കോഴിക്കോട്: രാജ്യത്ത് അംബേദ്കര്‍-മാര്‍ക്‌സിസ്റ്റ് ചിന്തകള്‍ ഒന്നിക്കേണ്ടതുണ്ടെന്ന് ദലിത് മുന്നേറ്റത്തിനായും ജാതിവ്യവസ്ഥക്കെതിരെയും ശക്തമായ നിലപാടുകളെടുത്ത ആകടിവിസ്റ്റ് പ്രൊഫ. കാഞ്ച ഐലയ്യ. അംബേദ്കറിസവും മാര്‍ക്‌സിസവും തമ്മില്‍ ഒരുപാട് സമാനതകളുണ്ടെന്നും അദ്ദേഹം മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
“അംബേദ്കറിസവും മാര്‍ക്‌സിസവും തമ്മില്‍ സമാനതകള്‍ ഒരുപാടുണ്ട്. അംബേദ്കര്‍ ജാതി ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോള്‍ മാര്‍ക്‌സ് ശ്രമിച്ചത് വര്‍ഗവ്യവസ്ഥ ഇല്ലാതാക്കാനാണ്. ജാതി എല്ലാവരുടേയും രക്തത്തിലാണെങ്കില്‍ വര്‍ഗം ശരീരത്തിനു പുറത്താണ്”, ഐലയ്യ പറഞ്ഞു. “അംബേദ്കറും മാര്‍ക്‌സും ഒരു പ്ലാറ്റ്‌ഫോമില്‍ വരേണ്ടവരാണ്. തെലങ്കാനയില്‍ ഇടതു പക്ഷത്തോടൊപ്പം ചേര്‍ന്ന് ഞങ്ങളിത് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാഞ്ച ഐലയ്യ തെലങ്കാന മാസ് (ടി. മാസ്) എന്ന പാര്‍ട്ടിയുടെ ഒരു മുഖ്യസ്ഥാനം വഹിക്കുന്നുണ്ട്. ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് (ബി.എല്‍.എഫ്) എന്ന പേരില്‍ ഇവര്‍ തെലങ്കാനയില്‍ ഒരു ഫുലെ-അംബേദ്കര്‍-മാര്‍ക്‌സ് സഖ്യം രൂപീകരിച്ചിരുന്നു. “ടി. മാസ്-ലാല്‍-നീല്‍ യൂണിറ്റി സിന്ദാബാദ്” എന്നാണ് ഇവരുടെ മുദ്രാവാക്യം. സമ്മേളനത്തോടനുബന്ധിച്ച് തെലങ്കാനയില്‍ ഫുലെ, അംബേദ്കര്‍, കാള്‍ മാര്‍ക്‌സ് കട്ടൗട്ടുകള്‍ നിറഞ്ഞിരുന്നു എന്നും ഇതൊരു മാതൃകയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“മോദി അധികാരത്തിലെത്തിയതിനു ശേഷം ബി.ജെ.പി അംബേദ്കറിനെ അവരുടെയാളായി പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചെങ്കിലും അവരുടെ പ്രത്യയശാസ്ത്രങ്ങളിലൊന്നും അംബേദ്കറിന് ഒരു സ്ഥാനവുമില്ലെന്ന കാര്യം നമുക്ക് അറിയാം. കാരണം ബി.ജെ.പി.യിലെ ഉന്നതജാതീയര്‍ ഒരിക്കലും സാമൂഹികനീതി സ്ഥാപിക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ്. അവരുടെ ആത്മീയ ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഹിന്ദുയിസം അസമത്വ മൂല്യങ്ങളിലധിഷ്ഠിതമാണ്.”
Also Read: മോദീ…നിങ്ങളുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലം: ശത്രുഘ്‌നന്‍ സിന്‍ഹ
“അംബേദ്കറിനെ ഒരര്‍ഥത്തില്‍ ബി.ജെ.പി.യും മറ്റൊരര്‍ഥത്തില്‍ കോണ്‍ഗ്രസും കൂട്ടുപിടിക്കുന്നുണ്ടെങ്കിലും മാര്‍ക്‌സിസവുമായി സംയോജിപ്പിച്ചുള്ള അംബേദ്കറിസത്തിന്റെ ഉദ്ഗ്രഥനത്തിന്റെ ശക്തിയും ഫലപ്രാപ്തിയും വേറിട്ടതാണ്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും ദളിത് മുന്നേറ്റവും ഒന്നിക്കുന്നത് ഒരു വലിയ പ്രഭാവംതന്നെ സൃഷ്ടിക്കും”, കാഞ്ച ഐലയ്യ അഭിപ്രായപ്പെട്ടു.