വര്‍ഷം 1938, വിയന്നയിലെ പ്രാറ്റര്‍ സ്റ്റേഡിയമാണ് രംഗം. ഓസ്ട്രിയയും ജര്‍മ്മനിയും തമ്മില്‍ ഫുട്‌ബോള്‍ മത്സരം നടക്കുകയാണ്. ആതിഥേയരായ ഓസ്ട്രിയന്‍ കാണികള്‍ നിശബ്ദരാണ്. അവര്‍ക്കറിയാം തങ്ങളുടെ ടീം ഒരു ഗോളു പോലും അടിക്കില്ലെന്ന്. മത്സരം സമനിലയിലാക്കണം എന്ന് നാസി ഓഫീസര്‍മാരുടെ കര്‍ശന നിര്‍ദ്ദേശമുണ്ട്. അവരുടെ മുന്നില്‍ ജര്‍മ്മനിക്കെതിരെ ഗോളടിക്കാന്‍ സാധിക്കുമായിരുന്നില്ല ഓസ്ട്രിയക്ക്. നാളെയത് തങ്ങളെ തേടി വരുന്ന ഗെസറ്റപ്പോകള്‍ക്ക് ഒരു പുതിയ കാരണം സമ്മാനിച്ചേക്കും.
ആഴ്ചകള്‍ മുമ്പാണ് നാസി ജര്‍മ്മനി ആസ്ട്രിയയെ ആക്രമിച്ച് കീഴടിക്കിയത്. സംഭവിക്കാന്‍ പോകുന്നത് ഗോള്‍ രഹിത സമനിലയാണെന്ന് സ്റ്റേഡിയത്തിലെത്തിയ ഓരോരുത്തര്‍ക്കും അറിയാമായിരുന്നു.. എന്നിട്ടും അവര്‍ ഗാലറിയിലെത്തിയത് അവരുടെ പേപ്പര്‍മാനെ കാണാനായിരുന്നു. ഓസ്ട്രിയയൂടെ ഇതിഹാസ താരം മത്തിയാസ് സിന്‍ഡലര്‍ എന്ന പേപ്പര്‍മാന്റെ കളി കാണാന്‍.
ജര്‍മ്മനിക്കും നാസികള്‍ക്കും കാല്‍പ്പന്ത് ഒരു പ്രൊപ്പഗണ്ടാ മാധ്യമമായിരുന്നു. തങ്ങളുടെ കരുത്ത് ലോകത്തിന് മുമ്പില്‍ കാണിക്കാനുള്ള ഒരു ഉപകരണം. എന്നാല്‍ ശരാശരി നിലവാരം മാത്രമുണ്ടായിരുന്ന ജര്‍മ്മന്‍ ടീമിന് അന്ന് ഈ ലക്ഷ്യം എളുപ്പമായിരുന്നില്ല.
ക്രൂരമായിരുന്നു ജര്‍മ്മനി ഇതിനായി സ്വീകരിച്ച വഴികള്‍, അതിലൊന്നായിരുന്നു സിന്‍ഡലറുടെ ഓസ്ട്രിയന്‍ ടീമിനെ തങ്ങളോട് ചേര്‍ത്ത് വെയ്ക്കുന്നത്. ഓസ്ട്രിയ കീഴടക്കിയ ജര്‍മ്മനി എല്ലാ ജൂത ബന്ധമുള്ള സ്‌പോര്‍ട്ട്‌സ് ക്ലബ്ബുകളും നിരോധിച്ചു. ജൂതന്മാരായ കളിക്കാരെ കളിക്കുന്നതില്‍ നിന്നും വിലക്കി. പല കളിക്കാരും വിദേശങ്ങളിലേക്ക് രക്ഷപ്പെട്ടു. ഓസ്ട്രിയയെ തങ്ങളോട് ചേര്‍ക്കുംമുമ്പുള്ള അവസാന ഫുട്ബോള്‍ മത്സരമാണിത്.
കളി തുടങ്ങി. സിന്‍ഡലറുടെ കാലുകളില്‍ പന്തെത്തുമ്പോഴെല്ലാം ഓസ്ട്രിയന്‍ ജനത ആര്‍ത്തുവിളിച്ചു. സിന്‍ഡലര്‍ ഓരോ ജര്‍മന്‍ ഡിഫന്‍ഡറേയും കടന്ന് പന്തുമായി ഗോള്‍പോസ്റ്റിലേക്ക് കുതിച്ചു. എന്നിട്ട് പന്തും ഗോള്‍വലയും സിന്‍ഡലറുടെ പാദങ്ങളും നേര്‍രേഖയില്‍ വന്നപ്പോഴെല്ലാം അയാള്‍ പന്ത് പുറത്തേക്ക് തട്ടിയിട്ടു. ഓരോ നിസ്സാര അവസരങ്ങളും സിന്‍ഡലര്‍ പോസ്റ്റിന് പുറത്തേക്ക് തട്ടുമ്പോള്‍ കാണികള്‍ ആരവം മുഴക്കി.
സ്‌കോര്‍ ബോര്‍ഡ് നിറഞ്ഞില്ലെങ്കിലും കാണികളുടെ കണ്ണുകള്‍ നിറഞ്ഞു, അയാള്‍ അടിച്ചതൊക്കെയും ഗോളായി. 70 മിനുട്ടുകള്‍ ഹിറ്റ്‌ലര്‍ ഉള്‍പ്പെടെയുള്ള എല്ലാ നാസി ഓഫീസര്‍മാരേയും നാണംകെടുത്തി കൊണ്ട് സിന്‍ഡ്‌ലര്‍ ഇത് തുടര്‍ന്നു.
ഒടുവില്‍ 70 ആം മിനുട്ടില്‍ ഗാലറിയില്‍ ഉണ്ടായിരുന്ന അറുപതിനായിരത്തോളം കാണികളെ അത്ഭുദപ്പെടുത്തിക്കൊണ്ട് സിന്‍ഡലര്‍ ഗോളടിച്ചു. മിനുട്ടുകള്‍ മാത്രം പിന്നിട്ടപ്പോള്‍ സഹകളിക്കാരന്‍ സെസ്റ്റ തൊടുത്ത ഫ്രീക്കിക്ക് വീണ്ടും ജര്‍മ്മന്‍ വലയം ഭേദിച്ചു. സ്‌കോര്‍ 2-0. ജര്‍മന്‍ സേനയ്ക്ക് മുന്നില്‍ സിന്‍ഡലറും സെസ്റ്റയും നൃത്തം ചവിട്ടി. അത് ഒരു ജനതയുടെ ആഘോഷമായിരുന്നു.
ഓസ്ട്രിയയുടെ അവസാന ഫുട്‌ബോള്‍ മത്സരമായിരുന്നു അത്. യുദ്ധത്തില്‍ പിടിച്ചെടുത്ത ഓസ്ട്രിയയെ ജര്‍മ്മനി തങ്ങളോട് ചേര്‍ത്തു. ജൂത ബന്ധമുള്ള ക്ലബ്ബുകളെല്ലാം വിലക്കി. സിന്‍ഡലര്‍ എന്ന പ്രതിഭാധനനായ ഫുട്‌ബോളറുടേ കരിയര്‍ അവിടെ അവസാനിക്കുകയായിരുന്നു. ജര്‍മ്മനിക്ക് വേണ്ടി കളിക്കാന്‍ അയാള്‍ വിസമ്മതിച്ചു. കാലുകളില്‍ നിന്ന് ബൂട്ടുകളഴിച്ചു.
എന്നാല്‍ അവിടം കൊണ്ടും അവസാനിക്കുന്നതായിരുന്നില്ല് നാസി പക. ഹിറ്റ്‌ലറേയും നാസി ഓഫീസര്‍മാരേയും അറുപതിനായിരം കാണികള്‍ക്ക് മുമ്പില്‍ നാണം കെടുത്തിയ സിന്‍ഡലര്‍ എന്ന ഫുട്‌ബോളര്‍ ഒരു വര്‍ഷത്തിന് ശേഷം കൊല്ലപ്പെട്ടു. ഒരു കഫേയില്‍ തന്റെ കാമുകിയോടൊപ്പം നഗ്‌നനായി ചേതനയറ്റ് കിടക്കുന്നതാണ് ലോകം പിന്നീട് കണ്ടത്.
ഇന്നും മരണ കാരണം ഒരു ദുരൂഹതയായി നിലനില്‍ക്കുമ്പോഴും അതന്വേഷിച്ച് അധികമാരും പോയില്ല. ജൂതവംശജനായ, നാസികളെ തന്റെ പ്രതിഭ കൊണ്ട് ലജ്ജിപ്പിച്ച ഒരാളുടെ മരണത്തിന്റെ കാരണം തേടി എവിടെ പോവാനാണ്.?
രാഷ്ട്രീയത്തിന് അതീതമായിരുന്നില്ല ഒരു കാലത്തും ഫുട്‌ബോള്‍. അത് ഓരോ ജനതയുടേയും അടയാളപ്പെടുത്തലാണ്. തങ്ങളുടെ മഞ്ഞ നിറമുള്ള കുപ്പായം പോലും നിഷേധിക്കപ്പെട്ട് 1958ല്‍ സ്വീഡനെതിരെ ഫൈനലില്‍ ബ്രസീല്‍ ജയിക്കുമ്പോള്‍ അത് യൂറോപ്യന്‍ ആധിപത്യത്തിനുള്ള മറുപടിയായിരുന്നു. കുരങ്ങെന്നും, അപരിഷ്‌കൃതരെന്നും വിളിച്ച് കളിയാക്കിയിരുന്ന, ഇന്നും ഡാനി ആല്‍വസിന് മുന്നിലേക്ക് പഴം എറിയുന്ന യൂറോപ്യന്‍ പരിഹാസത്തിന് ബ്രസീല്‍ നല്‍കിയ മറുപടിയായിരുന്നു.
കാറ്റലോണിയയുടെ സ്വാതന്ത്ര്യത്തിന് ബാഴ്‌സലോണ ജഴ്‌സിയുടെ നിറം മാറ്റി ഇറങ്ങുന്നത്, ആ രാഷ്ട്രീയം അവര്‍ സംസാരിക്കുന്നത് കാല്‍ പന്തിലൂടെയാണ്. സ്‌പെയിന്‍ തലസ്ഥാനമായ മാഡ്രിഡിനെ അവരുടെ ചിരവൈരികളാക്കുന്നത് ഈ രാഷ്ട്രീയമാണ്. അപരവല്ക്കരിക്കപ്പെടുന്നവര്‍ ഗോളുകള്‍ കൊണ്ട് തീര്‍ക്കാന്‍ ശ്രമിക്കുന്ന അടയാളപ്പെടുത്തലുകളാണ് ഓരോ ഫുട്‌ബോള്‍ മത്സരവും.