പാരീസ്: ഫ്രഞ്ച് സര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ കുടിയേറ്റ നിയമത്തിനെതിരെ ഫ്രാന്‍സില്‍ വ്യാപക പ്രതിഷേധം. പാര്‍ലമെന്റിലെ തീവ്ര വലതുപക്ഷ എം.പിമാര്‍ അംഗീകാരം നല്‍കിയ നിയമത്തിനെതിരെ തലസ്ഥാന നഗരമായ പാരീസിലെ ക്ലിച്ചി സ്‌ക്വയറിലേക്ക് ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
400ലധികം അസോസിയേഷനുകള്‍, യൂണിയനുകള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തിലാണ് തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിയുടെ പിന്തുണയോടെ പാസാക്കിയ കുടിയേറ്റ നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. ‘വര്‍ണവിവേചനം, കൊളോണിയലിസം, ഫാസിസം എന്നിവയില്‍ കെട്ടിപ്പടുത്ത ഒരു സമൂഹം ഞങ്ങള്‍ക്ക് വേണ്ട, എന്നെഴുതിയ പോസ്റ്ററുകളുമായാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയത്.
ഫ്രഞ്ച് സര്‍ക്കാര്‍ തീവ്ര വലതുപക്ഷ പദ്ധതികള്‍ രാജ്യത്ത് നടപ്പിലാക്കന്‍ ശ്രമിക്കുന്നുവെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഫ്രാന്‍സിലെ കുടിയേറ്റക്കാര്‍ക്ക് പുറമെ പ്രതിഷേധ മാര്‍ച്ചില്‍ ഇടതുപക്ഷ ഫ്രാന്‍സ് അണ്‍ബോഡ് പാര്‍ട്ടിയില്‍ നിന്നുള്ള എം.പിമാരായ മത്തില്‍ഡെ പനോട്ട്, കാര്‍ലോസ് മാര്‍ട്ടന്‍സ് ബിലോംഗോ, ഹാഡ്രിയന്‍ ക്ലൗറ്റ്, ഡാനിയേല്‍ ഒബോനോ തുടങ്ങിയ പ്രതിനിധികളും പങ്കെടുത്തിരുന്നു.
ഫ്രഞ്ച് സര്‍ക്കാര്‍ വലതുപക്ഷമല്ല തീവ്ര വലതുപക്ഷ സര്‍ക്കാരാണെന്ന് ഹാഡ്രിയന്‍ ക്ലൗറ്റ് വിമര്‍ശനം ഉയര്‍ത്തി. ജീന്‍ മേരി ലെ പെന്നിന്റെയും മറൈന്‍ ലെ പെന്നിന്റെയും പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും അത് ലജ്ജാകരമാണെന്നും ക്ലൗറ്റ് ചൂണ്ടിക്കാട്ടി. കുടിയേറ്റ നിയമം നിലവില്‍ വന്നാല്‍ ഫ്രഞ്ച് പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഒരേ സാമൂഹിക അവകാശങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നും വിദേശികള്‍ അസാധാരണമായ നിയമനടപടികള്‍ക്ക് വിധേയരാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസംബര്‍ 19ന് പാര്‍ലമെന്റ് അംഗീകരിച്ച കുടിയേറ്റ നിയമം രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്ക് നല്‍കുന്ന വാടക സഹായവും കുടുംബ ആനുകൂല്യങ്ങളും അവരുടെ തൊഴിലുമായി ബന്ധിപ്പിക്കുന്നു. എന്നാല്‍ വിദേശികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളില്‍ ഇത് കുറവുണ്ടാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.
പുതിയ നിയമം രാജ്യത്ത് നിലവിലുള്ള വിദേശികളോട് കാണിക്കുന്ന വിവേചനമാണെന്നും സര്‍ക്കാരിന്റെ നടപടിയെ വംശീയ നയമായി കരുതപ്പെടുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കി.
Content Highlight: Mass protests against immigration law in France