ന്യൂദല്‍ഹി: ഐ.പി.എല്ലിലെ 2019 സീസണില്‍ ആസ്ട്രേലിയയിലെ മുന്‍നിര താരങ്ങളായ വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ ഗ്ലെന്‍ മാക്സ് വെല്‍, ഓപ്പണിങ് ബാറ്റ്സ്മാനായ ആരോണ്‍ ഫിഞ്ച് എന്നിവര്‍ ഉണ്ടാവില്ല. സീസണിലെ ഐ.പി.എല്‍ താരലേലം 18ന് ജയ്പൂരില്‍ നടക്കാനിരിക്കെയാണ്
കളിക്കാനില്ലെന്ന് താരങ്ങള്‍ വ്യക്തമാക്കിയത്.
ദേശീയ ടീമിന് വേണ്ടി കളിക്കുന്നതിനാലാണ് ഐ.പി.എല്ലിന് ഇടവേള നല്‍കിയതെന്നാണ് താരങ്ങളുടെ വിശദീകരണം. 2019ലെ ലോകകപ്പ്, പിന്നാലെ വരുന്ന ആഷസ് പരമ്പര എന്നിവ മുന്‍ നിര്‍ത്തി ദേശീയ ടീമില്‍ അനിവാര്യമാണെന്ന് മനസിലാക്കിയാണ് ഇരുവരും വിട്ടുനില്‍ക്കുന്നത്.
കിങ്സ് ഇലവന്‍ പഞ്ചാബിന് വേണ്ടിയാണ് മാക്സ്വല്‍ കഴിഞ്ഞ സീസണില്‍ കളിച്ചിരുന്നത്. പഞ്ചാബിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരം ടീമിന്റെ നിര്‍ണ്ണായക സാന്നിധ്യമായിരുന്നു. സണ്‍ റൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയായിരുന്നു ഫിഞ്ച് കഴിഞ്ഞ സീസണില്‍ കളിച്ചിരുന്നത്. എന്നാല്‍ ഇരുവരെയും ടീമുകള്‍ നിലനിര്‍ത്തിയിരുന്നില്ല.
പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സസ്പെന്‍ഷന്‍ നേരിടുന്ന സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഇല്ലാതാവുന്നതോടെ ഇക്കുറി ആസ്ട്രേലിയയില്‍ നിന്ന് പേരെടുത്ത കളിക്കാരാരുമുണ്ടാവില്ല.
എഴുപതോളം കളിക്കാര്‍ മാത്രമേ ഈ വര്‍ഷത്തെ ഐ.പി.എല്‍ ലേലത്തില്‍ വില്‍ക്കപ്പെടൂ എന്നാണ് സൂചന. ജയ്പൂരില്‍ ആദ്യമായാണ് ഐപിഎല്‍ ലേലം സംഘടിപ്പിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായാണ് ഇപ്രാവശ്യത്തെ ലേലം.
ലേലം നടക്കുന്ന ഡിസംബര്‍ പതിനെട്ടാം തീയതി ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസമാണെന്നതുമാണ് ഉച്ച കഴിഞ്ഞ് ലേലം നടത്തുന്നതിന് കാരണം. അതേസമയം പൊതുതെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ഇപ്രാവശ്യത്തെ ഐ.പി.എല്‍ ഇന്ത്യയില്‍ തന്നെ നടക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതു സംബന്ധിച്ചും ബി.സി.സി ഐ പ്രതികരിച്ചിട്ടില്ല.
NEWS: Over 1000 players register for VIVO IPL 2019 Player Auction to be held in Jaipur on December 18. #IPLAuction
Details – https://t.co/OVOULW3qbx pic.twitter.com/bimDGmfAq7
— IndianPremierLeague (@IPL) December 5, 2018