വിക്കറ്റിനൊപ്പം ഇതിഹാസവും ദേ കിടക്കുന്നു താഴെ; ബംഗ്ലാദേശിന്റെ നെടുംതൂണ്‍ തകര്‍ത്ത അണ്‍പ്ലേയബിള്‍ ഡെലിവെറി; വീഡിയോ
icc world cup
വിക്കറ്റിനൊപ്പം ഇതിഹാസവും ദേ കിടക്കുന്നു താഴെ; ബംഗ്ലാദേശിന്റെ നെടുംതൂണ്‍ തകര്‍ത്ത അണ്‍പ്ലേയബിള്‍ ഡെലിവെറി; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 13th October 2023, 9:43 pm

ഐ.സി.സി ലോകകപ്പില്‍ ന്യൂസിലാന്‍ഡ് തങ്ങളുടെ മൂന്നാം മത്സരം കളിക്കുകയാണ്. ചെന്നൈ ചിദംബംരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍. തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ കിവികള്‍ ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാ കടുവകള്‍ക്ക് തുടക്കത്തിലേ പിഴച്ചിരുന്നു. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ ലിട്ടണ്‍ ദാസിനെ പുറത്താക്കി ന്യൂസിലാന്‍ഡ് ഏര്‍ളി അഡ്വാന്റേജ് നേടിയിരുന്നു. സൂപ്പര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടാണ് ദാസിനെ പുറത്താക്കിയത്.

സ്‌കോര്‍ബോര്‍ഡില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും നജ്മുല്‍ ഹൊസൈന്‍ ഷാന്റോ അടക്കമുള്ള നാല് മുന്‍നിര വിക്കറ്റുകള്‍ വീണിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസനും സൂപ്പര്‍ താരം മുഷ്ഫിഖര്‍ റഹീമും ചേര്‍ന്ന് സ്‌കോര്‍ കെട്ടിപ്പൊക്കുകയായിരുന്നു.

ടീം സ്‌കോര്‍ 56ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് 152ല്‍ നില്‍ക്കവെയാണ് പിരിയുന്നത്. ഇരുവരും ചേര്‍ന്ന് നേടിയ 96 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ബംഗ്ലാദേശിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 51 പന്തില്‍ 40 റണ്‍സ് നേടിയ ഷാകിബ് അല്‍ ഹസന്റെ വിക്കറ്റ് നേടി ലോക്കി ഫെര്‍ഗൂസനാണ് കൂട്ടുകെട്ട് പൊളിച്ചത്.

ടീം ടോട്ടല്‍ 175ലെത്തിയപ്പോള്‍ അര്‍ധ സെഞ്ച്വറി നേടിയ മുഷ്ഫിഖര്‍ റഹീമും പുറത്തായി. സ്റ്റാര്‍ പേസര്‍ മാറ്റ് ഹെന്റിയാണ് വിക്കറ്റ് നേടിയത്. കിവി പേസറുടെ പന്തില്‍ മുഷ്ഫിഖര്‍ ക്ലീന്‍ ബൗള്‍ഡാകുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഗുഡ് ലെങ്തില്‍ പിച്ച് ചെയ്ത പന്ത് താഴ്ന്നിറങ്ങിയതോടെ മുഷ്ഫിഖറിന് പ്രതിരോധിക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു. ഷോട്ട് കളിക്കാന്‍ ശ്രമിച്ച മുഷ്ഫിഖറും താഴെ വീണിരുന്നു. പേസ് ബൗളിങ്ങിന്റെ സൗന്ദര്യം വിളിച്ചോതുന്ന ഡെലിവെറിയായിരുന്നു ന്യൂസിലാന്‍ഡ് താരം 36ാം ഓവറിലെ അഞ്ചാം പന്തില്‍ തൊടുത്തുവിട്ടത്.

ഷാകിബിനും മുഷ്ഫിഖറിനും പുറമെ മഹ്മദുള്ളയാണ് ബംഗ്ലാ നിരയില്‍ ചെറുത്ത് നിന്നത്. 49 പന്തില്‍ 41 റണ്‍സാണ് താരം നേടിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് റണ്‍സിന് 245 റണ്‍സ് നേടി.

ന്യൂസിലാന്‍ഡിനായി ലോക്കി ഫെര്‍ഗൂസന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ട്രെന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. മിച്ചല്‍ സാന്റ്‌നര്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 40 ഓവറില്‍ 221 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. 13 പന്തില്‍ ഒമ്പത് റണ്‍സ് നേടിയ രചിന്‍ രവീന്ദ്രയും 107 പന്തില്‍ 78 റണ്‍സ് നേടി നില്‍ക്കവെ റിട്ടയര്‍ ഹര്‍ട്ടായി മടങ്ങിയ കെയ്ന്‍ വില്യംസണിന്റെ വിക്കറ്റുമാണ് കിവീസിന് നഷ്ടമായത്.

58 പന്തില്‍ 73 റണ്‍സുമായി ഡാരില്‍ മിച്ചലും മൂന്ന് പന്തില്‍ ആറ് റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സുമാണ് ക്രീസില്‍.

 

Content highlight: Matt Henry dismissed Mushfiqur Rahim