങ്ങളിലായി 10,868 റണ്‍സ് പൂര്‍ത്തിയാക്കിയ വനിതാ താരമാണ് മിതാലി. ആദ്യ രാജ്യാന്തര മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയ കളിക്കാരി. അന്ന് കേവലം 16 വയസായിരുന്നു മിതാലിയുടെ പ്രായം. പത്തൊന്‍പതാം വയസില്‍ ഇരട്ട സെഞ്ച്വറിയും.
2005, 2017 വര്‍ഷങ്ങളിലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിച്ചത് മിതാലിയുടെ മികച്ച നേതൃത്വത്തിലാണ്. 232 ഏകദിന മത്സരങ്ങളില്‍ 7,805 റണ്‍സ് നേടി. ഇതില്‍ ഏഴ് സെഞ്ച്വറികളും 64 അര്‍ധ സെഞ്ചുറികളുമുണ്ട്.
89 ട്വന്റി-20 മത്സരങ്ങളിലായി 2,364 റണ്‍സാണ് നേടിയത്. ഇതില്‍ 17 അര്‍ധ സെഞ്ച്വറികളുണ്ട്. 12 ടെസ്റ്റ് മത്സരങ്ങളിലായി 699 റണ്‍സാണ് നേടിയത്. ഇതില്‍ ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. എല്ലാ അര്‍ത്ഥത്തിലും ഒരു ലോകോത്തര താരം തന്നെയായിരുന്നു മിതാലി,’ എം.ബി. രാജേഷ് എഴുതി.
മിതാലി രാജിനെ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി പലരും താരതമ്യം ചെയ്യുന്നത് കണ്ടു. അത്തരം താരതമ്യങ്ങള്‍ ഉചിതമല്ലെന്നു തോന്നുന്നു. പുരുഷ ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കൈവരിച്ച നേട്ടങ്ങള്‍ ഉജ്വലവും സമാനതകളില്ലാത്തുമാണെന്നതില്‍ തര്‍ക്കമില്ല. അദ്ദേഹം മഹാനായ കായികതാരമാണ്. എന്നാല്‍ മിതാലിയെപ്പോലൊരു വനിതാ താരത്തിന്റെ നേട്ടങ്ങള്‍ ആ താരതമ്യത്തിനുമപ്പുറമുള്ളതാണെന്ന് കാണണം. ഒരു പുരുഷ താരത്തിന് വളര്‍ന്നുവരാവുന്ന സാഹചര്യത്തിലല്ല ഇന്ത്യയില്‍ ഒരു വനിതാ താരത്തിന്റെ വളര്‍ച്ച. പുരുഷ താരത്തിന് പ്രതിഭ കൊണ്ട് മാത്രം വളര്‍ന്നുവരാന്‍ കഴിയുമെന്നും എം.ബി. രാജേഷ് പറഞ്ഞു.
വനിതാ താരത്തിന്റെ കാര്യത്തില്‍ പ്രതിഭ മാത്രം പോരാ. മറ്റു പല പ്രതിബന്ധങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും നേരിടാനുള്ള ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും വേണം. അതാണ് മിതാലി രാജിനെ വ്യത്യസ്തയാക്കുന്ന ഘടകം. നിരവധി പ്രതിബന്ധങ്ങളെയും വെല്ലുവിളികളെയും നേരിട്ടാണ് മിതാലി രാജ് തന്റെ കരിയര്‍ പടുത്തുയര്‍ത്തിയിട്ടുള്ളത്.
ഒരുപക്ഷെ സച്ചിനേക്കാള്‍ പരിശ്രമവും ത്യാഗവും ഒരു വനിതാ ക്രിക്കറ്റര്‍ എന്ന നിലയില്‍ ഈ നേട്ടങ്ങളിലെത്തുന്നതിന് മിതാലി രാജിന് വേണ്ടിവന്നിട്ടുണ്ടെന്ന് കാണാന്‍ കഴിയണം. ഈ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും കണക്കിലെടുത്താണ് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളില്‍ ഒരാളായി മിതാലിയെ ബി.ബി.സി തെരഞ്ഞെടുത്തത്. എക്കാലത്തും സ്ത്രീകള്‍ക്ക് പ്രചോദനമായ ഒരാളായി മേരി കോമിനെപ്പോലെ മിതാലി രാജും ജനമനസ്സുകളില്‍ നില്‍ക്കുന്നത് അതുകൊണ്ടാണ്. മിതാലി രാജിന് അഭിനന്ദനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.