ബെസ്റ്റ് ആക്ടർ എന്ന ആദ്യ സിനിമയിലൂടെ തന്നെ കഴിവ് തെളിയിച്ച സംവിധായകനാണ് മാർട്ടിൻ പ്രക്കാട്ട്. മമ്മൂട്ടി നായകനായ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറിയിരുന്നു. എ.ബി.സി.ഡി, ചാർലി, നായാട്ട് എന്നീ സിനിമകളെല്ലാം വലിയ ശ്രദ്ധ നേടിയ മാർട്ടിൻ പ്രക്കാട്ട് സിനിമകളായിരുന്നു.
ഫോട്ടോഗ്രാഫിയിലൂടെയാണ് താൻ കരിയർ തുടങ്ങുന്നതെന്നും വല്യേട്ടന്റെ ചിത്രീകരണത്തിനിടയിലാണ് മമ്മൂട്ടിയെ ആദ്യമായി കാണുന്നതെന്നും മാർട്ടിൻ പറയുന്നു. ബെസ്റ്റ് ആക്ടറിന് ശേഷം മമ്മൂട്ടിയെ വെച്ച് തന്നെയാണ് താൻ സിനിമ പ്ലാൻ ചെയ്തതെന്നും എന്നാൽ ദുൽഖറിനെ നായകനാക്കി സിനിമ ചെയ്യാൻ പറഞ്ഞത് മമ്മൂട്ടിയാണെന്നും മാർട്ടിൻ പ്രക്കാട്ട് പറയുന്നു. താനൊരു കടുത്ത മോഹൻലാൽ ഫാനാണെന്നും എന്നാൽ അദ്ദേഹത്തെ വെച്ചൊരു സിനിമ ചെയ്യാൻ കോൺഫിഡൻസ് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വല്യേട്ടന്റെ ചിത്രീകരണത്തിനിടയിലാണ് മമ്മൂക്കയുടെ ഫോട്ടോ ഞാൻ ആദ്യമായി എടുത്തത്. ക്രോണിക് ബാച്ചിലറുടെ സമയത്ത് ഒരു ഫോട്ടോ ഷൂട്ട് ചെയ്‌തു. പിന്നീട് ബന്ധം വളർന്നു. അതിനെ വാക്കുകൊണ്ട് നിർവചിക്കാൻ കഴിയില്ല. അങ്ങനെയിരിക്കെയാണ് എന്റെ സിനിമാ മോഹം മമ്മൂക്കയോട് പറഞ്ഞത്.
നല്ല കഥ കൊണ്ടു വന്നാൽ ഡേറ്റ്തരാമെന്ന് അദ്ദേഹം ഉറപ്പും തന്നു. അങ്ങനെയാണ് ബെസ്റ്റ് ആക്ടറിന്റെ കഥ ഞാൻ പറഞ്ഞത്. എന്നിൽ നിന്ന് അത്തരമൊരു കഥ അദ്ദേഹം ഒട്ടും പ്രതീക്ഷിച്ചില്ല. കഥ ഇഷ്ടമായി. അൻവർ റഷീദിന് വേണ്ടിയായിരുന്നു ആ തിരക്കഥ എഴുതിയത്. പിന്നീട് അവന്റെ നിർബന്ധത്താൽ ഞാൻ സംവിധാനം ചെയ്യുകയായിരുന്നു,’മാർട്ടിൻ പ്രക്കാട്ട് പറയുന്നു.
ബെസ്റ്റ് ആക്ടറിനു ശേഷം ഒരു മമ്മൂട്ടി പടമാണ് ഞാൻ പ്ലാൻ ചെയ്‌തത്. മമ്മുക്കയാണ് ദുൽഖറിനെ നായകനാക്കി ഒരു ചിത്രം ചെയ്യാൻ എന്നോട് പറഞ്ഞത്. മമ്മുക്ക അറിയാതെ ഒന്നുമില്ല. മോഹൻലാലിൻ്റെ കടുത്ത ആരാധകനാണ് ഞാൻ. ആ കാര്യം മമ്മൂക്കയ്ക്കും നന്നായി അറിയാം. ബെസ്റ്റ് ആക്ടറിനുശേഷം മോഹൻലാൽ ചിത്രം ഞാൻ പ്ലാൻ ചെയ്‌തിരുന്നു. പക്ഷേ, എന്തൊക്കെയോ കാരണങ്ങളാൽ അതൊന്നും നടന്നില്ല. ഇപ്പോൾ ആ താരത്തെ നായകനാക്കി ഒരു ചിത്രം ചെയ്യാനുള്ള കോൺഫിഡെൻസ് എനിക്കില്ല,’മാർട്ടിൻ പ്രക്കാട്ട് പറയുന്നു.’
Content Highlight: Martin Prakatt About His Career And Mohanlal