തിരുവനന്തപുരത്ത്: തിരുവനന്തപുരത്ത് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ വഞ്ചിയൂര്‍ സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗത്തെ സസ്‌പെന്‍ഡ് ചെയ്തു. വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗം ടി. രവീന്ദ്രന്‍ നായരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. 2008ല്‍ കൊല്ലപ്പെട്ട വിഷ്ണു രക്തസാക്ഷി ഫണ്ട് വെട്ടിച്ചുവെന്ന ആരോപണത്തിലാണ് നടപടി. കഴിഞ്ഞയാഴ്ച ചേര്‍ന്ന വഞ്ചിയൂര്‍ ഏരിയ കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.
2008ലായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ വിഷ്ണു കൊല്ലപ്പെടുന്നത്. തുടര്‍ന്ന് വിഷ്ണുവിന്റെ കുടുംബത്തിനെ സഹായിക്കാനും കേസ് നടത്തിപ്പിനുമായി പാര്‍ട്ടി ഫണ്ട് പിരിച്ചിരുന്നു. വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗമായ ടി. രവീന്ദ്രന്‍ നായര്‍ ആയിരുന്നു അന്ന് പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറി. ഇയാളുടെ അക്കൗണ്ടിലായിരുന്നു പണം ശേഖരിച്ചിരുന്നത്. ഇതില്‍ 11 ലക്ഷം രൂപ വിഷ്ണുവിന്റെ കുടുംബത്തിന് കൈമാറിയിരുന്നു. ബാക്കി പണം നിയമസഹായ ഫണ്ടെന്ന രീതിയില്‍ സൂക്ഷിക്കുകയായിരുന്നു. എന്നാല്‍ ഇതില്‍ അഞ്ച് ലക്ഷം രൂപ രവീന്ദ്രന്‍ നായര്‍ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്ന് ലോക്കല്‍ കമ്മിറ്റി കണ്ടെത്തി. തുടര്‍ന്ന് ഏരിയ കമ്മിറ്റിയില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞയാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ ജില്ലാ സെക്രട്ടറി വി. ജോയിയാണ് രവീന്ദ്രനെതിരെ നടപടിക്ക് തീരുമാനം എടുത്തത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.