Entertainment
അൻവർ റഷീദിന് വേണ്ടി എഴുതിയ തിരക്കഥ, എന്നിൽ നിന്ന് മമ്മൂക്ക അങ്ങനെയൊരു കഥ പ്രതീക്ഷിച്ചില്ലായിരുന്നു: മാർട്ടിൻ പ്രക്കാട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 13, 12:35 pm
Thursday, 13th February 2025, 6:05 pm

ബെസ്റ്റ് ആക്ടർ എന്ന ആദ്യ സിനിമയിലൂടെ തന്നെ കഴിവ് തെളിയിച്ച സംവിധായകനാണ് മാർട്ടിൻ പ്രക്കാട്ട്. മമ്മൂട്ടി നായകനായ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറിയിരുന്നു. എ.ബി.സി.ഡി, ചാർലി, നായാട്ട് എന്നീ സിനിമകളെല്ലാം വലിയ ശ്രദ്ധ നേടിയ മാർട്ടിൻ പ്രക്കാട്ട് സിനിമകളായിരുന്നു.

സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് മാർട്ടിൻ പ്രക്കാട്ട്. ഫോട്ടോഗ്രാഫിയിലൂടെയാണ് താൻ കരിയർ തുടങ്ങുന്നതെന്നും വല്യേട്ടന്റെ ചിത്രീകരണത്തിനിടയിലാണ് മമ്മൂട്ടിയെ ആദ്യമായി കാണുന്നതെന്നും മാർട്ടിൻ പറയുന്നു.

പിന്നീട് മമ്മൂട്ടിയുമായി നല്ല അടുപ്പമായെന്നും ഒരിക്കൽ ബെസ്റ്റ് ആക്ടറിന്റെ കഥ താൻ പറഞ്ഞെന്നും അദ്ദേഹം പറയുന്നു. എന്നാൽ തന്നിൽ നിന്ന് അങ്ങനെയൊരു കഥ അദ്ദേഹം പ്രതീക്ഷിച്ചില്ലെന്നും അൻവർ റഷീദിന് വേണ്ടിയാണ് ആ കഥ എഴുതിയതെന്നും മാർട്ടിൻ പ്രക്കാട്ട് കൂട്ടിച്ചേർത്തു.

‘സ്‌കൂളിൽ നാടകമായിരുന്നു അന്നത്തെ ഹരം. പ്രീഡിഗ്രി പഠനകാലത്ത് സുഹൃത്തായ സനൽ സംവിധാനം ചെയ്യാനിറങ്ങിയപ്പോഴാണ് ആക്ഷൻ, കട്ട്, എന്നീ സിനിമയുടെ സാങ്കേതിക വാക്കുകൾ പോലും കേൾക്കുന്നത്. ഡിഗ്രി കഴിഞ്ഞ് ഉഴപ്പി നടക്കുമ്പോഴാണ് ഫോട്ടോഗ്രാഫിയിൽ കമ്പംകയറിയത്. കല്യാണ ഫോട്ടോഗ്രാഫിയിലൂടെയായിരുന്നു തുടക്കം.

ആ രംഗത്തുനിന്ന് ആരും വിളിക്കാതായപ്പോൾ കൂട്ടുകാരെ മോഡലാക്കി ഫാഷൻ ഫോട്ടോഗ്രാഫി പരീക്ഷിച്ചു. അങ്ങനെയിരിക്കെയാണ് ഒരു വനിതാ മാഗസിനിൽ ഫോട്ടോഗ്രാഫറായി ജോലികിട്ടിയത്. തമിഴ് താരം മീനയെ ഫാഷൻ ഷൂട്ട് ചെയ്‌തുകൊണ്ടാണ് തുടങ്ങിയത്. ഷൂട്ടിൽ പല ഭ്രാന്തമായ പരീക്ഷണങ്ങളും ഞാൻ നടത്തിയിരുന്നു.

വല്യേട്ടന്റെ ചിത്രീകരണത്തിനിടയിലാണ് മമ്മൂക്കയുടെ ഫോട്ടോ ഞാൻ ആദ്യമായി എടുത്തത്. ക്രോണിക് ബാച്ചിലറുടെ സമയത്ത് ഒരു ഫോട്ടോ ഷൂട്ട് ചെയ്‌തു. പിന്നീട് ബന്ധം വളർന്നു. അതിനെ വാക്കുകൊണ്ട് നിർവചിക്കാൻ കഴിയില്ല. എൻ്റെ മകന് ഹരിശ്രീ കുറിച്ചത്. അങ്ങനെയിരിക്കെയാണ് എന്റെ സിനിമാ മോഹം മമ്മൂക്കയോട് പറഞ്ഞത്.

നല്ല കഥ കൊണ്ടു വന്നാൽ ഡേറ്റ്തരാമെന്ന് അദ്ദേഹം ഉറപ്പും തന്നു. അങ്ങനെയാണ് ബെസ്റ്റ് ആക്ടറിന്റെ കഥ ഞാൻ പറഞ്ഞത്. എന്നിൽ നിന്ന് അത്തരമൊരു കഥ അദ്ദേഹം ഒട്ടും പ്രതീക്ഷിച്ചില്ല. കഥ ഇഷ്ടമായി. അൻവർ റഷീദിന് വേണ്ടിയായിരുന്നു ആ തിരക്കഥ എഴുതിയത്. പിന്നീട് അവന്റെ നിർബന്ധത്താൽ ഞാൻ സംവിധാനം ചെയ്യുകയായിരുന്നു,’മാർട്ടിൻ പ്രക്കാട്ട് പറയുന്നു.

 

Content Highlight: Martin Prakatt About His First Movie And Anwar Rsheedh