മരണകാരണമായത് കെറ്റാമൈനിന്റെ അമിതോപയോഗം; മാത്യു പെറിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
World Cinema
മരണകാരണമായത് കെറ്റാമൈനിന്റെ അമിതോപയോഗം; മാത്യു പെറിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 16th December 2023, 9:27 am

ലോകപ്രശസ്തമായ ഫ്രണ്ട്‌സ് സീരീസ് താരം മാത്യു പെറിയുടെ മരണകാരണമായത് അബദ്ധത്തിലുള്ള കെറ്റാമൈനിന്റെ അമിതോപയോഗമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ഉപയോഗിക്കുന്നവര്‍ക്ക് ഹാലുസിനേഷന്‍ ഇഫക്ട് കൊടുക്കുന്ന ലഹരിമരുന്നാണ് കെറ്റാമൈന്‍. അനസ്തെറ്റിക്കായി ഡോക്ടര്‍മാര്‍ ഇത് ഉപയോഗിക്കാറുണ്ട്. വിഷാദരോഗത്തിനും വേദനസംഹാരിയായും കെറ്റാമൈന്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.

ദിവസവും കെറ്റാമൈന്‍ ഉപയോഗിച്ചതിനെ പറ്റി മാത്യു പെറി എഴുതിയിരുന്നു. കെറ്റാമൈനിന്റെ ഉപയോഗം തന്റെ വേദനയെ കുറച്ചിരുന്നുവെന്നും വിഷാദാവസ്ഥയില്‍ സഹായകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കെറ്റാമൈനിന്റെ ഉപയോഗം വലിയ ആനന്ദം നല്‍കിയിരുന്നുവെന്നും എന്നാല്‍ അതിന്റെ പരിണിതഫലം പരുക്കനായിരുന്നുവെന്നും അദ്ദേഹം എഴുതിയിരുന്നു.

വര്‍ഷങ്ങളോളം പെറി മദ്യത്തിനും വേദനസംഹാരികള്‍ക്കും അടിമയായിരുന്നെന്നും നിരവധി തവണ റിഹാബിലിറ്റേഷന്‍ ക്ലിനിക്കുകള്‍ സന്ദര്‍ശിച്ചിരുന്നെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ മരണത്തിന് പിന്നാലെ പുറത്ത് വന്നിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 29നാണ് മാത്യു പെറിയെ ലോസാഞ്ചലസിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ബാത്ത് ടബില്‍ മാത്യു പെറിയെ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. പെറിയുടെ സഹായിയാണ് പൊലീസില്‍ വിവരം അറിയിച്ചത്.

എന്‍.ബി.സിയുടെ ഫ്രണ്ട്‌സ് സീരിസിലെ ചാന്‍ഡ്‌ലര്‍ ബിങ് എന്ന കഥാപാത്രത്തിലൂടെയാണ് മാത്യു പെറി പ്രശസ്തനാകുന്നത്. 1994 മുതല്‍ 2004 വരെയുള്ള കാലത്ത് ഫ്രണ്ട്‌സിന്റെ 10 സീസണുകളാണു പുറത്തുവന്നത്. ഫ്രണ്ട്‌സിന് പുറമേ ഫൂള്‍സ് റഷ് ഇന്‍, ദി വോള്‍ നയണ്‍ യാര്‍ഡ്സ് തുടങ്ങിയ സിനിമകളിലും മാത്യു പെറി അഭിനയിച്ചിട്ടുണ്ട്.

Content Highlight: Matthew Perry’s cause of death was an accidental ketamine overdose, autopsy report says