സ്ഥാനമോഹികളെ പാര്‍ട്ടിയ്ക്ക് വേണ്ട; മൂന്ന് മുന്നണികളും ഒപ്പമെത്തിയ മാവേലിക്കരയില്‍ കാലുവാരിയായ വിമതനെ ചെയര്‍മാനാക്കില്ലെന്ന് ജി. സുധാകരന്‍
Kerala Local Body Election 2020
സ്ഥാനമോഹികളെ പാര്‍ട്ടിയ്ക്ക് വേണ്ട; മൂന്ന് മുന്നണികളും ഒപ്പമെത്തിയ മാവേലിക്കരയില്‍ കാലുവാരിയായ വിമതനെ ചെയര്‍മാനാക്കില്ലെന്ന് ജി. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th December 2020, 6:41 pm

ആലപ്പുഴ: മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം ജയിച്ച് ഭരണം ത്രിശങ്കുവിലായ മാവേലിക്കര നിയമസഭയില്‍ വിമതനെ ചെയര്‍മാനാക്കില്ലെന്ന് മന്ത്രി ജി. സുധാകരന്‍. കാലുവാരിയായ വിമതന്‍ കെ.വി ശ്രീകുമാറിനെ ചെയര്‍മാന്‍ ആക്കില്ലെന്ന് സുധാകരന്‍ പറഞ്ഞു.

‘സ്ഥാനമോഹികളെ പാര്‍ട്ടിക്ക് ആവശ്യമില്ല. വേണമെങ്കില്‍ പാര്‍ട്ടിയോടൊപ്പം നില്‍ക്കട്ടെ, ബാക്കി കാര്യം പിന്നീട് ആലോചിക്കാം’, സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

മാവേലിക്കര നഗരസഭയില്‍ മൂന്ന് മുന്നണികളും ഒമ്പത് സീറ്റുകള്‍ നേടി ഒപ്പത്തിനൊപ്പം എത്തിയതോടെയാണ് സ്വതന്ത്രനായ വിജയിച്ച കെ.വി ശ്രീകുമാറിന്റെ നിലപാട് നിര്‍ണായകമായത്.

നഗരസഭ ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നവരെ പിന്തുണയ്ക്കാമെന്ന നിലപാടിലാണ് ശ്രീകുമാര്‍. സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ശ്രീകുമാറിനെ പാര്‍ട്ടി പുറത്താക്കുകയായിരുന്നു.

എന്നാല്‍ തനിക്ക് ഇപ്പോഴും ഇടതുപക്ഷത്തോടാണ് അനുഭാവമെന്ന് ശ്രീകുമാര്‍ പറഞ്ഞിരുന്നു.

ശക്തമായ ത്രികോണ മത്സരം നടന്ന മാവേലിക്കര നഗരസഭയില്‍ എന്‍.ഡി.എ, യു.ഡി.എഫ്. മുന്നണികള്‍ ഒന്‍പത് വീതം സിറ്റുകള്‍ നേടിയപ്പോള്‍ എല്‍.ഡി.എഫ്. എട്ട് സീറ്റില്‍ വിജയിച്ചു. എല്‍.ഡി.എഫ്. സ്വതന്ത്രനായി മത്സരിച്ച സ്ഥാനാര്‍ഥി കൂടി വിജയിച്ചതോടെ എല്‍.ഡി.എഫിന്റെ അക്കൗണ്ടിലും ഒന്‍പത് സീറ്റായി.

2015-ല്‍ 28-ല്‍ 12 സീറ്റുകള്‍ നേടി സി.പി.ഐ.എം. ഭരണം പിടിച്ച നഗരസഭയില്‍ ബി.ജെ.പി. ഒന്‍പത് സീറ്റുകള്‍ നേടിയത് സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിറ്റാണ്ടുകള്‍ നഗരസഭ ഭരിച്ച യു.ഡി.എഫ്. 2015-ല്‍ ആറ് സീറ്റിലൊതുങ്ങിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mavelikkara Muncipality Rebel G Sudhakaran Kerala Results